സ്ത്രീത്വത്തെ അപമാനിക്കുന്നവർക്കെതിരെ നിയമനിർമ്മാണം നടത്തുക

0

കണ്ണൂര്‍‌: പ്രസിദ്ധ സിനിമാ ഡബ്ബിംഗ് ആർട്ടിസ്റ്റ് ശ്രീമതി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന പ്രതിഷേധം വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. പ്രസ്തുത സംഭവം വിരൽ ചൂണ്ടുന്ന ചില അടിസ്ഥാന വസ്തുതകളിലേക്ക് കണ്ണൂർ ജില്ലാ കമ്മറ്റി സർക്കാറിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്.

 1. നീചവും നിന്ദ്യവുമായ രീതിയിൽ അറപ്പുളവാക്കുന്ന പദപ്രയോഗങ്ങളിലൂടെ പൊതു സമൂഹത്തിലെ ഉന്നത ശീർഷരായ വനിതകളെ പേരെടുത്തു പറഞ്ഞും പറയാതെയും ഹീന മാനസനായ ഒരു വ്യക്തി യു ട്യൂബ് വീഡിയോയിൽ ആക്ഷേപിച്ചതിനെതിരെ അധികൃത സ്ഥാനങ്ങളിൽ പരാതി നൽകിയിട്ടും അവഗണിക്കപ്പെട്ടതു കൊണ്ട് പ്രസ്തുത വ്യക്തിയെ നേരിൽ കണ്ട് പ്രതിഷേധിച്ചതാണ് വാർത്തയായത്.
  പ്രതിയുടെ കുറ്റബോധമില്ലാത്ത ധിക്കാര പ്രതികരണമാണ് രംഗം സംഘർഷ ഭരിതമാക്കിയത് എന്ന് വനിതകൾ വ്യക്തമാക്കിയിട്ടുണ്ട്.
  അവരുടെ പരാതി കിട്ടിയ ഉടൻ തക്കതായ നടപടി സ്വീകരിക്കാത്തത് പോലീസിന്റെ ഭാഗത്തുള്ള അനാസ്ഥയാണ്.
  ഈ കാര്യം അന്വേഷിച്ച് യാഥാർത്ഥ്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
  മേലിൽ ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചാൽ കൈക്കൊള്ളണ്ട നടപടികളെക്കുറിച്ച് കൃത്യമായ നിർദ്ദേശം നിയമ പാലകർക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
 2. പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ധാരാളം സംഭവങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടാകുന്നുണ്ട്. നിലവിലുള്ള സൈബർ നിയമങ്ങൾ അവ തടയാൻ പര്യാപ്തമല്ല. അനുയോജ്യമായ നിയമ നിർമാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അഭ്യർത്ഥിക്കുന്നു.
 3. സംഭവത്തിന് കാരണമായ കുറ്റം ചെയ്ത വ്യക്തിക്കെതിരെ നിസ്സാര വകുപ്പുകളും അത് ചോദ്യം ചെയ്ത വനിതകൾക്കെതിരെ ജാമ്യമില്ലാക്കുറ്റവും ചുമത്തി കേസെടുത്ത പോലീസിന്റെ നടപടി അപലപനീയമാണ്.
 4. ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് വാർത്താ ചാനലുകളുടെ ചാറ്റ് ബോക്സിലും സാമൂഹ്യ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ആൺകോയ്മാ മനോഭാവത്താൽ രോഗാതുരമായ കേരളീയ മനസ്സിന്റെ പ്രതിഫലനമാണ്.
  ഇതിനെതിരെ ശക്തമായ ബോധവൽക്കരണത്തിന് മുന്നിട്ടിറങ്ങുവാൻ യുവജന മഹിളാ സാംസ്കാരിക സംഘടനകളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *