ഷാർജ പുസ്തകമേള പരിഷത്ത് സ്റ്റാള്‍ ശ്രദ്ധേയമായി

0

sharja_pusthakolsavam

ഷാര്‍ജ : ലോകത്തെ ഏറ്റവും വലിയ നാലാമത് പുസ്തകമേളയെന്ന് ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ഇത്തവണയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാൾ ഒരുക്കി. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 2 മുതൽ 12 വരെ നടന്ന പുസ്തകോൽസവം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ ഇത് രണ്ടാം തവണയാണു പരിഷത്ത് സ്റ്റാൾ ഒരുക്കുന്നത്. യു എ ഇ യിലുള്ള ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരാണു സ്റ്റാളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
ശാസ്ത്രഗതിയുടെ അമ്പതാം വാർഷിക പ്രത്യേക പതിപ്പിന്റെ രാജ്യാന്തര പ്രകാശനം പ്രശസ്തകവി സച്ചിദാനന്ദൻ നിർവഹിച്ചു. പരിഷത്ത് സ്റ്റാളിൽ പ്രശസ്ത എഴുത്തുകാരായ അനിൽ പനച്ചൂരാൻ, ദീപ നിശാന്ത്, പട്ടണക്കാട് മോഹൻ, ഷാബു കിളിത്തട്ടിൽ, സി പി ഐ ദേശീയ സെക്രട്ടറി എസ് സുധാകരാറെഡ്ഢി, ഗീത ഗോപി എം.എൽ എ തുടങ്ങിയ പ്രമുഖർ സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
പതിനൊന്ന് ദിവസങ്ങളിലായി നടന്ന മേളയിൽ ഏതാണ്ട് 23 ലക്ഷം പേർ സന്ദർശിച്ചു എന്നാണു സംഘാടകർ അറിയിച്ചിട്ടുള്ളത്. ഇവരിൽ മുപ്പത് ശതമാനത്തോളം പ്രവാസികളായ മലയാളികളാണ്. 60 രാജ്യങ്ങളിൽ നിന്നായി 1681 പ്രസാധകർ പുസ്തകമേളയിൽ പങ്കെടുത്തു. മറ്റ് പ്രസാധകരിൽ നിന്ന് വ്യത്യസ്തമായി പാരിഷത്തിക രീതിയിൽ പുസ്തകങ്ങളെ സന്ദർശകർക്ക് പരിചയപ്പെടുത്തുകയും ആശയം സംവദിക്കുകയും ചെയ്തുകൊണ്ട് പുസ്തകപ്രചരണ രീതിയിലാണു വില്പന നടത്തിയത്. പരിഷത്തിന്റെ എല്ലാ പുസ്തകങ്ങൾക്കും പുറമേ നാഷണൽ ബുക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കുട്ടികൾക്കുള്ള പുസ്തകങ്ങളും സ്റ്റാളിൽ ഉൾപ്പെടുത്തിയിരുന്നു.
പരിഷത്ത് ആനുകാലികങ്ങൾക്ക് നാട്ടിലേക്ക് വരിസംഖ്യ അടയ്ക്കുന്നതിനുള്ള സംവിധാനവും സ്റ്റാളിൽ ഒരുക്കിയിരുന്നു. പ്രവാസികൾക്ക് നാട്ടിലുള്ള പ്രിയപ്പെട്ട കുട്ടികൾക്ക് ഒരുവർഷത്തേക്കുള്ള ആനുകാലികങ്ങൾ ആശംസകളായി അയക്കുക എന്ന നവീന ആശയം പ്രവാസി സന്ദർശകരെ ഏറെ ആകർഷിച്ചു. ഇരുന്നൂറിൽപ്പരം വരിക്കാരെ കണ്ടെത്താൻ കഴിഞ്ഞു.. മുൻ കാല പരിഷത്ത് പ്രവർത്തകരായ നിരവധി ആളുകൾ സ്റ്റാളിൽ എത്തി അവരുടെ പരിഷത്ത്പ്രവർത്തന ഓർമ്മകൾ പങ്കുവച്ചു.
പാപ്പൂട്ടി മാഷിന്റെ ജ്യോതിഷവും ജ്യോതിശാസ്ത്രവും, ശാസ്ത്രവും കപടശാസ്ത്രവും, എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്നീ പുസ്തകങ്ങൾക്കായിരുന്നു ഇത്തവണയും ആവശ്യക്കാരേറെയും. നാഷണൽ ബുക് ട്രസ്ററ് പ്രസിദ്ധീകരിച്ച ടോട്ടോച്ചാനും വമ്പിച്ച സ്വീകാര്യതയായിരുന്നു പുസ്തകോത്സവത്തിൽ ലഭിച്ചത്

Leave a Reply

Your email address will not be published. Required fields are marked *