കോവിഡ് പ്രതിരോധം: കോവിറ്റോ കാമ്പയിന്‍ ശക്തമാക്കുക

0

കോവിഡിന്റെ രണ്ടാം വരവ് ഉയർത്തുന്ന ഭീഷണികൾക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി വാര്‍ഷികങ്ങളെ കാണണം.

സുഹൃത്തേ,
നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കോവിഡ് ബാധിതരുടെ എണ്ണം ഓരോ ദിവസവും ആശങ്കാ ജനകമായ രീതിയില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിവ്യാപന ശേഷിയോടെയുള്ള കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിച്ചിരിക്കുന്ന അത്യസാധാരണമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ അനിവാര്യമാകുകയാണ്.
എന്നാല്‍ കോവിഡ് രോഗ നിയന്ത്രണത്തില്‍ അടിസ്ഥാന കാര്യങ്ങളായ ശരിയായ രീതിയില്‍ മാസ്ക് ധരിക്കൽ, മറ്റുള്ളവരില്‍ നിന്ന് ശാരീരികാകലം പാലിക്കല്‍, നിശ്ചിത ഇടവേളകളില്‍ സാനിറ്റൈസ് ചെയ്യല്‍ എന്നിവയില്‍ ബഹുഭൂരിപക്ഷവും അലസരാവുന്നതും ജാഗ്രതയില്ലാതെ പെരുമാറുന്നതുമാണ് നാം കാണുന്നത്. അതോടൊപ്പം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന വിധത്തില്‍ തെറ്റിദ്ധാരണാജനകവും അടിസ്ഥാനമില്ലാത്തതുമായ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും കാണുന്നു.
ഇവിടെ നമുക്ക് മാറി നില്‍ക്കാനാവില്ല. കഴിഞ്ഞ വര്‍ഷം നാം നടത്തിയ കോവിറ്റോ കാമ്പയിന്‍ മാതൃകയില്‍ കൂടുതല്‍ ശക്തമായി ഇടപെടേണ്ട അവസരമാണിത്. അതിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാന കാമ്പയിന്‍ സെല്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി ജില്ലാ മേഖലാ തലങ്ങളില്‍ ടാസ്ക്ക് ഫോഴ്സുകള്‍ പുനഃസംഘടിപ്പിച്ചു വരികയാണ്. ഈ കാമ്പയിന്റെ വിജയത്തിന് എല്ലാ പ്രവര്‍ത്തകരുടേയും ഘടകങ്ങളുടേയും സഹകരണം അത്യാവശ്യമാണ്.
ശരിയായ വസ്തുതകളും പൊതുവായ സംശയങ്ങള്‍ക്കുള്ള പ്രതികരണവും ഉള്‍‍പ്പെടുത്തി ലഘു വിഡിയോകളും കുറിപ്പുകളും പോസ്റ്ററുകളും മറ്റും തയ്യാറാക്കി വരികയാണ്. ലൂക്ക- സയന്‍സ് കേരള യൂട്യൂബ് ചാനലുകള്‍ വഴിയും കോവിറ്റോ ഗ്രൂപ്പിലൂടെയും നല്‍കുന്ന ഇവ സംഘടനാ ഗ്രൂപ്പുകളിലൂടെയും അതോടൊപ്പം ഓരോരുത്തരും അവരവരുടെ വ്യക്തിഗത സാമൂഹ്യമാധ്യമ ഇടപെടല്‍ വഴിയും വ്യാപകമായി പ്രചരിപ്പിക്കണം.
ഓരോ പോസ്റ്റിനെ സംബന്ധിച്ചോ അല്ലാതെയോ ജനങ്ങൾക്കുള്ള സംശയങ്ങളും പ്രതികരണങ്ങളും അറിയിക്കുന്നതിന് ഓരോ പോസ്റ്റിനോടൊപ്പവും വാട്സപ്പ് നമ്പറുകളുടെ ലിങ്ക് ചേർക്കുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന സംശയങ്ങള്‍ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കുന്ന ഫേസ്ബുക്ക് ലൈവ് എല്ലാ ദിവസവും രാത്രി 8 മണി മുതല്‍ 9 മണി വരെ നടത്തും.
കോവിഡ് രോഗ നിയന്ത്രണത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ പാലിക്കേണ്ടതിന്റെയും രോഗനിർണയ പരിശോധന നടത്തേണ്ടതിന്റേയും പ്രാധാന്യം കൂടുതൽ ബോധ്യപ്പെടുത്താനും ഇതിനെതിരെയുള്ള അലസതയും ജാഗ്രതയില്ലായ്മയും ഒഴിവാക്കുന്നതിനും വാക്സിൻ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് വണ്‍ ടു വണ്‍ കാമ്പയിന്‍‍‍ ആരംഭിക്കുന്നത്.
പരിഷത്ത് പ്രവർത്തകരായ ഓരോരുത്തരും അവരുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ബന്ധുക്കൾ, അയൽക്കാർ എന്നിവരില്‍ ഓരോ ദിവസവും ചുരുങ്ങിയത് അഞ്ച് പേരെ വീതം ഫോണിൽ ബന്ധപ്പെട്ട് കോവിഡ് വാക്സിൻ, കോവിഡ് ടെസ്റ്റുകൾ, കോവിഡ് പ്രതിരോധം എന്നിവ സംബന്ധിച്ച കാര്യങ്ങൾ അവരോട് സംസാരിക്കുകയും അതുവഴി അവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ‍ കാമ്പയിന്റെ‍ ലക്ഷ്യം. ഇങ്ങനെ നമ്മുടെ എല്ലാ പ്രവർത്തകരും ചെയ്യുന്നതോടെ പരമാവധി ജനങ്ങളിലേക്ക് സന്ദേശം കൃത്യമായി നമുക്ക് എത്തിക്കാൻ കഴിയും. ഇത് ഒരു ദിവസം മാത്രം നടത്തേണ്ടതല്ല; തുടരേണ്ട പ്രവർത്തനമാണ്.
അതോടൊപ്പം നമ്മുടെ വാര്‍ഷികങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നത് പ്രധാനവും അനിവാര്യവുമാണ്. സമ്മേളനങ്ങൾ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തികഞ്ഞ ജാഗ്രതയോടെ പ്രാദേശിക സാധ്യതയ്ക്കനുസരിച്ച് നടത്താൻ കൂടുതൽ ശ്രദ്ധയുണ്ടാകണം. യാതൊരു കാരണവശാലും കോവിഡ് വ്യാപനം വാർഷികം നീട്ടിവെക്കാനുള്ള കാരണമാവരുത്. കോവിഡിന്റെ രണ്ടാം വരവ് ഉയർത്തുന്ന ഭീഷണികൾക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി വാര്‍ഷികങ്ങളെ കാണണമെന്ന് അഭ്യര്‍ഥിക്കുന്നു.

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *