ആലുവ : മേഖലാ പരിഷത്ത് സ്‌കൂള്‍ ജൂലൈ 08,09,10 തിയ്യതികളില്‍ മനയ്‌കപ്പടി ജി.എല്‍.പി.എസില്‍ നടന്നു.

ഒന്നാം ദിവസം വൈകുന്നേരം 6.30 ന് മഞ്ഞുരുക്കല്‍ പരിപാടിയിലൂടെ സ്‌കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സ്വയം പരിചയപ്പെടുത്തി.

”ശാസ്ത്രബോധവും നമ്മളും” എന്ന ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് പി.രാധാകൃഷ്ണന്‍ നേതൃത്വം നല്കി. ഗ്രൂപ്പ് റിപ്പോര്‍ട്ടിങ്ങ്, സംവാദം എന്നിവയ്ക്കു ശേഷം ഡോ.എന്‍.ഷാജി (ശാസ്ത്രഗതി എഡിറ്റര്‍), എ.പി.മുരളീധരന്‍ എന്നിവര്‍ സെഷന്‍ ക്രോഡീകരിച്ചു.

രണ്ടാം ദിവസം രാവിലെ 10 മണിക്ക് മൈക്രോസ്‌കോപ്പിലൂടെയുള്ള സൂക്ഷ്മജീവി നിരീക്ഷണത്തെത്തുടര്‍ന്ന് വിവിധതരം മൈക്രോസ്‌കോപ്പുകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ചുമുള്ള ഡോ:ഡേവിഡ് സാജ് മാത്യുസാറിന്റെ (ബോട്ടണി വിഭാഗം മേധാവി, യു.സി കോളജ്, ആലുവ) ക്ലാസ്സായിരുന്നു. അദ്ദേഹം മൈക്രോസ്‌കോപ്പിലൂടെ കാണാവുന്ന സൂക്ഷ്മജീവികളുടെ ഇമേജുകള്‍ പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ ക്യാമ്പംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ക്യാമ്പംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്കി.

വൈകീട്ട് 5.30ന് അംഗങ്ങളെല്ലാം രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞ് സ്‌കൂളിനു സമീപപ്രദേശത്തുള്ള വീടുകളില്‍ ചെന്നു വീട്ടുകാരെ മൈക്രോസ്‌കോപ്പിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കാന്‍ ക്ഷണിച്ചു. രണ്ടുവീടുകളില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. നിരീക്ഷണത്തിനെത്തിയ പരിസരവാസികള്‍ക്ക് സൂക്ഷ്മജീവികളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങള്‍, രോഗങ്ങള്‍, പ്രതിരോധകുത്തിവയ്പുകളുടെ പ്രാധാന്യം, വാക്‌സിനേഷന്റെ ശാസ്ത്രീയത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ചും ചുരുങ്ങിയ സമയം കൊണ്ടു വിവരങ്ങള്‍ നല്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുകയും ചെയ്തു.

പിന്നീട് ”ലിംഗസമത്വത്തില്‍ നാമെവിടെ നില്ക്കുന്നു” എന്ന വിഷയത്തില്‍ ട്രാന്‍സ്ജന്റര്‍ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവച്ചു. കടുത്ത ലിംഗവിവേചനം നേരിടുന്ന ഇന്നത്തെ സമൂഹത്തില്‍ സ്ത്രീയോ പുരുഷനോ അല്ലാതെ ഹിജഡകളായി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ക്യാമ്പംഗങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. ശ്രീയും നേഹയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.

നിഷമോള്‍ (റിസര്‍ച്ച് സ്‌കോളര്‍, അപ്ലൈഡ് എക്കണോമിക്‌സ് വിഭാഗം, കുസാറ്റ്) ലിംഗസമത്വ സെഷന് നേതൃത്വം നല്കി. സ്ത്രീവിവേചനത്തിന്റെ തീവ്രത ബോധ്യമാക്കുന്ന ടാക് റോസ്, അലിഫ്, ഒഴിമുറി എന്നീ സിനിമകളുടെ ഭാഗങ്ങളും ചര്‍ച്ചക്കായി ഉപയോഗിച്ചു. എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സിന് പഠിക്കുന്ന ചോലനായ്ക്കര്‍ വിഭാഗത്തിലെ ആദ്യ പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാര്‍ഥി വിനോദ് ആദിവാസിക്ഷേമ പദ്ധതികളുടെ ശോചനീയാവസ്ഥയും ആദിവാസമേഖലയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ അപര്യാപ്തതകളും സംക്ഷിപ്തമായി വിവരിച്ചു. നിഷമോള്‍, എ.പി.മുരളീധരന്‍ എന്നിവര്‍ സെഷന്‍ ക്രോഡീകരിച്ചു.

” വികസനസംവാദം” സെഷനില്‍ അംഗങ്ങളെ കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ഊര്‍ജം, ഗതാഗതം എന്നീ ഗ്രൂപ്പുകളാക്കി തിരിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ശേഷം ആശയങ്ങള്‍ പോസ്റ്ററുകളിലായി എഴുതി അവതരിപ്പിച്ചു. തുടര്‍ന്ന് നടന്നപൊതുസംവാദം വിവിധ വിഷയങ്ങളിലെ നിലപാടുകളുടെ രാഷ്ട്രീയ വിശകലനത്തിന് സഹായകമായി. ശേഷം എം.കെ. രാജേന്ദ്രന്‍ സെഷന്‍ ക്രോഡീകരിച്ചുകൊണ്ടു പരിഷത്ത് നിലപാടുകള്‍ അവതരിപ്പിച്ചു.

മൂന്നാംദിവസം ”പരിഷത്തും സംഘാടനവും” എന്ന സെഷനില്‍ മേഖലാ യൂണിറ്റുതലങ്ങളിലെ വിജ്ഞാനോത്സവം, മാസികാകാമ്പയിന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹോംവര്‍ക്ക് ചെയ്തുവരാന്‍ നല്‍കിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ അവയുടെ വിജയത്തിനാവശ്യമായ നൂതനാശയങ്ങളും സംഘാടനപരിപാടികളും ചര്‍ച്ച ചെയ്തു. ജയ്‌മോന്‍ നേതൃത്വം നല്കിയ ഗ്രൂപ്പ്‌ഗെയിമിനുശേഷം പരിഷത്ത് അംഗങ്ങള്‍, യൂണിറ്റ് മേഖലാഭാരവാഹികള്‍ എന്നിവരുടെ റോളുകള്‍ വ്യക്തമാക്കാന്‍ കൂട്ടായി ചര്‍ച്ച നടത്തി. മധു ക്രോഡീകരിച്ചു.

”പിന്നിട്ട പാതകളും ഇന്നത്തെ പ്രസക്തിയും ” സെഷനില്‍ പങ്കാളികളെ ആകര്‍ഷിച്ച പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ ലിസ്റ്റ് ചെയ്യുകയും അവ മാപ്പ് ചെയ്യുകയും ചെയ്തു. അവയെ കൂട്ടിയിണക്കി പരിഷത്തിന്റെ പിറവി, വളര്‍ച്ച, ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങള്‍, പ്രസക്തി, ശാസ്ത്രപ്രചാരണത്തിന്റെ പ്രാധാന്യം തുടങ്ങിയവ എ.പി.മുരളീധരന്‍ വിശദീകരിച്ചു. സതീശന്‍ നിലാമുറി സ്വാഗതസംഘത്തെ പരിചയപ്പെടുത്തി. സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ നട മഴക്കാല ശുചിത്വ ബോധവല്‍ക്കരണപരിപാടിയുടെ അവതരണവും വിശകലനവും ജയ്‌മോഹന്‍ നിര്‍വഹിച്ചു.

10 യൂണിറ്റുകളില്‍ നിന്നായി 50 പേര്‍ പങ്കെടുത്തു. ഒന്നാം ദിവസം 32 ഉം രണ്ടാം ദിവസം 43 ഉം മൂന്നാം ദിവസം 25 ഉം. മൂന്നു ദിവസവും പങ്കെടുത്തവര്‍ 18 ഉം ആയിരുന്നു. കരുമാല്ലൂര്‍ യൂണിറ്റാണ് മേഖലാ പരിഷത്ത് സ്‌കൂളിന് ആതിഥ്യമരുളിയത്. ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് ജി ഡി ഷിജു ചെയര്‍മാനും സതീശന്‍ നിലാമുറി ജനറല്‍ കണ്‍വീനറുമായ സ്വാഗതസംഘമാണ്.