കല്ലാച്ചി ടൗണിലെ മാലിന്യപ്രശ്നം – പരിഷത്ത് റിപ്പോർട്ട് സമർപ്പിച്ചു

0

റിപ്പോർട്ട് പരിശോധിച്ച് പരിഷത്ത് പ്രതിനിധികളുമായി ചർച്ച നടത്താമെന്നും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് – വി.വി.മുഹമ്മദലി

കോഴിക്കോട്:  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും പരിഷത്ത് പ്രവർത്തകരും ചേർന്ന് ജൂൺ 5, 6 തീയതികളിൽ കല്ലാച്ചി ടൗണിലെ മുഴുവൻ കടകളുടെയും പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മാലിന്യപ്രശ്നങ്ങളുടെ റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് സമർപ്പിച്ചു. പല കടകൾക്ക് പിറകിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതും ചിലയിടങ്ങളിൽ പ്ലാസ്റ്റിക് കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഓടകളിൽ മാലിന്യം തള്ളിയതും കാണാനിടയായി. ഇതിന്‍റെ ഫലമായി ഓടകളിൽ വെള്ളം കെട്ടിനിൽക്കുന്നുമുണ്ട്. ഇതിന്‍റെയെല്ലാം ഫോട്ടോ സഹിതമുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്. ടൗണിൽ ചില ഭാഗങ്ങളിൽ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയാവുന്ന അവസ്ഥയിലേക്ക് ഇത് വളരുന്നതായി പ്രവർത്തകർ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പരിശോധിച്ച് പരിഷത്ത് പ്രതിനിധികളുമായി ചർച്ച നടത്താമെന്നും മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി ഉറപ്പു നൽകി. മേഖല ആരോഗ്യ വിഷയസമിതി ചെയർമാൻ എ.കെ.പീതാംബരൻ മാസ്റ്റർ, കൺവീനർ വി.കെ.വനജ, പരിഷത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എം.പ്രീത, ജില്ലാ കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, കെ.രാജൻ മാസ്റ്റർ, നിഷ.വി.സി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *