ഇതാ ബഹിരാകാശ ഗവേഷണവിജ്ഞാന സാഗരം – പ്രൊഫ.എസ്.ശിവദാസ്

0
galaxy

മലയാളത്തിലെ ശാസ്ത്രസാഹിത്യശാഖ ഇന്നും വേണ്ടത്ര സമ്പന്നമല്ല. ബാലശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് മലയാളത്തില്‍ കൂടുതലുള്ളത്. എന്നാല്‍ ആ ശാഖയില്‍പോലും ഇന്നും പല വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുപോലുമില്ല. പോപ്പുലര്‍ സയന്‍സ് വിഭാഗത്തിലോ അനേക വിഷയങ്ങളില്‍ നല്ല ഗ്രന്ഥങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഒരു മേഖലയെ ആഴത്തിലും പരപ്പിലും പരിഗണിച്ച്, ഉള്‍ക്കാഴ്ചയോടെ, ആധികാരികതയോടെ, കൃത്യതയോടെ എഴുതപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളോ ഗ്രന്ഥങ്ങളോ മലയാളത്തില്‍ വളരെ വളരെ കുറവുമാണ്.

galaxy

ശ്രീമാന്‍ പി.എം.സിദ്ധാര്‍ത്ഥന്‍ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ‘ബഹിരാകാശ പര്യവേഷണം’ എന്ന ബൃഹദ് ഗ്രന്ഥത്തെ ഈ പശ്ചാത്തലത്തില്‍ വേണം വിലയിരുത്തേണ്ടത്. ബഹിരാകാശ ഗവേഷണ വിജ്ഞാനസാഗരത്തെ മനോഹരമായി നാനൂറോളം പേജുകളില്‍ ഒതുക്കി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍. ബഹിരാകാശ പര്യവേഷണവുമായി അനേകകാലം തനിക്കുണ്ടായിരുന്ന നേരിട്ടുള്ള അറിവും ഏറെക്കാലത്തെ പഠനവും മനനവും എല്ലാംകൂടി സമന്വയിപ്പിച്ച് അദ്ദേഹം അങ്ങനെയൊരു ഗ്രന്ഥം എഴുതിയപ്പോള്‍ അത് ആധികാരികവും മനോഹരവുമായി. പാഠപുസ്തകങ്ങള്‍ക്ക് സാധാരണയായിട്ടുള്ള വിരസത ഒഴിവാക്കി സരസമായി, അതേസമയം ശാസ്ത്രീയമായ കാര്യങ്ങളുടെ കൃത്യത ഒട്ടും ചോര്‍ന്നുപോകാതെ ഗ്രന്ഥരചന നിര്‍വഹിച്ചിരിക്കുന്നു.

 

cover-final

ഇങ്ങനെയൊരു ഗ്രന്ഥം രചിക്കാന്‍ ദീര്‍ഘകാലത്തെ പരിശ്രമം അത്യാവശ്യമാണ്. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഗ്രന്ഥകാരന് നല്‍കിയ സീനിയര്‍ ഫെല്ലോഷിപ്പ് ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. അനേകം ചിത്രങ്ങള്‍ ചേര്‍ത്ത് ആകര്‍ഷകമായ കെട്ടിലും മട്ടിലും ഈ ഗ്രന്ഥം അച്ചടിച്ചിറക്കാന്‍ നല്ല പ്രയത്‌നം ആവശ്യമായിട്ടുണ്ട്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിദ്ധീകരണവിഭാഗം ആ പ്രയത്‌നം മാതൃകാപരമായി നടത്തി വിജയിപ്പിച്ചിരിക്കുന്നു. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറ്റവും പ്രയോജനകരമായ ഈ ആധികാരിക റഫറന്‍സ് ഗ്രന്ഥത്തിന്റെ പിറവിയില്‍ പങ്കാളികളായ സിദ്ധാര്‍ത്ഥനെയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെയും അഭിനന്ദിക്കാതെവയ്യ. നല്ല ഈ റഫറന്‍സ് ഗ്രന്ഥം എല്ലാ ഗ്രന്ഥശാലകളിലും ഉണ്ടായിരിക്കാന്‍ ഗ്രന്ഥശാലാപ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌കൂള്‍ ലൈബ്രറികളില്‍ ഈ ഗ്രന്ഥം എത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ഗ്രന്ഥങ്ങള്‍ കൂടുതലുണ്ടാകാന്‍ ഭാഷാസ്‌നേഹികള്‍ പരിശ്രമിക്കേണ്ടതുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *