ഉത്തര മേഖലാ ജന്റര്‍ ക്യാമ്പ് സമാപിച്ചു

0

കോഴിക്കോട് : സ്ത്രീ സൗഹൃദ പഞ്ചായത്ത് സാധ്യമാക്കുന്നതിനും ജന്റര്‍ റിസോഴ്‌സ് ഗ്രൂപ്പിന്റേയും ജന്റര്‍ റിസോഴ്‌സ് സെന്ററിന്റേയും പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനുവേണ്ടി ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉത്തര മേഖലാ ശില്പശാല ജൂലൈ 22, 23 തീയതികളില്‍ കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ നടന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജന്റര്‍ വിഷയസമിതി ചെയര്‍മാന്‍ ടി പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജന്റര്‍ വിഷയസമിതി സംസ്ഥാന കണ്‍വീനര്‍ പി.ഗോപകുമാര്‍ ക്യാമ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ആമുഖമായി വിശദീകരിച്ചു. കോഴിക്കോട് ജില്ലാ ജന്റര്‍ വിഷയസമിതി കണ്‍വീനര്‍ വി.കെ സുജാത സ്വാഗതം പറഞ്ഞു.
ജിആര്‍സിയും, ജിആര്‍ജിയും മാതൃകാപരമായി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച് ജില്ലകള്‍ തെരഞ്ഞെടുത്ത പുല്ലൂര്‍ പെരിയ (കാസര്‍ഗോഡ്), ചെങ്ങളായി, പെരളശ്ശേരി (കണ്ണൂര്‍), വൈത്തിരി (വയനാട്), കായണ്ണ, ചേളന്നൂര്‍ (കോഴിക്കോട്), തൃക്കലങ്ങോട്, താനാളൂര്‍ (മലപ്പുറം) എന്നീ പഞ്ചായത്തുകളില്‍ നിന്നുമുള്ള ജനപ്രതിനിധികള്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍, വര്‍ക്കിഗ് ഗ്രൂപ്പ് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ എന്നിവരോടൊപ്പം ജില്ലയിലെ ജന്റര്‍ വിഷയസമിതി അംഗങ്ങളുമാണ് ശില്പശാലയില്‍ പങ്കെടുത്തത്.
“അധികാര വികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം” ടി പി ദാമോദരന്‍, “ആസൂത്രണ മാര്‍ഗരേഖ നല്‍കുന്ന ഇടപെടല്‍ സാധ്യതകള്‍” പി വി വിനോദ്, “ജിആര്‍ജി സാധ്യതാ ഭൂപടം ചര്‍ച്ച” പി.ഗോപകുമാര്‍, “ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി” അഡ്വ. രാജശ്രീ, ” ജിആര്‍സി- ജിആര്‍ജി പ്രവര്‍ത്തനങ്ങള്‍, സംഘടന, സ്ഥാപനം, മാനേജ്മെന്റ്” സംസ്ഥാന പ്രസിഡന്റ് ടി ഗംഗാധരന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. തുല്യതാ സംഗമത്തിന്റെ മൊഡ്യൂള്‍ ട്രൈഔട്ട് ബി വേണു നടത്തി. പ്രാദേശിക തലത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും ക്യാമ്പ് അവലോകനവും നടത്തി വൈകീട്ട് 4 മണിയോടെ ശില്പശാല സമാപിച്ചു. അഞ്ച് ജില്ലകളില്‍ നിന്നുമായി 65 പേര്‍ ശില്പശാലയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *