ജനോത്സവക്കുറിപ്പ്

0

ജനോത്സവം എങ്ങനെ
പൊലിപ്പിക്കാമെന്ന ആലോചനകൾക്ക് ഒരു കുറിപ്പ്

ജനോത്സവം എവിടെ നടത്തണമെന്ന് തീരുമാനിക്കണം. മേഖലാതലത്തിലാണ് ഈ തീരുമാനം എടുക്കേണ്ടത്. സ്ഥലം കൃത്യമായി നിശ്ചയിക്കുക. ചുമതലകള്‍ ഏതെല്ലാം വേണമെന്നും ആര്‍ക്കെല്ലാമെന്നും തീരുമാനിക്കുക, വിഭജിച്ച് നല്കുകസംഘാടകസമിതി രൂപീകരണം-പരമാവധി പങ്കാളിത്തം വേണം. അതില്‍തന്നെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാവണം വലിയ പ്രാതിനിധ്യം. വിവിധ പരിപാടികളും അതിന് ചുമതലക്കാരേയും തീരുമാനിക്കണം.  പുസ്തക, ഉല്‍പ്പന്ന പ്രചാരണം, അനുബന്ധപരിപാടികള്‍, നവമാധ്യമ പ്രചാരണസാധ്യതകള്‍, മനോഹരമായ ചുമരെഴുത്തുകള്‍…ഏവരും ശ്രദ്ധിക്കും വിധം ഒരു തുടക്കം-ഉത്സവക്കൊടിയേറ്റം-ബഹുസ്വരതയുടെ പ്രതീകമായി ജനോത്സവകേന്ദ്രത്തില്‍  ബഹുവര്‍ണക്കൊടികള്‍ ഉയര്‍ത്താം.  ബഹുസ്വരതയെയും മാനവികതയെയും ഉയര്‍ത്തിപ്പിടിക്കുന്ന  മുദ്രാഗീതത്തോടെ ആരംഭിക്കാം. രാത്രിയാണെങ്കില്‍ എല്ലാവരും ചൂട്ട്കെട്ടി ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ച് പാട്ട് പാടാം. വിവിധ ജില്ലകളില്‍ സാധ്യതക്കനുസരിച്ച് വിവിധപരിപാടികള്‍ ആലോചിക്കാം നമ്മുടെ മുഖ്യ സന്ദേശങ്ങള്‍ ശാസ്ത്രബോധം, ജനാധിപത്യം, മാനവികത, –  ഉള്‍ക്കൊള്ളുന്ന വര്‍ണാഭമായ ഗ്രാമപത്രങ്ങള്‍.  അവയുടെ ഉത്ഘാടനം ജനപങ്കാളിത്തത്തോടെ ആസൂത്രണം ചെയ്യണം. അവ ഓരോന്നും നമ്മുടെനാട്ടിലെവിവിധ പ്രസ്ഥാനങ്ങള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍, വായനശാലകള്‍ എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിലാകാം.  ഉദ്ഘാടനദിവസം പ്രഭാതത്തില്‍ ഗായകസംഘങ്ങളുടെ ഗൃഹസന്ദര്‍ശനം(പ്രഭാതഭേരി) പാടാവുന്ന നടപ്പാട്ടുകളും വീട്ടില്‍ ചെന്നാല്‍ അവതരിപ്പിക്കാവുന്ന ചൊല്‍ക്കാഴ്ച്ചകളും വേണം. ഒപ്പം കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട ചില ശാസ്ത്രവിഷയങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അവതരിപ്പിക്കാം. തുടര്‍ന്ന്  രണ്ടോ മൂന്നോ ദിവസം കൊണ്ട് മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചശേഷം പ്രധാനകേന്ദ്രത്തില്‍ ഒത്തുചേര്‍ന്ന്  ചൊല്‍ക്കാഴ്ച്ചകള്‍ പൂര്‍ണമായി അവതരിപ്പിക്കാം.ഒരു ദിവസം പൂര്‍ണമായും ചിത്ര-ശില്പ-പോസ്റ്റര്‍ -പെയിന്റിംഗ് ഇത്യാദി നിര്‍മിതികള്‍ക്കായി മാറ്റി വെക്കാം. അനുയോജ്യമായ ചുമരുകള്‍, സ്കൂളുകള്‍, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാം. സാധ്യമാണെങ്കില്‍ ഒരു ജനോത്സവവീഥി തന്നെ ഉണ്ടാക്കാം. ഗ്രാമീണ ബിനാലെ സങ്കല്പം നടപ്പിലാക്കാനാവുമോ?  പ്രാദേശിക കലാകാരന്മാരുടെയും കലാകാരികളുടെയും ഒരു സര്‍ഗപ്രകാശന വേദിയാക്കി ഇതിനെ മാറ്റാം.’നമ്മുടെ നാട്, നമ്മുടെ  കണ്ണുകളിലൂടെ’ എന്നോ മറ്റോ ഉള്ള തലക്കെട്ടില്‍ ഒരു ഫോട്ടോഗ്രാഫിക് എക്സിബിഷന്‍ സാധ്യത പ്രയോജനപ്പെടുത്താം. ഇതില്‍ സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെയും മറ്റു യുവതീയുവാക്കളെയും ആവേശപൂര്‍വ്വം പങ്കെടുപ്പിക്കണം. നമ്മുടെ നാടിന്റെ നന്മകളും തിന്മകളും ഒപ്പിയെടുത്തു അവതരിപ്പിക്കാന്‍ കഴിയും വിധം ഈപ്രദര്‍ശനം ഒരു ഹരമാക്കി മാറ്റാന്‍ കഴിയണം.ഇതിനു സമാന്തരമായി സിനിമാകൊട്ടക എവിടെ സംഘടിപ്പിക്കാം. നല്ല സിനിമകള്‍ കാണുക..ചര്‍ച്ചചെയ്യുക ഒപ്പം ഇപ്പോള്‍ വന്നു പൊയ്ക്കൊണ്ടിരിക്കുന്ന മുഖ്യധാരാ സിനിമകള്‍, സീരിയലുകള്‍, അവയോടൊപ്പം കയറിയിറങ്ങുന്ന പരസ്യങ്ങള്‍ ഇവയൊക്കെ ചര്‍ച്ചക്കും വിമര്‍ശനത്തിനും വിധേയമാക്കുന്നതെങ്ങനെ.. ഇത്തരം ചര്‍ച്ചകള്‍ സാധാരണക്കാര്‍‌ക്കിടയില്‍, കഴിയുമെങ്കില്‍ അയല്‍പക്കസദസ്സുകളില്‍ എങ്ങിനെ നടത്താം എന്ന് ചിന്തിക്കണം..ലിംഗവ്യത്യാസമില്ലാതെയുള്ള ഫുട്ബോള്‍, വടംവലി, വോളിബോള്‍ തുടങ്ങിയ മത്സരങ്ങള്‍. അതിനായി ടീമുകളെ ഒരുക്കണം, പരിശീലിക്കാന്‍ സമയംകൊടുക്കണം. പഞ്ചായത്തില്‍ ജനോത്സവവേദി തീരുമാനിക്കണം. വായനശാലാ മുറ്റത്തോ, പഞ്ചായത്ത് മൈതാനത്തോ, അമ്പലപ്പറമ്പിലോ, പുഴക്കടവിലോ… ചന്തപ്പറമ്പിലോ ആളുകൂടുന്ന എവിടെയുമാകാം. പ്രദര്‍ശനങ്ങളൊക്കെ ഇതിനടുത്താവാം. ഈ സ്ഥിരം വേദിയിലാകാം മുഴുനീള പരിപാടികള്‍. പാട്ട്, കളികള്‍, ക്ലാസ്സുകള്‍, പ്രഭാഷണങ്ങള്‍, ഷോര്‍ട്ട്ഫിലിം പ്രദര്‍ശനം, കലാ പരിപാടികള്‍ എന്നിവ ചിട്ടയോടെ ഒന്നിന് പുറകെ ഒന്നായി അവതരിപ്പിക്കണം.  ഇതില്‍ സ്കൂള്‍ കുട്ടികള്‍, വീട്ടമ്മമാര്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉള്‍പ്പെടുത്തണം. തദ്ദേശീയരായ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ അവതരിപ്പിക്കാന്‍ അവസരം നല്കണം. നമുക്ക് പ്രിയപ്പെട്ട ആശയങ്ങള്‍ (ശാസ്ത്രബോധം, പരിസര സംരക്ഷണം, ജാതി-മത നിരപേക്ഷത എന്നിവയൊക്കെ ഈ വേദിയില്‍ “പറയാതെ” നിറഞ്ഞു നില്‍ക്കണം. അനുഭവിക്കാനാകണം) ചില പരിപാടികള്‍ മേഖലാ/ജില്ലാ തലത്തില്‍ തയ്യാറാക്കി ചാക്രികമായി സഞ്ചരിക്കുന്ന വിധത്തിലായാലുമാകാം. ഈ ഉത്സവാഘോഷത്തിനിടയിലും പ്രദേശത്തിനും അവിടത്തെ ജനങ്ങള്‍ക്കും വേണ്ടി എന്തെല്ലാം ചെയ്യാം എന്ന ഗൗരവപൂര്‍വമായ ആലോചനയും ആസൂത്രണവും നടക്കണം.  അത് വനവല്‍ക്കരണമാവാം, ആശുപത്രി ശുചീകരണമാവാം, മലിനീകരണ നിവാരണത്തിലേക്കുള്ള ആദ്യ ചുവടാവാം.. പരമാവധി നാട്ടുകാരെ സര്‍വഭേദങ്ങള്‍ക്കുമപ്പുറം  ഒരുമിപ്പിക്കാവുന്ന തരത്തില്‍ ആസൂത്രണം ചെയ്യണം. ആര്‍ക്കും എതിര്‍ക്കാനാവാത്ത  നിരവധി വശ്യങ്ങള്‍ നാട്ടിലുണ്ടാവുമല്ലോ. ഗംഭീരമായ ഒരു ശാസ്ത്ര-മാനവിക റാലിയോടെ ഉത്സവക്കൊടിയിറക്കം..

Leave a Reply

Your email address will not be published. Required fields are marked *