സൂക്ഷ്മജീവികളുടെ ലോകത്തേയ്ക്ക് ആഴ്ന്നിറങ്ങി വിജ്ഞാനോത്സവ സാഗരത്തില്‍ ആറാടിയത് ഒന്നരലക്ഷം കുട്ടികള്‍

0

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ഇടപെടലായ 2016 ലെ പഞ്ചായത്ത് തല വിജ്ഞാനോത്സവം സമാപിച്ചു. 1.5 ലക്ഷം കുട്ടികളും പതിനായിരത്തിലേറെ അധ്യാപകരും ഇരുപതിനായിരത്തിലേറെ രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഒക്ടോബര്‍ 1ന് സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്.

ടീച്ചറേ, ഈ സൂക്ഷ്മജീവികള്‍
ശരിക്കും വില്ലന്മാര്‍ ആണല്ലേ?

vij_4

 

തിരുവനന്തപുരം: സൂക്ഷമജീവികളുടെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ മണക്കാട് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പ്രണവിന്റെ ചോദ്യം പെട്ടെന്നായിരുന്നു. വെറും കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ഇത്തരം സൂക്ഷ്മജീവികളാണ് സാധാരണയായി കണ്ടുവരുന്ന ജലദോഷവും പനിയും തൊട്ട് എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും വരെയുള്ള അതിമാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന അഞ്ജു ടീച്ചറിന്റെ വിശദീകരണം കേട്ടപ്പോഴാണ് പ്രണവിന് ചോദ്യം ചോദിക്കാന്‍ പ്രേരകമായത്. എന്നാല്‍ മനുഷ്യന്റെ രോഗനിവാരണത്തിനുള്ള ആന്റിബയോട്ടിക്കുകളുടെയും പാല് തൈരാകുന്നതിനെക്കുറിച്ചും ഇഡ്ഡലിമാവ് പുളിക്കുന്നതിനെക്കുറിച്ചുമെല്ലാം ടീച്ചര്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ സൂക്ഷ്മജീവികളോടുള്ള പ്രണവിന്റെ ദേഷ്യം മാറി. അമ്പലത്തറ ഗവ. യു.പി. സ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച യുറീക്ക-ശാസ്ത്രകേരളം പഞ്ചായത്ത് തലവിജ്ഞാനോത്സവമായിരുന്നു വേദി. തിരുവനന്തപുരം മേഖലയിലെ ഏഴുകേന്ദ്രങ്ങളില്‍ നടന്നു. വിവിധ സ്‌കൂളുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 2500-ഓളം കുട്ടികളാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തത്. ജീവശാസ്ത്രത്തിലെ ആധുനിക മേഖലകളെ പരിചയപ്പെടുത്തുകയും സൂക്ഷ്മജീവികളുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ചെയ്യുന്ന വിവിധ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവത്തിന്റെ പ്രധാന ഉള്ളടക്കം. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമപ്പുറം എണ്ണാവുന്നതിലധികം വിപുലമായ ഒരു ജീവലോകം കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന തരത്തിലായിരുന്നു ഉച്ചവരെയുള്ള പ്രവര്‍ത്തനങ്ങളിലധികവും. ഉച്ചയ്ക്കുശേഷം മൈക്രോബുകളും ലഘുഗണിതങ്ങളും ഉള്‍ക്കൊള്ളുന്ന പ്രശ്‌നോത്തരിയുമായിരുന്നു. അമ്പലത്തറ വാര്‍ഡ് കൗണ്‍സിലര്‍ ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിധരന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തില്‍ പരിഷത്ത് മുന്‍ പ്രസിഡണ്ട് ടി. രാധാമണി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. സി. ശശിധരന്‍, പി. ഗിരീശന്‍, പി. പ്രദീപ്, മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടണ്‍ഹില്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടി സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. ബാബു അമ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വിദ്യാമോഹന്‍, പി. വേണുഗോവിന്ദ് കുമാര്‍, കെ.ജി. ഉല്ലാസ്, ബി. രമേഷ്, ഗാഥ ആര്‍ എന്നിവര്‍ സംസാരിച്ചു. മണ്ണന്തല ഗവ. യു.പി. സ്‌കൂളില്‍ നടന്ന പരിപാടി ഹെഡ്മാസ്റ്റര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. സമ്മാനദാനം പരിഷത്ത് മേഖലാ പ്രസിഡന്റ് അഡ്വ. വി.കെ. നന്ദനന്‍ നിര്‍വഹിച്ചു. പേരൂര്‍ക്കടയില്‍ ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ പുഷ്പലത ഉദ്ഘാടനം ചെയ്തു. എ. ബാബു, ഡി.എസ്. പരമേശ്വരന്‍, വി. രാജന്‍, ആര്‍.എം. പിള്ള, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറുവയ്ക്കല്‍ യു.പി. സ്‌കൂളില്‍ നടന്ന പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ ആലത്തറ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ്‌കുമാര്‍, തുറുവിക്കല്‍ ഭാസ്‌കരന്‍, എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. പേട്ട സെന്റ് ആനീസ് ഹൈസ്‌കൂളില്‍ ആന്റോ ഡിക്‌സണ്‍ ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാലന്‍നായര്‍, ജി. കൃഷ്ണന്‍കുട്ടി, ഡി.പി. ഫെര്‍ണാണ്ടസ്, എസ്.എന്‍. രഞ്ജിത എന്നിവര്‍ സംസാരിച്ചു.

