കാലടി വാർഡിൽ ഡെങ്കിപ്പനിക്കെതിരെ പരിഷത്ത് ബ്ളു ബ്രിഗേഡ്

0

kaladi-dengue

തിരുവനന്തപുരം : ഡെങ്കിപ്പനിക്കെതിരെ തിരുവനന്തപുരം നഗരസഭയിലെ കാലടി വാർഡിൽ ശാസ്‌ത്രസാഹിത്യപരിഷത്ത് കാലടി യൂണിറ്റ്, തിരുവനന്തപുരം നഗരസഭയുടേയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റേയും റസിഡന്റ്സ് അസോസിയേഷനുകളുടേയും സംയുക്ത സംരംഭമായി ഡെങ്കിപ്പനിക്കെതിരെ ഡ്രൈഡേ പ്രവർത്തനം നടത്തി. ഇവർക്ക് പുറമെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, യുവജന-സാംസ്കാരിക പ്രസ്ഥാനങ്ങൾ എന്നിവയും ചേർന്ന് രൂപീകരിച്ച ജനകീയാരോഗ്യ സമിതിയുടെ നേതൃത്വത്തിൽ വിടുകളിൽ സന്ദർശനം നടത്തി കൊതുകകൾ വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുന്നതിനും; ആഴ്‌ചയിൽ ഒരിക്കൽ ഇതിനായി വാർഡിലെ എല്ലാ വീടുകളിലും ഡ്രൈഡേ ആയി പ്രഖ്യാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചു. ഇതിനായി ശാസ്‌ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ കമ്മറ്റി തയ്യാറാക്കിയ ‘പ്രതിരോധം‘ ജനകീയാരോഗ്യപത്രിക വീടുകളിൽ നൽകി. പരിഷത്ത് മേഖലാ പ്രസിഡണ്ട് ടി.പി.സുധാകരന്റെ അദ്ധ്യക്ഷതയിൽ കാലടി ജംഗഷനിൽ നടന്ന ചടങ്ങിൽ ഡ്രൈഡേ ഗൃഹസന്ദർശന പരിപാടി വാർഡ് കൗൺസിലർ  മഞ്ജു ഉദ്ഘാടനം ചെയ്തു. ഐ എം എ മാസികയായ നമ്മുടെ ആരോഗ്യം മാസികാ ചീഫ് എഡിറ്റർ ഡോ. ടി സുരേഷ് ‘പ്രതിരോധം‘പത്രത്തിന്റെ പ്രകാശനം നിർവഹിച്ചു. ജനകീയാരോഗ്യസമിതി ചെയർമാൻ ശ്രീ. ബി കുമരേശൻ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ബാലകൃഷ്ണൻ നന്ദി പറഞ്ഞു. ഉദ്ഘാടനശേഷം റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, പരിഷദ് ബ്ളൂബ്രിഗേഡ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വാർഡിലെ ആരോഗ്യവിഭാഗം ജീവനക്കാർ, വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകർ എന്നിവർ 41 സ്ക്വാഡുകളായി തിരിഞ്ഞ് 1600 വീടുകൾ സന്ദർശിച്ചു. സന്ദർശനവേളയിൽ ആരാധ്യ. മേയർ വി കെ പ്രശാന്ത് കാലടിയിലെത്തുകയും സ്ക്വാഡിന്റെ കൂടെ രണ്ട് മണിക്കൂർനേരം ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകുകയും ചെയ്തു. നെടുങ്കാട് വാർഡ് കൗൺസിലർ ശ്രീമതി പുഷ്പലതയും ഗൃഹസന്ദർശനത്തിൽ പങ്കാളിയായി. ഗൃഹസന്ദർശന വേളയിൽ പനി ബാധിച്ചിട്ടുള്ള വീടുകൾ, വ്യക്തികൾ, ഡെങ്കിപ്പനി ബാധിച്ച വീടുകൾ, മുമ്പ് ഡെങ്കിപ്പനി ബാധിച്ച വ്യക്തികൾ, തൂടങ്ങിയവിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കുകയും ഇവ നഗരസഭാ ആരോഗ്യ മേധാവികൾക്ക് നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *