തുറന്ന ചർച്ചകൾക്ക് വേദിയൊരുക്കി കരിയം യൂണിറ്റ്

കരിയം യൂണിറ്റിന്റെ പ്രതിമാസ കൂടിയിരുപ്പ് യോഗത്തിൽ നിന്ന്
പ്രതിമാസ കൂടിയിരുപ്പ് പ്രകൃതിസൗഹൃദ വീട്ടിലായതുകൊണ്ട് ഈ പ്രാവശ്യത്തെ ചർച്ച ചെലവുകുറഞ്ഞ, പരിസ്ഥിതിക്കിണങ്ങുന്ന വീടുകളെക്കുറിച്ച് തന്നെയായിക്കോട്ടെയെന്ന് അംഗങ്ങൾ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരിയം യൂണിറ്റിലെ പ്രതിമാസ കൂടിയിരുപ്പിൽ സവിശേഷമായ ചർച്ചകളാണ് സംവാദവിഷയമാകുന്നത്. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു കാര്യവും അവിടെ ചർച്ചയാകില്ല. അപ്പപ്പോൾ അംഗങ്ങൾ ഉന്നയിക്കുന്ന കാര്യത്തിൽ ചർച്ചകളും അഭിപ്രായങ്ങളും ഉയർന്നുവരികയാണ് പതിവ്. പ്രതിമാസകൂടിയിരുപ്പിന്റെ രണ്ടാമത്തെ യോഗം ചേർന്നത് ആശംസ് രവിയുടെയും അക്ഷയ് രവിയുടെയും അഞ്ജു റോയിയുടെയും വീടിലായിരുന്നു. ഇവരെല്ലാം പരിഷത്തിൽ പുതിയ അംഗങ്ങളുമാണ്. ഇവരുടെ കനാൻ എന്ന വീട് ഹഡ്‌കോയുടെ ദേശീയ അവാർഡ് നേടിയ പ്രകൃതി സൗഹൃദവീടാണ്.
വീടിന്റെ നിർമാണരീതിയും അകത്തളങ്ങളും മറ്റു പ്രത്യേകതകളും അംഗങ്ങൾ ചോദിച്ചറിഞ്ഞു. പരസ്പരമുള്ള പരിചയപ്പെടലിനുശേഷം ചെലവുകുറഞ്ഞ, പ്രകൃതിസൗഹൃദ വീടുകളുടെ പ്രചാരകനായിരുന്ന ലാറി ബക്കറോടൊപ്പം പ്രവർത്തിച്ച യൂണിറ്റ് അംഗം പത്മകുമാർ പ്രകൃതി വിഭവങ്ങളുടെ ധൂർത്ത് കുറ്റകരവും മറ്റുള്ളവരോടുള്ള അനാദരവും ആകുന്നതിന്റെ യുക്തി വിശദീകരിച്ചു. വീടു നിർമ്മാണം മലയാളികളിൽ പലരും സമൂഹത്തിനിടയിലെ വമ്പത്തരം കാണിക്കുന്നതിനും അനുകരണഭ്രമം കാട്ടുന്നതിനും ശ്രമിക്കുന്നുണ്ടെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. പണത്തിന്റെ ധൂർത്ത് ഹൃഹനിർമാണത്തിൽ ധാരാളമായിട്ടുണ്ടെന്നും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. ഗൃഹനിർമ്മാണത്തിന്റെ കാര്യത്തിൽ സർക്കാർ തലത്തിൽ ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
പരിഷത്ത് കേന്ദ്രനിർവ്വാഹക സമിതി അംഗവും പരിസ്ഥിതി വിഷയസമിതി ചെയർമാനുമായ ഡോ. കെ.വി. തോമസ്, മേഖലാ പ്രസിഡന്റ് പി.ബാബു, യൂണിറ്റ് പ്രസിഡന്റ് എ.ആർ. ബാബു, ഫ്രാൻസിസ് സേവ്യർ, അബ്ദുൾ സത്താർ, ഡോ. അജയകുമാർ, ബീനാലത, പി.ജെ.രാജൻ, ആശംസ് രവി, ഷാജികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് യൂണിറ്റ് സെക്രട്ടറി കൃഷ്ണടീച്ചർ ഫിൻലന്റ് വിദ്യാഭ്യാസ മാതൃക എന്ന പുസ്തകം ചുരുക്കി അവതരിപ്പിച്ചു. ഇതിൻമേലുള്ള ചർച്ച അടുത്ത കൂടിയിരിപ്പിൽ തുടരാൻ തീരുമാനിച്ചാണ് ഈ പ്രാവശ്യത്തെ യോഗം പിരിഞ്ഞത്.