പീലിക്കോട് വിജഞാനോത്സവം

vij_pkd
ജില്ലാതല ഉദ്ഘാടനം പിലിക്കോട് ഗവ:യു .പി .സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ നിർവഹിക്കുന്നു.

പിലിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച്പഞ്ചായത്ത്‌ തല വിജ്ഞാനോത്സവങ്ങൾ സംഘടിപ്പിച്ചു. പ്രതിരോധ വാക്സിനേഷനെകുറിച്ചുള്ള ചൂടുപിടിച്ച സംവാദവും, സൂക്ഷ്മജീവികളുടെ വലിയ ലോകത്തക്കുറിച്ചുള്ള ചുമർപത്രികളും അറിവുത്സവത്തിന്റെ വിഭവങ്ങളായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ചവരാണ് പങ്കെടുത്തത്. കാസർഗോഡ് ജില്ലാതല ഉദഘാടനം പിലിക്കോട് ഗവ:യു .പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ശ്രീധരൻ മാസ്റ്റർ നിർവ്വഹിച്ചു. ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.പത്മിനി, കെ.അർജുനൻ ,കെ.ശോഭ, ഭരതൻ പിലിക്കോട്, കെ.രതീഷ് കുമാർ, സി.വി.ഗോവിന്ദൻ എസ്.മഹേഷ്, സി.എച്ച്.സന്തോഷ് എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ലാ പ്രസിഡണ്ട് പ്രദീപ് കൊടക്കാട് സമ്മാനദാനം നിർവ്വഹിച്ചു. വിവിധ പഞ്ചായത്തു കേന്ദ്രങ്ങളിൽ എം.രമേശൻ, കെ.കെ.രാഘവൻ, വി.ടി.കാർത്യായനി, പി.കുഞ്ഞിക്കണ്ണൻ, പി.മുരളീധരൻ, എ.എം.ബാലകൃഷ്ണൻ, കെ.പ്രേംരാജ്, വി.മധുസൂദനൻ ,പ്രൊ: എം.ഗോപാലൻ, പി.ബാബുരാജ്, എം.കെ.വിജയകുമാർ ‘കെ.ജയചന്ദ്രൻ ,ബിനേഷ്, കെ.രാധാകൃഷ്ണൻ ,കെ .ടി.സുകുമാരൻ, നേതൃത്വം നൽകി

പെരിന്തല്‍മണ്ണ വിജഞാനോത്സവം

പെരിന്തൽമണ്ണ : കേരള ശാസ്ത്രസാഹിത്യ പരിഷത്തും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവത്തിന്റെ രണ്ടാംഘട്ടം ഒൻപത് കേന്ദ്രങ്ങളിലായി നടന്നു. സൂക്ഷ്മജീവികൾ മുഖ്യപ്രമേയമായ പഞ്ചായത്ത് വിജ്ഞാനോത്സവങ്ങൾ പകർച്ചവ്യാധികൾ പടർത്തുന്ന വിവിധയിനം സൂക്ഷജീവികളെ മൈക്രോസ്കോപ്പിൻറെ സഹായത്തോടെ കാണുന്നതിനും, തിരിച്ചറിയുന്നതിനും, പഠനവിധേയമാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. വൈവിധ്യങ്ങൾനിറഞ്ഞ സൂക്ഷ്മജീവികളുടെ ലോകംകണ്ട് കുട്ടികൾ അത്ഭുതം പൂണ്ടു. ശാസ്ത്രപഠനത്തിൽ ലാബുകളുടെ പ്രാധാന്യവും ആവശ്യകതയും ഉറപ്പിക്കുന്നതുകൂടിയായി വിജ്ഞാനോത്സവം.
താലൂക്കതല ഉദ്ഘാടനം പുലാമന്തോൾ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പാലക്കാട് ഡയറ്റ് അധ്യാപ കൻ എം.പി.നാരായണനുണ്ണി നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. വേണുപാലൂർ, കെ.മുഹമ്മദലി, ടി.കെ.വിശ്വാനന്ദകുമാർ, വരുൺശശി എന്നിവർ സംസാരിച്ചു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ കൗൺസിലർ പി.ശോഭനടീച്ചർ ഉദ്ഘാടനം ചെയ്തു.പി.കെ.ജോർജ്കുട്ടി അധ്യക്ഷതവഹിച്ചു.
കൊളത്തൂരിൽ പി.രാജമോഹനനും, ഏലംകുളത്ത് പി.രാജഗോപാലും, പുഴക്കാട്ടിരി ഇ.ഫസലുദ്ദീനും, മക്കരപ്പറമ്പ് കെ.സുന്ദരനും, വെട്ടത്തുരിൽ കെ.അബ്ദുൾകരീമും മേലാറ്റൂരിൽ കെ.ടി.സുലൈഖയും അങ്ങാടിപ്പുറത്ത് സി.ആർ.എസ്.കുട്ടിയും ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾതലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കുട്ടികൾ ഒൻപത് കേന്ദ്രങ്ങളിലായി
പങ്കെടുത്തു. മേഖലാതല മത്സരം ഡിസംബറിൽ രണ്ടുദിവസങ്ങളിലായി നടക്കും.

പുല്‍പള്ളി വിജ്ഞാനോത്സവം

യുറീക്കാ വിജ്ഞാനോത്സവം സൂക്ഷ്മജീവി ക്ലിനിക്ക് ആവേശമായി

 

vij_pulpally
പുല്‍പള്ളി വിജ്ഞാനോത്സവത്തില്‍ സൂക്ഷമദര്‍ശിനി ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍

പുല്ലള്ളി : കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്കാ വിജ്ഞാനോത്സവത്തിൽ
സൂക്ഷ്മജീവി ക്ലിനിക്ക് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി. കെട്ടിക്കിടക്കുന്ന ജലത്തിലുള്ള സൂക്ഷ്മ ജീവികളെ കാണുന്നതിനുള്ള സൗകര്യം സൂക്ഷ്മജീവി ക്ലിനിക്കിൽ
ഒരുക്കി. വിജയ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് മൈക്രോസ്കോപ്പ്കളിലൂടെ അമീബ, പാരമീസിയം, ഫംഗസ്.ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മജീവികളെ കുട്ടികൾ നീരീക്ഷിച്ചത്. ഒരു ട്രില്യൺ ജീവജാലങ്ങൾ പ്രപഞ്ചത്തിലുണ്ടെന്നും അതിൽ ഒരു ലക്ഷം മാത്രമാണ് മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നുമുള്ള സത്യം സൂക്ഷ്മജീവി ക്ലാസിലൂടെ കുട്ടികൾ മനസ്സിലാക്കി. സൂക്ഷ്മജീവികളിൽ 5% മാത്രമാണ് നമുക്ക് ഉപദ്രവം ചെയ്യുന്നുള്ളൂ. മറ്റുള്ളവ ഉപകാരികളോ,നിരുപദ്രവകാരികളോ ആണ്. സ്മിറ്റ് അവതരണം,പേപ്പർ ബാഗ് നിർമ്മാണം, സൂക്ഷ്മ ഗണിതം തുടങ്ങി കൗതുകമാർന്നതും അറിവ് പകരുന്നതും ശേഷി വര്‍ധിപ്പിക്കുന്നതുമായ ഏതാനും പ്രവർത്തനങ്ങളാണ് എൽ.പി, യു.പി കുട്ടികൾക്കായി ഒരുക്കിയത്. പരിഷത്ത് ജല്ലാ കമ്മറ്റി അംഗം എൻ.സത്യാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.: വി.എസ്.ചാക്കോ സൂക്ഷ്മജീവികളുടെ ലോകം കുട്ടികളെ പരിചയപ്പെടുത്തി. പഴശ്ശിരാജ കോളേജ് മൈക്രോ ബയോളജി പ്രൊഫസർ അബൂൾബാരി, പി.സി.മാതൃ എം.എം.ടോമി,എ.സി.ഉണ്ണികൃഷ്ണന്‍, സി.ജി.ജയപ്രകാശ്, ഒ.കെ.പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *