യൂനിറ്റ് വാര്‍ഷികങ്ങളിലേക്ക്

0

ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ തുടര്‍ച്ചയായി യൂനിറ്റ് വാര്‍ഷികങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരും നേതൃത്വപരമായ പങ്കു വഹിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

സുഹൃത്തേ,
ഇക്കൊല്ലത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബഹുജന സമ്പര്‍ക്ക പരിപാടിയായ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം ശ്രദ്ധേയമായ രീതിയില്‍ തന്നെ സംഘടിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളിലുള്ള ശാസ്ത്രക്ലാസുകള്‍, പ്രഭാഷണങ്ങൾ, പോസ്റ്റർ പ്രദര്‍ശനം, ഗൃഹസന്ദര്‍ശനങ്ങള്‍, ശാസ്ത്ര പുസ്തക പ്രചാരണം, ലഘുലേഖാ പ്രചാരണം, ബാലോത്സവം, യുവോത്സവം, ജൻഡർ ചർച്ച, പരിഷത്ത് പാട്ടുകളുടെ അവതരണം, വീട്ടുമുറ്റ നാടകങ്ങളുടെ അവതരണം, ഡിജിറ്റൽ കലാജാഥ അവതരണം തുടങ്ങി വൈവിധ്യമേറിയ പരിപാടികളോടെ ഈ കാമ്പയിനിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്യുന്നു.
നമ്മുടെ നാട് നേരിട്ടുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന്റെ അപകടങ്ങളെ ചെറുക്കുന്നതും ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും ഉൾക്കൊള്ളുന്നതും അന്ധ വിശ്വാസങ്ങളിൽ നിന്നു മോചിതമായതും സാമൂഹികനീതി, ലിംഗതുല്യത, ജനാധിപത്യം, മതേതരത്വം, മാനവികത, സുസ്ഥിര വികസനം തുടങ്ങിയ മൂല്യങ്ങൾ പുലരുന്നതുമായ ഒരു സമൂഹത്തെയാണ് നാം ലക്ഷ്യം വയ്ക്കുന്നത്.
ജീവിതരീതികളെയും പൊതുമനോഭാവങ്ങളെയും സ്വാധീനിക്കുന്ന, പൊതുബോധത്തെ നിർണയിക്കുന്ന നിരവധി ഘടകങ്ങൾ സമൂഹത്തിലുണ്ട്. അവയെ തിരിച്ചറിഞ്ഞ് വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ നാം ആഗ്രഹിക്കുന്ന തരത്തിലുള്ള പൊതുബോധവും ജീവിതരീതകളും ശീലങ്ങളുമൊക്കെ സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള ഇടപെടലുകളാണ് നടക്കേണ്ടത്. കേവലം പ്രചാരണങ്ങള്‍ക്കുമപ്പുറം പ്രാദേശികമായി ജനങ്ങളുടെ ജീവിതരീതിയിലും സംസ്കാരത്തിലും നേരിട്ടിടപെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടെങ്കിലേ അതിനു കഴിയൂ.
അതിനുള്ള ഒരു തുടക്കം എന്ന നിലയിലാണ് ഇതര സാമൂഹ്യ- സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടേയും സംഘടനകളുടേയുമെല്ലാം സഹകരണത്തോടെ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം സംഘടിപ്പിക്കാന്‍ നാം തീരുമാനിച്ചത്. ഈ കോവിഡുകാലത്ത് സാധാരണ കലാജാഥ പോലെ വലിയ ആള്‍ക്കൂട്ടമുണ്ടാകുന്ന കാമ്പയിനുകള്‍ നടത്താന്‍ കഴിയില്ല. നടത്തുന്നത് ശരിയുമല്ല. പ്രാദേശികമായി 50- 60 കുടുംബങ്ങള്‍ അടങ്ങുന്ന കൂട്ടായ്മകളെ ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ കേന്ദ്രങ്ങളാക്കിയതിന്റെ പ്രസക്തി അവിടെയാണ്.
പ്രാദേശിക തലങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ജീവിതശൈലിയിലും പൊതുബോധത്തിലും ഇടപെടുന്ന പ്രവർത്തനങ്ങൾക്ക് തുടര്‍ച്ച അനിവാര്യമാണ്. യൂനിറ്റു വാര്‍ഷികത്തില്‍ അതാണ് നമുക്ക് ചര്‍ച്ച ചെയ്യാനുള്ളത്. ഇക്കൊല്ലം നാം ഏറ്റെടുത്ത യൂണിറ്റ് തലങ്ങളിലെ പരിഷത്ത് സംഘടനാ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം മേല്‍ സൂചിപ്പിച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനായി നാം എന്താണു ചെയ്യേണ്ടതെന്ന ചര്‍ച്ചയും പ്രധാനമാണ്.
പ്രാദേശിക വികസന പ്രക്രിയയെ കൂടുതൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിലും ലിംഗനീതിയും സാമൂഹികനീതിയും ഉള്‍ക്കൊള്ളുന്നതിനുമുള്ള ഇടപെടലുകളാണ് നടക്കേണ്ടത്.‍ ലിംഗ, ജാതി, മത, പ്രായ ഭേദങ്ങൾക്ക് അതീതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ സാംസ്‌കാരിക ഇടമായി നമ്മുടെ യൂണിറ്റുകൾക്ക് പ്രവർത്തിക്കാന്‍ ആവണം. അതിനുതകുന്ന വിധത്തില്‍ നമ്മുടെ യൂനിറ്റുകളെ ശക്തിപ്പെടുത്തുകയാവണം നമ്മുടെ ലക്ഷ്യം. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്നതിനും പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള അവസരമായി യൂണിറ്റ് വാര്‍ഷികങ്ങള്‍ മാറ്റേണ്ടതുണ്ട്.
അതെ, നാം അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനത്തിലേക്ക് കടക്കുകയാണ്. ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ തുടര്‍ച്ചയായി യൂനിറ്റ് വാര്‍ഷികങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ എല്ലാവരും നേതൃത്വപരമായ പങ്കു വഹിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *