ഷാർജാ അന്താരാഷ്ട്ര പുസ്‌തകോത്സവം

0

ഭൂമിയിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജാ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാഗമായി. ഷാർജാ എക്സ്പോ സെന്ററിൽ ഒക്ടോബർ 31 മുതൽ നവംബർ 10 വരെ നടന്ന 37-ാo ഷാർജാ അന്താരാഷ്ട്ര പുസ്തകോൽസവം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജാ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ ഇത് തുടർച്ചയായി നാലാംതവണയാണു പരിഷത്ത് പുസ്തക സ്റ്റാൾ ഒരുക്കുന്നത്. യു എ ഇ യിലുള്ള ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരാണു ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഒക്ടോബർ 31 നു ബഹുമാനപ്പെട്ട മന്ത്രി ശ്രീ കെ ടി ജലീൽ പരിഷത്ത് പവലിയൻ ഉദ്ഘാടനം ചെയ്തു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ ഏതാണ്ട് 28 ലക്ഷം പേർ സന്ദർശിച്ചു എന്നാണു സംഘാടകർ അറിയിച്ചിട്ടുള്ളത്. ഇവരിൽ മുപ്പത്ശതമാനത്തോളം പ്രവാസികളായ മലയാളികളാണ്. 77 രാജ്യങ്ങളിൽ നിന്നായി 1874 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുത്തു. മറ്റ് പ്രസാധകരിൽ നിന്ന് വ്യത്യസ്തമായി പാരിഷത്തിക രീതിയിൽ പുസ്തകങ്ങളെ സന്ദർശകർക്ക് പരിചയപ്പെടുത്തുകയും ആശയം സംവദിക്കുകയും ചെയ്തുകൊണ്ട് നടത്തുന്ന പുസ്തകപ്രചരണ രീതി പുസ്തക പ്രേമികൾക്ക് വേറിട്ട അനുഭവമായി. പരിഷത്തിന്റെ എല്ലാ പുസ്തകങ്ങൾക്കും പുറമേ നാഷണൽ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങളും സ്റ്റാളിൽ ഉൾപ്പെടുത്തിയിരുന്നു. പരിഷത്ത് ആനുകാലികങ്ങൾക്ക് നാട്ടിലേക്ക് വരിസംഖ്യ അടയ്ക്കുന്നതിനുള്ള സംവിധാനവും സ്റ്റാളിൽ ഒരുക്കിയിരുന്നു. ഇരുന്നൂറിൽപ്പരം വരിക്കാരെ കണ്ടെത്താൻ കഴിഞ്ഞു.
പരിഷത്ത് സ്റ്റാളിൽ വിവിധ ദിവസങ്ങളിൽ മന്ത്രി ജി സുധാകരൻ, ബിനോയ് വിശ്വം എം പി, ഡോ. എം കെ മുനീർ എം എൽ എ, വി ടി ബലറാം എം എൽ എ, എം എ ബേബി, അബ്ദുൾ സമദ് സമദാനി, എഴുത്തുകാരായ യു എൻ എ ഖാദർ, അൻ‌വർ അലി, ദീപാ നിശാന്ത്, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, നടൻ ജോയ് മാത്യൂ, സംവിധായകൻ സോഹൻ റോയ് തുടങ്ങിയ പ്രമുഖർ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സുസ്ഥിരവികസനം സുരക്ഷിതകേരളം പരിപാടിയുടെ കാമ്പയിനിനും പരിഷത്ത് പവലിയൻ വേദിയായി.
മുൻ വർഷങ്ങളിലേതുപോലെ പരിഷത്ത് പുസ്തകങ്ങൾക്ക് വമ്പിച്ച സ്വീകാര്യതയായിരുന്നു പുസ്തകോത്സവത്തിൽ ലഭിച്ചത് . എന്തുകൊണ്ട്എന്തുകൊണ്ട് എന്തുകൊണ്ട്,ജ്യോതിഷവും ജ്യോതിശാസ്ത്രവും,കണക്കറിവ്, മനുഷ്യ ശരീരം, ഉയിര്‍നീര്‍ തുടങ്ങിയ ശാസ്ത്രപുസ്തകങ്ങളോടൊപ്പം വീണ്ടെടുപ്പുകള്‍, അറിവിന്റെ സാർവത്രികത, കുലസ്ത്രീയും ചന്തപ്പെണ്ണൂം തുടങ്ങിയ സാമൂഹിക ശാസ്ത്രപ്രധാനമായ പുസ്തകങ്ങൾക്കും ഇത്തവണ കൂടുതൽ ആവശ്യക്കാരുണ്ടായി എന്നത് കേരളീയ സമൂഹം മാറിവരുന്ന സാമൂഹിക മാറ്റങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നുണ്ട് എന്നതിന്റെ സൂചകമായി കണക്കാക്കാം. പരിഷത്ത് പ്രസിദ്ധീകര ണങ്ങളായ ഹോയ്ടി ടൊയ്ടി, ഓസിലെ മായാവി, ചങ്ങായിവീടുകള്‍, മാത്തന്‍ മണ്ണിരക്കേസ്സ്, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം തുടങ്ങിയ കുട്ടികളുടെ പ്രീയപ്പെട്ട പുസ്തകങ്ങൾക്കൊപ്പം നാഷണൽ ബുക് ട്രസ്ററ് പ്രസിദ്ധീകരിച്ച ടോട്ടോച്ചാനും ആവശ്യക്കാരേറെയുണ്ടായിരുന്നു. പരിഷത്ത് ഈ വർഷം പ്രസിദ്ധീകരിച്ച ‘നോട്ടു നിരോധനവും ജി എസ് ടി യും’ എന്ന പുസ്തകത്തിന്റെ മുഴുവൻ കോപ്പികളും നോട്ടുനിരോധന വാർഷിക ദിനമായ നവംബർ 8 ന് സ്റ്റാളിൽ വന്നവരെ അതിൻ്റെ ഉള്ളടക്കം ബോധ്യപ്പെടുത്തികൊണ്ടുതന്നെ നൽകുവാനായി. പുസ്തകോത്സവത്തിനും അതിനു ശേഷം നടന്ന ദ്വിദിന പരിഷത്ത് പ്രവർത്തക ക്യാംപിനുമായി നാട്ടിൽ നിന്നും യു എ ഇ യിലെത്തിയ കെ.കെ.കൃഷണകുമാർ എല്ലാ ദിവസങ്ങളിലും പുസ്തകോത്സവ വേദിയിൽ എത്തിയത് പ്രവർത്തകർക്ക് പുതിയ ഉണർവും ആവേശവും ആയി. മുൻ കാല പരിഷത്ത് പ്രവർത്തകരായ നിരവധി ആളുകൾ, കുട്ടിക്കാലത്ത് യുറീക്ക വായിച്ചിട്ടുള്ള, ഒരിക്കൽ എങ്കിലും യുറീക്ക പരീക്ഷയോ, വിജ്ഞാന പരീക്ഷയോ എഴുതിട്ടുള്ള നിരവധി പ്രവാസികൾ അവരുടെ പരിഷത്ത് ഓർമ്മകളും ബാലവേദി പ്രവർത്തനങ്ങളും ഓർത്തെടുക്കുവാനും പങ്കുവയ്ക്കാനുമുള്ള വേദി കൂടിയായി മാറി പരിഷത്ത് പവലിയൻ.

Leave a Reply

Your email address will not be published. Required fields are marked *