വാളയാർ ഉന്നയിക്കുന്ന ചോദ്യങ്ങൾ

0

വാളയാറിൽ ഹൃതിക (13), ശരണ്യ (9) എന്നീ പെൺകുട്ടികളുടെ ദുരൂഹവും ദയനീയവുമായ അന്ത്യം കേരളത്തിന്റെ മന:സാക്ഷിക്ക് മുന്നിൽ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഭാഗ്യവതി എന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെയും ഷാജി എന്ന അച്ഛന്റെയും അവസ്ഥയെക്കുറിച്ചുള്ള വൈകാരികമായ വിലാപങ്ങൾക്ക് അർത്ഥമില്ല. പക്ഷെ ഈ ദളിത് കുടുംബം കഴിഞ്ഞ കുറെ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്തായിരുന്നു എന്നത് ചർച്ച ആവശ്യമായ വിഷയമാണ്. സാമ്പത്തികവും സാമൂഹികവുമായി ഏറെ പിന്നിൽ നിൽക്കുന്ന ഈ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെണ്മക്കൾ നിരന്തരം ക്രൂരമായ ലൈംഗികചൂഷണത്തിന് ഇരകൾ ആക്കപ്പെടുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. മൂത്തകുട്ടിയെ ഒരു ബന്ധു ഉപദ്രവിക്കുന്നത് അമ്മ നേരിൽ കാണുകയും അയാളെ വിലക്കുകയും ചെയ്തിരുന്നു എന്നാണ് മൊഴി നൽകിയിരിക്കുന്നത്. താരതമ്യേന സംരക്ഷിത ചുറ്റുപാടിൽ ജീവിക്കുന്ന മധ്യവർഗത്തിന് മനസ്സിലാകാത്ത ഒരു സാഹചര്യം ആകാം ഇത്.
രണ്ടു ചെറിയ പെൺകുട്ടികളെ വീട്ടിൽ ഒറ്റക്കാക്കിയിട്ട് ജോലിക്കുപോകുന്നവരാണ് ഭാഗ്യവതിയും ഷാജിയും. സ്‌കൂളിൽനിന്നും വന്നാൽ കുട്ടികൾ ഒറ്റക്കാണ്. പരിചയവും ബന്ധുത്വവും പറഞ്ഞുവരുന്നവർ ഈ കുഞ്ഞുങ്ങളെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻ. മൂത്തകുട്ടിയെ മരിച്ചനിലയിൽ കണ്ട ദിവസം മുഖംമൂടിയ രണ്ടുപേര്‍ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് കണ്ടതായി ഇളയ കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. 52 ദിവസം കഴിഞ്ഞപ്പോൾ ഇളയകുട്ടിയും ഇതേ രീതിയിൽ തൂങ്ങിമരിച്ച തരത്തിൽ കാണപ്പെട്ടു എന്നത് കുറ്റാന്വേഷണ വൈദഗ്ധ്യം ഇല്ലാത്ത സാധാരണക്കാരെ പോലും ചില നിഗമനങ്ങളിൽ എത്താൻ പ്രേരിപ്പിക്കും. ആദ്യ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പോലീസ് എത്ര നിസ്സാരമായാണ് കാര്യങ്ങൾ കണ്ടത് എന്ന് രണ്ടാമത്തെ മരണം തെളിയിക്കുന്നു. അതോ ബോധപൂർവമായ നീക്കമോ? ഈ കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതല്ല എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കൊലപാതകം ആണെന്ന് അമ്മ തറപ്പിച്ചു പറയുന്നു. എന്തായാലും ആദ്യത്തെ അന്വേഷണച്ചുമതലക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ മാറ്റുകയും പുതിയ ആളെ തീരുമാനിക്കുകയും ചെയ്തു.
യു.പിയിലും മറ്റും മാത്രമേ ഇതൊക്കെ നടക്കൂ എന്ന നമ്മുടെ അഹങ്കാരം ഇനി വേണ്ട. കേരളവും ഇക്കാര്യത്തിൽ മുന്നേറുകയാണ്. ഈ കുഞ്ഞുങ്ങൾക്കുണ്ടായ ദുരനുഭവം ഉന്നയിക്കുന്ന ഒരു ചോദ്യം ഈ കുടുംബം നേരിട്ട പ്രശ്നങ്ങൾ എന്തുകൊണ്ട് പൊതുസമൂഹം അറിയാതെ പോയി എന്നതാണ്. ഇവർ ഒളിപ്പിച്ചുവെച്ചു എന്ന് വാദത്തിനുവേണ്ടി വേണമെങ്കിൽ പറയാം. പക്ഷെ, ഒരു ജനപ്രതിനിധിയോടോ പാർട്ടി പ്രവർത്തകരോടോ കുടുംബശ്രീക്കാരോടോപോലും മനസ്സ് തുറക്കാൻ ഇവർക്ക് ധൈര്യമോ വിശ്വാസമോ തോന്നിയില്ല എന്നത് ഈ പാവപ്പെട്ട കുടുംബത്തിന്റെ പ്രശ്നമല്ല, സമൂഹത്തിന്റെ പ്രശ്നമാണ്. വളരെക്കാലമായി ഈ കുട്ടികൾ പീഡനത്തിന് വിധേയരായിട്ടും നമ്മൾ ആരും അറിഞ്ഞില്ല. മൂത്തകുട്ടിയുടെ മരണത്തിനുശേഷം രണ്ടാമത്തെ കുട്ടിയും കൊല്ലപ്പെടാനുള്ള സാഹചര്യം ഉണ്ടായിരിക്കുന്നു. സ്‌കൂളിൽ പോകുന്ന കുട്ടികൾ ആയിട്ടും അധ്യാപകരോ കൂട്ടുകാരോ ഇവരുടെ ദയനീയ സ്ഥിതി അറിഞ്ഞില്ല. (വയനാട്ടിൽ റോബിൻ എന്ന പാതിരിയുടെ ആക്രമണത്തിന് ഇരയായ പെൺകുട്ടി പ്രസവിക്കുന്നതിന്റെ തലേദിവസം വരെ സ്‌കൂളിൽ പോയിരുന്നു പോലും!) ചേച്ചിയുടെ അസ്വാഭാവിക മരണത്തിനുശേഷം അനിയത്തിക്ക് ഏതെങ്കിലും തരത്തിലുള്ള പിന്തുണ ആരെങ്കിലും നൽകിയോ എന്നും അറിയില്ല. അവൾക്കാവശ്യം നല്ല രീതിയിലുള്ള കൗൺസലിംഗ് ആയിരുന്നു. അവൾ ആത്മഹത്യ ചെയ്തു എന്നല്ല പറയുന്നത്. കൗൺസലിങ് നൽകിയിരുന്നെങ്കിൽ കുറെ കാര്യങ്ങൾ കൂടി പുറത്തു വന്നേനെ. ഒരു കൊലപാതകം ഒഴിവായേനെ.
പീഡോഫീലിയ എന്നത് ഏറ്റവും ക്രൂരമായ ലൈംഗിക കുറ്റകൃത്യത്തിന്‌ ഇടയാക്കുന്ന മാനസികാവസ്ഥയാണ്. ഇത് എങ്ങനെ നേരിടണം എന്ന് വ്യാപകമായ ചർച്ചകൾ ആഗോളമായി നടന്നുവരുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക അഭിനിവേശം തോന്നുന്നത് കുറ്റകരമല്ല എന്ന വാദവും ഉണ്ട്. അത് പ്രത്യേക മാനസിക വ്യാപാരം മാത്രമാണത്രെ. എന്നാൽ ഈ അവസ്ഥയിൽ ഉള്ള വ്യക്തി ഒരു കുട്ടിയെ അല്ലെങ്കിൽ കുഞ്ഞിനെ പീഡനത്തിന് ഇരയാക്കുമ്പോൾ ആണ് അത് കുറ്റകൃത്യം ആകുന്നത്. സ്വന്തം ലൈംഗികാഭിനിവേശം മറ്റൊരാൾക്ക് പീഡനം ആകാതെ നിയന്ത്രിക്കുന്നതാണ് ജനാധിപത്യപരമായ ലൈംഗിക ബന്ധം സാധ്യമാക്കുന്നത്. ജീവിതകാലം മുഴുവൻ ബ്രഹ്മചാരികൾ ആയി ജീവിക്കുന്ന പീഡോഫീലിയക്കാർ ഉണ്ടത്രേ! ഈ വിഷയത്തിൽ നിരവധി ഗവേഷണങ്ങൾ നടന്നുവരുന്നുണ്ട്. പക്ഷെ ജന്മനാ, ജൈവശാസ്ത്രപരമായി കുട്ടികളോട് മാത്രം ലൈംഗിക താത്പര്യം തോന്നുന്നവർ മാത്രമല്ല കുഞ്ഞുങ്ങൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നത് എന്നും ക്രിമിനൽ സ്വഭാവഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. കുഞ്ഞുങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന ഇരകൾ ആണ്. അവർ കാര്യങ്ങൾ പുറത്തുപറയാൻ അറിയാത്തവരും ഭീഷണിക്ക് എളുപ്പത്തിൽ വഴങ്ങുന്നവരും ആയിരിക്കും. ഏറ്റവും അരക്ഷിതരും നിസ്സഹായരും ആയവരെ ആക്രമിക്കുക ക്രിമിനലുകളുടെ രീതി ആണ്.
ഇന്റർനെറ്റ് പീഡോഫീലിയയുടെ കളിയരങ്ങ് ആണെന്നാണ് പറയുന്നത്. പീഡോഫീലിയ കുറ്റവാളി ആയ മാർട്ടിൻ ഹാച്ചർ എന്നയാളിൽ നിന്നും കുഞ്ഞുങ്ങളുടെ 2,70,000 അശ്‌ളീല ചിത്രങ്ങൾ ആണ് പോലീസ് പിടിച്ചെടുത്തത്. 2005ൽ മാർക്കറ്റിങ് ഓഫ് ഈവിൾ എന്ന പുസ്തകം എഴുതിയ ഡേവിഡ് കുപ്പേലിയൻ പറയുന്നത് ഒരു ലക്ഷത്തിലേറെ ചൈൽഡ് പോർണോഗ്രാഫി (കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്ന വിഡിയോകൾ) സൈറ്റുകൾ ഉണ്ടെന്നാണ്. ഇങ്ങനെ കുഞ്ഞുങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നത് പ്രോത്സാഹിപ്പിക്കുവാനും അത് ദൃശ്യവത്കരിച്ച് പണമുണ്ടാക്കുവാനും വമ്പൻ മാഫിയ ആണ് ആഗോളമായി പ്രവർത്തിക്കുന്നത്. തിന്മയുടെയും ആക്രമണോത്സുകതയുടെയും വിപണി ഡാർക്ക് നെറ്റ് ആയി പ്രവർത്തിക്കുന്നു. ഒരു ചുഴിയിലേക്കെന്നപോലെ ഇതിലേക്ക് കൂപ്പുകുത്തി വീഴുന്ന കുട്ടികളും കൗമാരക്കാരും ഉണ്ടെന്ന യാഥാർഥ്യവും വാളയാർ സംഭവത്തോടൊപ്പം നമ്മൾ ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *