യുവസമിതി സാമൂഹ്യ പാഠശാല

0

 

യുവസമിതിയുടെ ബൗ ദ്ധിക വികസനവും സാമൂഹ്യബോധവും വിപുലപ്പെടുത്തുക എന്ന ഉദ്ദേശത്തിലാരംഭിക്കുന്ന കേരള പഠന ക്യാമ്പുകളുടെ ഒന്നാം ഘട്ടം സാമൂഹ്യപാഠശാല നവംബർ 11,12,13 തിയതികളിലായി IRTC യിൽ വെച്ച് നടന്നു.
സമൂഹത്തില്‍ മാറ്റം കൊണ്ട് വരുന്നതില്‍ പുതിയഅറിവുകള്‍ സൃഷ്ടിക്കുന്നതിനും ഇത്തരം അറിവുകള്‍ പ്രചരിപ്പിക്കുന്നതിനും വളരെപ്രധാനമായ പങ്കുണ്ട്. ഇത്തരത്തില്‍ അറിവ്ആയുധമാക്കുന്ന ഒരു യുവനിര വളര്‍ന്നു വരേണ്ടത്‌ നാടിന്റെ ആവശ്യമാണ്. ഈ ഒരു ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് ഉന്നത പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (bachelors and masters) അന്‍പത് പേരാണ് പാഠശാലയിൽ പങ്കെടുത്തത്.
ആദ്യ ദിനമായ നവംബർ 11 നു വൈകുന്നേരം ബത്തക്ക(തണ്ണിമത്തന്‍) മുറിച്ചു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് പരിസ്ഥിതിയും മനുഷ്യനും എന്ന വിഷയത്തിൽ ഹർഷൻ ടി.പി സംസാരിച്ചു. പരിസ്ഥിതി പഠനത്തിലെയും ഇടപെടലിലെയും അടിസ്ഥാനം ശാസ്ത്രത്തിന്റെ രീതി പിന്തുടർന്നാവണം. പാരിസ്ഥിതിക പ്രശ്നങ്ങളെ സങ്കീർണമായ ജനജീവിതത്തിന്റെ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളുമായി ബന്ധി പ്പിച്ച് കാണണം. മുതലാളിത്തത്തിന്റെ അടിത്തറയും വളർച്ചയും എന്ന വിഷയത്തിൽ ഡോ.മിഥുൻ സിദ്ധാര്‍ഥന്‍ സംസാരിച്ചു. അധ്വാനത്തിന്റെ വളർച്ച, സാമ്പത്തിക ബന്ധങ്ങൾ, മിച്ചമൂല്യം, മുതലാളിത്ത വ്യവസ്ഥയുടെ വളർച്ച, അന്യവത്കരണം തുടങ്ങിയ അടിസ്ഥാന ധാരണകൾ വളരെ ലളിതമായാണ് അവതരിപ്പിച്ചത്. നവലിബറലിസം അർത്ഥവും വ്യാപ്തിയും എന്ന വിഷയത്തിൽ ദീപക് ജോൺസൺ അവതരണം നടത്തി. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവയിലൂടെ നവലിബറൽ നയങ്ങൾ പ്രാവർത്തികമായതിന്റെ ചരിത്രം വിശദീകരിച്ചു. നവ ലിബറൽ ഫെമിനിസത്തെക്കുറിച്ച് ആര്യ പ്രകാശ് അവതരണം നടത്തി. ഹിന്ദുത്വം ഫാസിസത്തിന്റെ ഇന്ത്യൻ വേരുകൾ എന്ന വിഷയത്തിൽ അദ്വൈത് പ്രഭാകർ, നവലിബറൽ കാലത്തെ ജാതി എന്ന വിഷയത്തിൽ ശ്രീജിത്ത് ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. ഓരോ ക്ലാസുകൾക്കു ശേഷവും ആ വിഷയത്തെ കുറിച്ചു വിശാലമായ ചർച്ചയും ഉണ്ടായിരുന്നു. രണ്ടാംദിവസം രാത്രി മെഹ്ഫില്‍ പാലക്കാടിന്റെ ഗസലിന് ഇ.കെ ജലീൽ നേതൃത്വം നൽകി. മൂന്നു ദിവസത്തെ ക്യാമ്പിന്റെ അക്കാദമിക് കോർഡിനേറ്റർ യദു സി.ആർ ആയിരുന്നു. ആദില കബീർ, ശ്രേയസ് വത്സൻ, വിഷ്ണു വേണു, ജയ് ശ്രീകുമാർ എന്നിവര്‍ സംഘാടന നേതൃത്വം നൽകി. അവതരണങ്ങൾ കേരള പഠന ക്യാമ്പ് യു ടൂബ് ചാനലില്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published. Required fields are marked *