ൂാലവേദി പ്രവർത്തകർ

Balavedi Kannur Dist pravarthaka Sangamam

Kannur Dist Balavedi Pravarthaka Sangamam
Inauguration Balavedi Sangamam By Sasidharan Maniyoor

നിങ്ങളുടെ വീട്ടിൽ സന്തോഷമുണ്ടാകാൻ എന്തൊക്കെ വേണം

രാമകൃഷ്ണൻ മാസ്റ്ററുടെ ഒറിഗാമി ക്ലാസിൽ നിർമ്മിച്ച കടലാസുവീടിന് കണ്ണും മൂക്കും വരച്ച് ജീവൻ നൽകിക്കൊണ്ടിരുന്ന ബാലവേദി കൂട്ടുകാരോട് എ.വി.രത്നകുമാർ മാസ്റ്റർ ചോദിച്ചു.

“നിങ്ങളുടെ വീട്ടിൽ സന്തോഷമുണ്ടാകാൻ എന്തൊക്കെ വേണം?”

എല്ലാവരേയും വിസ്മയിപ്പിച്ചുകൊണ്ട് കുട്ടികൾ പറഞ്ഞു

“ നമുക്ക് പരിഗണനവേണം, അച്ഛനും അമ്മയും വഴക്കിടരുത്, പരസ്പരം സംസാരിക്കണം; സ്നേഹിക്കണം ” ഇതിനുമുമ്പ് പരിഷത്ത് നടത്തിയ മക്കൾക്കൊപ്പം പരിപാടിയുടെ സ്വാധീനം എന്ന് തോന്നിക്കുന്ന മറുപടികൾ.

ജൂലായ് 31 ന് കണ്ണൂർ ജില്ലയിലെ ചെറുമാവിലായി യുപി സ്കൂളിൽ നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാതല ബാലവേദി പ്രവർത്തക ക്യാമ്പിൻ്റെ തുടക്കമാണ് മുകളിൽ കൊടുത്തത്.

രാവിലെ 10.30  ഓടെയാണ് ക്യാമ്പ് ആരംഭിച്ചത് ജില്ലാ പ്രസിഡൻ്റ് പികെ സുധാകരൻ്റെ അധ്യക്ഷതയിൽ സംസ്ഥാന കൺവീനർ ശശിധരൻ മണിയൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

“കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കുട്ടികളുടെ രംഗത്തുള്ള പ്രവർത്തനത്തിൽ കൃത്യമായ ലക്ഷ്യമുണ്ട്. അത് ശാസ്ത്രബോധവും യുക്തിബോധവും കുട്ടികളിൽ വളർത്തുക എന്നതാണ്. ഔപചാരിക വിദ്യാഭ്യാസം ഈ ലക്ഷ്യം കൈവരിക്കാൻ വേണ്ടത്ര പര്യാപ്തമല്ല. അന്ധവിശ്വാസവും യുക്തിരാഹിത്യവും പ്രചരിപ്പിക്കുന്ന ഒരു  വിഭാഗം വളരെ വേഗം ശക്തിയാർജ്ജിച്ചുവരുന്നു. അവർ പാഠപുസ്തകം പോലും അവരുടെ ആശയപ്രചരണത്തിനായി ഉപയോഗിക്കുന്നു.

ശാസ്ത്രസാങ്കേതിക വിദ്യ വിരൽ തുമ്പിൽ കൊണ്ടുനടക്കുന്നവരാണ് ഇന്നത്തെ കുട്ടികൾ. കോവിഡ് വന്നതോടെ  അവരുടെ കൂട്ടായ്മകൾ രൂപപ്പെടുത്തുക ഏറെ ശ്രമകരമായിട്ടുണ്ട്. മുഴുവൻ സമയവും കുട്ടികൾ കൂടെ ഉണ്ടാകണം എന്ന് അധ്യാപകരും ആഗ്രഹിക്കുന്നു. അത്രക്കുണ്ട് കോവിഡ് വരുത്തിയ പഠനവിടവ്. ഈ കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ബാലവേദി പ്രവർത്തനത്തിൽ സാരമായ മാറ്റങ്ങൾ അനിവാര്യമായിട്ടുണ്ട്.

ഓൺലൈൻ ഓഫ് ലൈൻ സമ്മേളനങ്ങൾ തരം പോലെ ഉപയോഗിക്കേണ്ടി വരും. പുതിയ സാങ്കേതികവിദ്യ വശമുള്ള ചെറുപ്പക്കാരെ ധാരാളമായി ബാലവേദി പ്രവർത്തനത്തിൽ കൊണ്ടുവരേണ്ടിവരും. അറിവിൻ്റെ ഉല്പാദനം സാധ്യമാകുമാറ് പുതിയ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടിവരും.

ജൂബിലി വർഷത്തിൽ 1000 പുതിയ പ്രവർത്തകരെയെങ്കിലും ബാലവേദി പ്രവർത്തനത്തിനായി നമുക്ക് കണ്ടെത്താൻ കഴിയണം. ഒരു മേഖല 10 പേരെ കണ്ടെത്തിയാൽ ലക്ഷ്യം കൈവരിക്കാം.” എന്നീ കാര്യങ്ങളാണ് കൺവീനർ പ്രധാനമായും പങ്കുവെച്ചത്. സപ്തംബർ മാസത്തിൽ നടത്താനുദ്ദേശിക്കുന്ന ജലം എന്നവിഷയത്തെ അധികരിച്ചുള്ള ബാലോത്സവത്തെകുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ സൂചന ഉണ്ടായി.

ബാലവേദി പ്രവർത്തനത്തിൽ നിസ്തുലമായ സംഭാവന നൽകിയ ഇ. കുഞ്ഞികൃഷ്ണൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. കുട്ടികളിൽ കാണുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും ലഘുകരിക്കാൻ സഹായിക്കുന്ന മസ്തിഷ്ക വ്യായാമങ്ങൾ, വീട് സന്തോഷകരമാക്കാൻ ഓരോ കുട്ടിയിലും വരുത്തേണ്ടുന്ന മാറ്റങ്ങൾ എന്തെന്ന്  തിരിച്ചറിയൽ, പഠനം ലളിതവും വേഗതയു ള്ളതും ആക്കാനുള്ള തന്ത്രങ്ങൾ , കുട്ടികളിൽ ഏകാഗ്രത വർദ്ധിപ്പിക്കാനുതകുന്ന വിവിധ പരിപാടികൾ, കളികൾ, പാട്ടുകൾ എന്നിവകൊണ്ട്  കേമ്പ് പുത്തൻ അനുഭവമാക്കിത്തീർക്കാൻ പരിശീലകർക്ക് സാധിച്ചു.

കെ.സി രഘുനാഥൻ.കെ.വിനോദ് കുമാർ , പി.പി. ബാബു, അജയൻ വളക്കൈ, പി. സൗമിനി എന്നിവർ സംസാരിച്ചു. എ.വി രത്നകുമാർ , കെ.പി.രാമകൃഷ്ണൻ ,വി.ചന്ദ്രബാബു, എം.പി സനിൽകുമാർ, പി.കെ ബാബു, പുഷ്‌ പാംഗദൻ നടുവിൽ, എം.വി മുരളീധരൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. ഇ.വി.പവിത്രൻ സ്വാഗതവും പി. വനജ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 60 പ്രവർത്തകരും 67 കുട്ടികളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *