ഒന്നിച്ചിറങ്ങാം… നവകേരളം രചിക്കാന്‍, ജനാധിപത്യ ഇന്ത്യ സാദ്ധ്യമാക്കാന്‍….

0

അടുത്ത ഒരു മാസം നമ്മൾ പരസ്പരം കാണുകയാണ്. വീടുകളിൽ പോയി അംഗങ്ങളെ കാണണം. കുടുംബാംഗങ്ങളുമായി സംസാരിക്കണം.

16 ജൂണ്‍, 2023

സുഹൃത്തുക്കളേ,
ജൂലൈ മാസത്തിൽ അതിവിപുലമായ ഒരു കാമ്പയിനിലേയ്ക്ക് നാം പോവുകയാണ്. യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മേഖലാ കമ്മിറ്റിയംഗങ്ങൾ അടങ്ങുന്ന ചെറുസ്ക്വാഡുകൾ നമ്മുടെ എഴുപതിനായിരത്തിൽ താഴെ വരുന്ന അംഗങ്ങളെയും നേരിട്ടു കാണുന്നു. നമ്മുടെ അംഗങ്ങളിൽ ചെറിയൊരു ഭാഗം മാത്രമേ പ്രവർത്തകരായി വരുന്നുള്ളൂ എന്നത് നമ്മൾ ആവർത്തിച്ച് പറയുന്ന പരാതിയാണ്.നിലവിലുള്ള സാഹചര്യത്തിൽ നമ്മുടെ ആൾബലവും അംഗങ്ങൾ തമ്മിലുള്ള ആത്മബന്ധവും വർദ്ധിപ്പിക്കേണ്ടതുണ്ട്.ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ സംഘടനാശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അഖിലേന്ത്യാതലത്തിൽ ഭരണകൂടം നേരിട്ടു തന്നെ ശാസ്ത്ര വിരുദ്ധ പ്രചരണത്തിന് നേതൃത്വം നൽകുന്നു. പാoപുസ്തകത്തിൽ നിന്ന് ശാസ്ത്രവും ചരിത്രവും പടിയിറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്.കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസപ്രചരണം അതിന്റെ മൂർദ്ധന്യത്തിലെത്തിയതിന്റെ ലക്ഷണമാണിത്.

അഖിലേന്ത്യാതലത്തിൽ സ്ഥിതി ഇതായിരിക്കുമ്പോൾ കേരളത്തിൽ ശാസ്ത്രപ്രചരണം ദ്വിമുഖമായ ആക്രമണങ്ങൾ നേരിടുന്നു. ഒരു വശത്ത് മത-സാമുദായിക സംഘടനകൾ ശക്തി പ്രാപിക്കുകയും ആചാരാനുഷ്ഠാനങ്ങളിലേക്ക് ജനങ്ങളെ ആകർഷിക്കുകയും ചെയ്യുന്നു.ഭക്തിയുടെ പേരിൽ രോഗശാന്തിയും അത്ഭുത പ്രവർത്തനങ്ങളും നടക്കുന്നതായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മറുവശത്ത് കേരളം ഇന്നേവരെ നേടിയിട്ടുള്ള പാരിസ്ഥിതികാവബോധത്തിനെതിരായ കൂട്ടായ പ്രചരണം നടക്കുന്നുണ്ട്. വനവത്ക്കരണം, പ്ലാസ്റ്റിക്ക് നിയന്ത്രണം, തുടങ്ങിയവയ്ക്കെതിരായി വലിയ പ്രചരണം നടക്കുന്നുണ്ട്. പാരിസ്ഥിതികബോധം തന്നെ വിക സനത്തിനെതിരാണ് എന്ന പൊതുബോധം സൃഷ്ടിക്കാനുള്ള ശ്രമവും കാണാം.ആഗോളവത്ക്കരണ സാമ്പത്തികനയങ്ങളും അതിന് പറ്റിയ വികസന പരിപാടികളും തടസ്സമൊന്നുമില്ലാതെ നടത്തിയെടുക്കുന്നതിനും അതിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനു മുള്ള പശ്ചാത്തലമൊരുക്കലാണ് ഇത്തരം പ്രചരണങ്ങൾ വഴി നടക്കുന്നത്.

പരിഷത്ത് സംഘടനയെ ആശയപരമായും സംഘടനാപരമായുംകൂടുതൽ ദൃഡമാക്കിക്കൊണ്ടല്ലാതെ ഇവയെ മറികടക്കാനാവില്ല.

അടുത്ത ഒരു മാസം നമ്മൾ പരസ്പരം കാണുകയാണ്. വീടുകളിൽ പോയി അംഗങ്ങളെ കാണണം. കുടുംബാംഗങ്ങളുമായി സംസാരിക്കണം. ശാസ്ത്രം, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ച സൗഹൃദ സംഭാഷണങ്ങൾ നടത്തണം. ഒപ്പം അംഗങ്ങളുടെ അംഗത്വം പുതുക്കണം. മാസികകൾക്ക് വരിസംഖ്യയും വാങ്ങണം.കഴിഞ്ഞ വർഷത്തെ കേരള പദയാത്രയിലൂടെ കേരളത്തിന്റ സാമൂഹികമണ്ഡലത്തിൽ നമ്മൾ വലിയൊരു മുദ്ര പതിപ്പിപ്പിച്ചിട്ടുണ്ട്. അത് അടുത്ത ഘട്ടത്തിലേയ്ക്ക് വികസിപ്പിക്കുവാനാണ് നാം ലക്ഷ്യമിടുന്നത്.

ഒന്നിച്ചിറങ്ങുക, നവകേരളം രചിക്കുക, ജനാധിപത്യ ഇന്ത്യ സാദ്ധ്യമാക്കുക.

പാരിഷത്തികാഭിവാദനങ്ങളോടെ,
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *