‘വൈദ്യശാസ്‌ത്രമഞ്ജരി’ പ്രകാശനം രോഗികളുടെ ഉത്കണ്ഠകളെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയണം. – ഡോ.എം.കെ.സി.നായർ
തൃശ്ശൂർ : രോഗികളുടെ ഉത്കണ്ഠകളെ തൊടാതെ തൊട്ടറിയാൻ ഡോക്ടർമാർക്ക് കഴിയേണ്ടതുണ്ടെന്ന് ആരോഗ്യസർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ.സി. നായർ അഭിപ്രായപ്പെട്ടു. രോഗികളോടുള്ള സമീപനം സൗഹാർദപരമാകണം. വൈദ്യശാസ്‌ത്ര വിഷയങ്ങളിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച 12 പുസ്തകങ്ങളുടെ സമാഹാരമായ ‘വൈദ്യശാസ്‌ത്രമഞ്ജരി’ ജൂലൈ 8ന് സാഹിത്യ അക്കാദമി ഹാളിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടർമാർക്ക് അറിവുണ്ടായത് കൊണ്ട് മാത്രമായില്ല; അത് രോഗികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ കഴിയണം. അവരുടെ തെറ്റായ ശീലങ്ങളെ മാറ്റാനുതകും വിധമു ള്ള ആശയവിനിമയശേഷി സ്വായത്തമാക്കണം.
ആശുപത്രിയിലെ അത്യാഹിതവിഭാഗം പോലെ തിരക്കേറിയതും മാനസിക പിരിമുറുക്കം ഏറെ ഉണ്ടാക്കുന്ന തുമായ ഇടങ്ങളിൽ സമചിത്തതയോടെയും സ്നേഹത്തോടെയും സന്തോഷത്തോടെയും രോഗികളോട് ഇടപഴകാൻ യുവ ഡോക്ടർമാർ ശീലിക്കണം. അത് അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാകും. മറ്റൊരാൾക്ക് നന്മ ചെയ്യുമ്പോൾ സന്തോഷം ലഭിക്കുന്ന വ്യക്തികളായി മാറാൻ നമുക്ക് കഴിയണം. ആർത്തി നിയന്ത്രിക്കാൻ ശീലിക്കണം. ഭൗതികനേട്ടങ്ങളിലുള്ള ആനന്ദം താൽക്കാലികമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പകർച്ചപ്പനി സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള അമിതമായ ഭീതി അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തക്കസമയത്ത് ശാസ്‌ത്രീയമായ ചികിത്സ തേടുകയാണ് വേണ്ടത്. ശാസ്‌ത്രമഞ്ജരി യുവഡോക്ടർമാരായ ബെബെറ്റോ തിമോത്തി, എസ്.ശ്രീലക്ഷ്മി എന്നിവർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ, മീരാഭായ്, കൺവീനർ പി.മുരളീധരൻ, ആരോഗ്യ സർവകലാശാല അക്കാദമിക് ഡീൻ ഡോ.വി.വി.ഉണ്ണികൃഷ്ണൻ, ഡോ.ടി.എൻ.അനൂപ്കുമാർ ഡോ.എം.സി.സാവിത്രി, ഡോ.കെ.ജി.വിശ്വനാഥൻ, ഡോ.പി.പ്രസാദ്, എന്നിവർ സംസാരിച്ചു.