എറണാകുളം ജില്ലാ സമ്മേളനം നടന്നു.ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടു പിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ ആർ ശാന്തിദേവി റിപ്പോർട്ടും ട്രഷറർ കെ എൻ സുരേഷ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.ഓഡിറ്റർ കെഎം സാജു ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ട് പ്രതികരണങ്ങളെ തുടർന്ന് പ്രമേയ അവതരണവും അന്നേ ദിവസം നടന്നു.24ന് രാവിലെ 10ന് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാരംഭിച്ച പൊതുസമ്മേളനം തൃപ്പൂണിത്തുറ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രമതി രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. വൈശാഖൻ തമ്പി ചിന്തയും ചിന്താക്കുഴപ്പങ്ങളും എന്ന വിഷയത്തിൽ ഉദ്ഘാടന ക്ലാസ്സ് എടുത്തു.വ്യക്തിനിഷ്ഠയെ മാറ്റി വസ്തുനിഷ്ഠയെ ഉറപ്പിക്കുന്ന മാർഗം ശാസ്ത്രത്തിന്റേതുമാത്രമാ ണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ നിന്നും സ്വീകരിക്കുന്ന അറിവുകൾ വഴി മെന്റൽ മോഡലിങ് നടക്കുന്നുണ്ട്.വഴിയിൽ ഇരിക്കുന്ന കല്ല് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് ഒരാൾ ഉറച്ചു വിശ്വസിക്കുമ്പോൾ തന്നെ മറ്റൊരാൾ അങ്ങനെ കഴിയില്ല എന്ന് തിരിച്ചറിയുന്നതും ഇതുകൊണ്ടാണ്.

സാലിമോൻ നേതൃത്വം നൽകിയ സ്വാഗതഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പി ബി വിനോദ് സ്വാഗതം പറഞ്ഞു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലയിൽ വെച്ചു നടക്കുന്ന സംസ്ഥാന വാർഷികത്തിന്റെ ഓൺലൈൻ പ്രചാരണോദ്ഘാടനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ കെ വി കുഞ്ഞികൃഷ്ണൻ മാഷിന്റെ സന്ദേശം പങ്കുവച്ചുകൊണ്ട് മുഴുവൻ പ്രതിനിധികളും ചേർന്ന് നിർവഹിച്ചു. ഇതിനായി കോഓർഡിനേറ്റർ അഭിലാഷ് അനിരുദ്ധൻ നേതൃത്വം നൽകി. സ്വാഗത സംഘം വൈസ് ചെയർമാൻ ഡോ. ആർ ശശികുമാർ നന്ദി പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽ സംഘടനാരേഖ നിർവാഹക സമിതി അംഗം ഡോ കെ രാജേഷ് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ നടന്നുവരുന്ന കെറെയിൽ പഠനത്തിന്റെ പുരോഗതി വിലയിരുത്തി സംസാരിച്ചു. സംഘടനാരേഖ ചർച്ചയെത്തുടർന്ന് ജില്ലയിൽ വെച്ചു നടക്കുന്ന സം സ്ഥാന വാർഷികത്തോടനുബന്ധിച്ച് നടക്കേണ്ട പ്രവർത്തനങ്ങൾ സ്വാഗതസംഘം ജനറൽ കൺവീനർ പ്രൊഫ. പി ആർ രാഘവൻ വിശദീകരിച്ചു. സംസ്ഥാനവാർഷികത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ശാസ്ത്രോത്സവങ്ങൾ, യുവത, ശാസ്ത്രസംവാദങ്ങൾ, വീട്ടുമുറ്റക്ലാസുകൾ തുടങ്ങി വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു

സംസ്ഥാന സെക്രട്ടറി നാരായണൻ കുട്ടി കെ എസ് ജില്ലയിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. നിർവാഹകസമിതി അംഗം ഡോ. എം രഞ്ജിനി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഡോ. എൻ ഷാജി (പ്രസിഡന്റ്), കെ കെ കുട്ടപ്പൻ, സിമി ക്ലീറ്റസ് (വൈസ് പ്രസിഡന്റുമാർ) കെ പി സുനിൽകുമാർ (സെക്രട്ടറി), പി വി വിനോദ്, ടി പി ഗീവർഗീസ് (ജോ. സെക്രട്ടറിമാർ) കെ എൻ സുരേഷ് (ട്രഷറർ) എന്നിവരെയും ഓഡിറ്റർമാരായി ടി എൻ സുനിൽ കുമാറിനെയും എം സി സുരേന്ദ്രനെയും തെരഞ്ഞെടുത്തു.സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിലൂടെ മാതൃക സൃഷ്ടിച്ചതുപോലെ ജില്ലയിൽ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ മാലിന്യ സംസ്കരണ യജ്ഞം സംഘടിപ്പിക്കണമെന്ന് ജില്ലാ സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഔദ്യോഗിക അനൗ ദ്യോഗികസംവിധാനങ്ങളെയും ജനങ്ങളെയും അണിനിരത്തി ജനകീയ ക്യാമ്പയിൻ രൂപപ്പെടണം എന്നും ആഹ്വാനം ചെയ്തു.ഡോക്ടർ കെ ജി പൗലോസ് ചെയർമാനും എം സി ജിനദേവൻ ജനറൽ കൺവീന റുമായുള്ള സ്വാഗതം സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കെ പി സുനിൽ
കെ എൻ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *