ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാനുള്ള നീതി ആയോഗിന്റെ നിര്‍ദ്ദേശം തള്ളിക്കളയുക

0

തൃശ്ശൂർ: രാജ്യത്ത് ആവശ്യത്തിനുള്ള എണ്ണം ഡോക്ടര്‍മാര്‍ ഇല്ലെന്നും അവരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളാക്കി മാറ്റുന്നതിനുള്ള നീതി ആയോഗിന്‍റെ നിര്‍ദ്ദേശം തള്ളിക്കളയണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
കേന്ദ്ര മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലും വിദ്യാഭ്യാസ നയരേഖയിലും ഉള്‍പ്പെട്ടിരുന്ന സ്വകാര്യവത്കരണ ആശയം തന്നെയാണ് പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വകാര്യ ഏജന്‍സികള്‍ ആരോഗ്യരംഗത്ത് കുടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ഈ ആശയത്തിന്‍റെ ന്യായീകരണമായി നിലകൊള്ളുന്നത്. എന്നാല്‍ വ്യാപകമായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്ന് വന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഈ ധാരണ ശരിയല്ലെന്ന് വ്യക്തമാണ്.
ജില്ലാ ആശുപത്രികൾ സ്വകാര്യ ഏജൻസികൾക്ക് വിട്ട് കൊടുക്കുന്നതോടെ പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ സ്വകാര്യവൽക്കരിക്കപ്പെട്ട് അവർക്ക് അപ്രാപ്യമാകുമെന്നും ഭയപ്പെടേണ്ടതുണ്ട്. ഇതോടൊപ്പമാണ് മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തുന്നതിനുള്ള ശ്രമങ്ങളേയും കാണേണ്ടത്. സ്വകാര്യലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇത്തരം ഇളവുകള്‍ ഉണ്ടാവുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ വൈദഗ്ദ്ധ്യത്തെ കുറിച്ച് പൊതുജനങ്ങളിൽ സംശയമുടലെടുക്കാൻ കാരണമായേക്കാം. ഇതും ഭാവിയിലെ ആരോഗ്യമേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ പശ്ചാത്തലത്തില്‍ പൊതുമേഖലയിലുള്ള ജില്ലാ ആശുപത്രികളിലെ ചികിത്സയിലോ ഭരണ നടപടികളിലോ സ്വകാര്യ മേഖലയ്ക്ക് ഇടപെടാൻ സാധ്യത തുറക്കുന്ന ഏത് പരിഷ്ക്കരണവും ഉപേക്ഷിക്കണമെന്നും മെഡിക്കല്‍ പ്രവേശനത്തിനുള്ള നിബന്ധനകളില്‍ ഇളവുകള്‍ വരുത്തുന്നതിന് മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥകള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *