ട്രാൻസ്ജെന്ററും കേരള സമൂഹവും – ചര്‍ച്ച

0

കോട്ടയം : ജൂലൈ 19 – ന് കോട്ടയം പരിഷത്ത് ഭവനിൽ പരിഷത്ത് പഠനവേദിയുടെ ആഭിമുഖ്യത്തിൽ ട്രാൻസ്ജന്ററും കേരളസമൂഹവും എന്ന പേരിൽ ചർച്ച സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജില്ലാ ജഡ്ജിയുമായ എ.ഇജാസ് വിഷയമവതരിപ്പിച്ചുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു.
ചെറുപ്പത്തിലെ തന്നെ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുത്തപ്പെടുന്ന ട്രാന്‍സ്ജന്ററുകൾക്ക് പലർക്കും ശരിയായി വിദ്യാഭ്യാസം നേടാൻ കഴിയുന്നില്ല, തൊഴിൽ ലഭിക്കുന്നില്ല. ഇങ്ങനെ ജീവിതസാഹചര്യങ്ങൾ പ്രതികൂലമാകുന്ന അവസ്ഥയിൽ ഇവർക്ക് നാട് വിട്ട് വിദൂരസ്ഥലത്തേക്ക് പോകേണ്ട അവസ്ഥ വന്നിരുന്നു. ഇവരുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി ഇവർക്ക് ജീവിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്തു കൊടുക്കേണ്ടതാണ് എന്ന നിർദ്ദേശം ഉണ്ടായത് നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ശ്രമഫലമാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഇജാസ് പറഞ്ഞു. ഇതനുസരിച്ച് കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ ഒരു പ്രോജക്ട് തുടങ്ങി.
ട്രാന്‍സ്ജന്ററുകളോടുള്ള പൊതുജന സമീപനം മാറ്റാനായി അവയർനെസ്സ് ക്ലാസ്സുകൾ സംഘടിപ്പിക്കുക, തൊഴിൽ പരിശീലനം കൊടുക്കുക എന്നിവയാണ് ഈ പ്രോജക്റ്റ് ചെയ്യുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ അവര്‍ക്കായി പ്രത്യേക ചികിത്സായൂണിറ്റും ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അഭിരാമി, ലയ, ഗീതു, സജ്ജീവന എന്നിവർ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു. ട്രാന്‍സ്ജന്റര്‍ എന്നതിന് പകരം മനസ്സിനി എന്ന പേരിൽ അറിയപ്പെടാനാണ് ഇവർക്ക് താൽപര്യം. ആണും പെണ്ണും ‘ സമന്വയിച്ച് ഉണ്ടായ വരായതുകൊണ്ട് മറ്റുള്ളവരെക്കാൾ കഴിവുള്ളവർ ആണ് എന്ന് ഇവർ അഭിപ്രായപ്പെടുന്നു.
പരിഷത്ത് പഠനവേദി ചെയർമാൻ തങ്കപ്പൻ പറാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ജോൺ ജോസഫ് സ്വാഗതവും പരിഷത് ജില്ലാ സെക്രട്ടറി സനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *