കണ്ണൂര്‍ ജില്ലയിലെ നാനൂറ് വായനശാലകളില്‍ ശാസ്ത്ര വായനാമൂല

0

കണ്ണൂര്‍ ലൈബ്രറി കൗ ണ്‍സില്‍ ജില്ലയിലെ 400 ഗ്രന്ഥശാലകളില്‍ ശാസ്ത്ര വായനമൂല തുടങ്ങുന്നു. കുട്ടികളില്‍ ശാസ്ത്ര വായന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി നാല് ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പദ്ധതിക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ രൂപം നല്‍കി.
മൂന്നാം ലൈബ്രറി പഠന കോണ്‍ഗ്രസ് കണ്ണൂരില്‍ സംഘടിപ്പിച്ചപ്പോള്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പ്രധാനപ്പെട്ടത് കുട്ടികളില്‍ ശാസ്ത്രവായനക്ക് പ്രാധാന്യം നല്‍കണമെന്നതാണ്. കേരളത്തിലെ പുസ്തക പ്രസാധകരില്‍ ഓരോ വര്‍ഷവും ഇറങ്ങുന്ന പുസ്തകങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന ശാസ്ത്ര പുസ്തകങ്ങളും ശാസ്ത്ര ബാല മാസികളും 1 ശതമാനത്തില്‍ താഴെ മാത്രമാണെന്നാണ് പഠനം പറയുന്നത്. ഇത് പത്ത് ശതമാനമെങ്കലുമായി വര്‍ധിപ്പിക്കാനാണ് ലൈബ്രറി കൗണ്‍സില്‍ പ്രസാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. ഈ വര്‍ഷം വായനശാലകളിലേക്ക് പുസ്തകം തെരഞ്ഞെടുക്കുമ്പോള്‍ 30 ശതമാനം ബാല പുസ്തകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ശാസ്ത്രവായനമൂല പദ്ധതി നടപ്പാക്കുന്നത്. ശാസ്ത്രമാസികകളും പുസ്തകങ്ങളും വായിക്കാന്‍ പ്രത്യേകം ഇടം തയ്യാറാക്കും. രണ്ടാഴ്ച കൂടുമ്പോള്‍ കുട്ടികള്‍ വായനശാലയില്‍ ഒത്തു ചേര്‍ന്ന് കൂട്ടായ വായനയും ചര്‍ച്ചയും സംഘടിപ്പിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത്, സയന്‍സ് പാര്‍ക്ക്, ആകാശവാണി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ശാസ്ത്രവായനമൂലയില്‍ അംഗമാകുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ സയന്‍സ് പാര്‍ക്ക് സന്ദര്‍ശിക്കാനും സയന്‍സ് പ്രൊജക്ടുകള്‍ക്കുള്ള പരിശീലനവും നല്‍കും. കേരള ശാസ്ത്ര സാഹിത്യ പരിഷത് 54-ാമത് സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായുള്ള വിവിധ പദ്ധതികളും ശാസ്ത്രവായനാമൂല കേന്ദ്രീകരിച്ച് നടപ്പാക്കും. ജില്ലയിലെ 500 ലൈബ്രറികള്‍ക്ക് ലൈബ്രറി കൗണ്‍സില്‍ റേഡിയോ നല്‍കുന്നുണ്ട്. കുട്ടികള്‍ ഒത്തുചേരുന്ന സമയത്ത് ആകാശവാണിയുടെ സഹകരണത്തോടെ ശാസ്ത്രപ്രഭാഷണങ്ങളും സംഘടിപ്പിക്കും. ഫിബ്രവരി അവസാനത്തോടെ 400 ലൈബ്രറികളിലും ശാസ്ത്രവായനാ മൂല ആരംഭിക്കും. ഇതോടൊപ്പം കണ്ണൂർ ജില്ലയിലെ ലൈബ്രറികളിൽ പരിസര കോർണറും പ്രവർത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *