നാളെയാവുകില്‍ ഏറെ വൈകീടും

0

സുഹൃത്തേ,
നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ അപകടത്തിലാവുന്ന ഒരു ഫാസിസ്റ്റ് കാലത്തിലേക്കാണ് രാജ്യം അതിവേഗം നടന്നടുക്കുന്നത്. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും വലിയ ഭീഷണികള്‍ നേരിടുന്നു. കോര്‍പ്പറേറ്റുവത്ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമാണ് പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ നടപ്പാക്കാന്‍ ശ്രമിക്കുന്ന കാ‍ർഷിക നിയമ ഭേദഗതികള്‍. അതിനെതിരെയുള്ള ഐതിഹാസികമായ ചെറുത്തുനില്പായി മാറുകയാണ് കർഷക സമരം.
ഇത്തരം ഭീഷണികള്‍ക്കെതിരെയുള്ള ജനകീയ ചെറുത്തു നില്പുകളെ തളര്‍ത്താന്‍ മാധ്യമങ്ങളെ അടക്കം ഉപയോഗപ്പെടുത്തി നുണപ്രചാരണം നടത്താനാണ് കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. ആസൂത്രിതമായ പ്രചാരണത്തിലൂടെ ജനങ്ങളുടെ ശീലങ്ങളെയും മനോഭാവങ്ങളെയും വിദഗ്ധമായി സ്വാധീനിച്ച് പൊതുസമ്മിതികള്‍ നിര്‍മിച്ചെടുക്കുന്നു. സത്യം എന്തെന്നതല്ല സത്യമാണെന്നു തോന്നിപ്പിച്ചാല്‍ മതിയെന്നതാണ് സത്യാനന്തര കാലത്തിന്റെ സവിശേഷത. ജനങ്ങളെ വര്‍ഗീയ വിഭജനങ്ങളിലൂടെ വ്യത്യസ്ത ചേരികളിലാക്കുന്നു. അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും വളരെ ബോധപൂര്‍വം പ്രചരിപ്പിക്കുന്നു. അതിന്റെ മറവില്‍ എല്ലാം വിറ്റു തുലയ്ക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയും ഫാസിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കപ്പെടുകയും ചെയ്യുന്നു.
ഈ സാഹചര്യം നമ്മുടെ നാട്ടിലും വലിയ സ്വാധീനം നേടുകയാണ്. പ്രാദേശികമായി പലതരം പ്രചാരണ തന്ത്രങ്ങളിലൂടെ ജനങ്ങളുടെ ചിന്താഗതിയെ മാറ്റിമറിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് കഴിയുന്നുണ്ട്. നവോത്ഥാന പ്രക്രിയയിലൂടെ നേടിയ പുരോഗമനമൂല്യങ്ങള്‍ പോലും പിന്നാക്കം പോകുന്നു. അശാസ്ത്രീയതകളും അന്ധവിശ്വാസങ്ങളും നമ്മുടെ നാട്ടിലും വര്‍ധിച്ചു വരുന്നു. ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നുള്ള വാര്‍ത്തയുടെ ചൂടാറും മുമ്പ് നമ്മെ ഞെട്ടിപ്പിച്ചു കൊണ്ട് പാലക്കാട് നിന്നും അതേ വാര്‍ത്ത നാം കേള്‍ക്കുന്നു.
സാങ്കേതിക വിദ്യയില്‍ അഭിരമിക്കുമ്പോഴും ശാസ്ത്രബോധം ഇല്ലാതാകുന്ന ജനതയായി കേരളം കൂടുതല്‍ കൂടുതല്‍ മാറുന്നു. ഫാസിസത്തിനു കടന്നുവരാന്‍ പാകത്തില്‍ മണ്ണൊരുങ്ങുകയാണ് ഇവിടേയും. ഇതിനെതിരെ ജനകീയ ചെറുത്തുനില്പുയരണം. കേവലം പ്രചാരണങ്ങള്‍ക്കുമപ്പുറം പ്രാദേശികമായി ജനങ്ങളുടെ ജീവിതരീതിയിലും സംസ്കാരത്തിലും ഇടപെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയുണ്ടെങ്കിലേ അതിനു കഴിയൂ. അവിടെയാണ് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ പ്രസക്തി. സമകാലീന ഇന്ത്യന്‍ സാഹചര്യത്തിന്റെ അപകടങ്ങളെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം നാം ആസൂത്രണം ചെയ്തത്.
ഇതു നാം തനിച്ചു ചെയ്യേണ്ട അല്ലെങ്കില്‍ ചെയ്യാനാവുന്ന ഒരു പ്രവര്‍ത്തനമല്ല. യോജിക്കാവുന്ന എല്ലാ സാമൂഹ്യ- സാംസ്ക്കാരിക പ്രസ്ഥാനങ്ങളേയും സന്നദ്ധ, യുവജന, വനിതാ, സര്‍വീസ് സംഘടനകളേയുമെല്ലാം കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള ജനകീയ കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം കൂടിയാണിത്.
ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ സംസ്ഥാന തലത്തില്‍ പൂര്‍ത്തിയായി വരികയാണ്. ഇതര സംഘടനാ പ്രതിനിധികളുമായി കൂടിരിപ്പു കഴിഞ്ഞു. കർഷക സമരവും ഭക്ഷ്യ സുരക്ഷയും, കാലാവസ്ഥാമാറ്റവും കേരള വികസനവും, അപകടത്തിലാവുന്ന ഭരണഘടനാ മൂല്യങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് 10,000 ശാസ്ത്രക്ലാസ്സുകള്‍ നടത്തുന്നതിനുള്ള സംസ്ഥാന പരിശീലനം പൂര്‍ത്തിയായി. ഇതേ വിഷയങ്ങളിലുള്ള പോസ്റ്റർ പ്രദര്‍ശനത്തിനുള്ള പോസ്റ്ററുകളും ഗൃഹ സന്ദര്‍ശനത്തിനുള്ള കാമ്പയിന്‍ ലഘുലേഖയും തയ്യാറായി. വീട്ടുമുറ്റ നാടകങ്ങളുടെ സ്ക്രിപ്റ്റും വിഡിയോ രൂപവും പരിഷത്ത് ഗായക സംഘത്തിനുള്ള പാട്ടുകളും ഡിജിറ്റല്‍ കലാജാഥയും ഉടനെ എത്തിക്കാനാവും. പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങാന്‍ വൈകരുത്. ഒപ്പം പുസ്തകപ്രചാരണവും

നാളെയാവുകില്‍…..

പാരിഷത്തികാഭിവാദനങ്ങളോടെ,
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *