ശാസ്ത്ര വിരുദ്ധ വിദ്യാഭ്യാസം രാജ്യത്തെ തകർക്കും

0

കെട്ടുകഥകളെ ശാസ്ത്ര-ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങൾ പൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നു.

13/08/2023

പത്തനംതിട്ട: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര വസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും വെട്ടിമാറ്റിയ നടപടികളിൽ   ജില്ലാതല കൺവൻഷൻ പ്രതിഷേധിച്ചു. തിരുവല്ല ഡയറ്റ് ഹാളിൽ നടന്ന കൺവൻഷൻ ‘എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്നും ശാസ്ത്ര ബോധവും ചരിത്ര ബോധവും വെട്ടിമാറ്റുമ്പോൾ ‘ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ കൺവീനർ ഡോ.ടി.പി കലാധരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹക സമിതി അംഗം ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു. ‘ദേശിയ വിദ്യാഭ്യാസ നയത്തിൻ്റെ ആഗോള രാഷ്ട്രീയം’ എന്ന വിഷയം കോഴഞ്ചേരി സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് അവതരിപ്പിച്ചു.

പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വർഗിയ വൽക്കരണത്തിന് കേന്ദ്ര സർക്കാർ തിടുക്കം കൂട്ടുകയാണ്. കെട്ടുകഥകളെ ശാസ്ത്ര-ചരിത്ര സത്യങ്ങളായി അവതരിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങൾ പൂട്ടാനുള്ള ശ്രമങ്ങൾ നടക്കുന്നു. രാജ്യത്തെ തകർക്കുന്ന അപകടകരമായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ എത്രയും പെട്ടെന്ന് പിന്തിരിയണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.

കൺവൻഷനിൽ ‘ശാസ്ത്രഗതി’ മാസികയുടെ പ്രത്യേക പതിപ്പ് തിരുവല്ലാ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് അഡ്വ.ഫ്രാൻസിസ് വി ആൻ്റണി പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് അഡ്വ.സുധീഷ് വെൺപാല മാസിക ഏറ്റുവാങ്ങി.

കൺവൻഷൻ്റെ ഭാഗമായി നടന്ന ശില്പശാലയിൽ ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ.അജിത് ആർ പിള്ള അധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ കാമ്പയിൻ സംബന്ധിച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി കെ.രമേശ് ചന്ദൻ,അക്കാദമിക ഉള്ളടക്കം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ എന്നിവർ വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പ്രൊഫ.കെ.എസ് ശ്രീകല, കെ.എസ്.ടി.എ ജില്ലാ അക്കാദമിക് കമ്മിറ്റി കൺവീനർ എ.കെ പ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് റെജി മലയാലപ്പുഴ, തിരുവല്ല എ.ഇ.ഒ മിനി കുമാരി വി.കെ, ഡയറ്റ് ഫാക്കൽറ്റി ഡോ. ഷീജ, മേഖലാ ഭാരവാഹികളായ മേഖലാ സെക്രട്ടറി ബെന്നി മാത്യു, പ്രസിഡൻ്റ് അജി തമ്പാൻ, ബാലസംഘം തിരുവല്ല മേഖലാ പ്രസിഡൻ്റ് കുമാരി അലീന അനിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
പരിഷത്ത് പുറത്തിറക്കിയ ‘നവകേരളവും പൊതു വിദ്യാഭ്യാസവും’ എന്ന പുസ്തകം സംസ്ഥാന നിർവാഹക സമിതി അംഗം ജി.സ്റ്റാലിൻ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed