ശാസ്ത്രബോധമെന്നാൽ ശാസ്ത്രത്തിന്റെ രീതി സ്വീകരിക്കാനുള്ള ബോധമാണ്.അത് തുറന്നതും മുൻവിധികളില്ലാത്തതുമാണ്.പരീക്ഷണ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നിഗമനങ്ങൾ രൂപവത്ക്കരിക്കുകയും പരീക്ഷണത്തിൽ തെറ്റെന്ന് തെളിയുന്നവയെ തള്ളിക്കളയുകയും ചെയ്യുകയെന്നതാണ് അതിന്റെ അടിസ്ഥാനതത്വം.ഇതിന് അനിവാര്യമായും വേണ്ടത് പ്രശ്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവയെ വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്ന് അപഗ്രഥിക്കാനുള്ള സംവിധാനവുമാണ്.ഈ രീതി വിജയപ്രദമാകണമെങ്കിൽ അതിനുള്ള മുന്നുപാധി സ്വാതന്ത്ര്യമാണ്. വിവരങ്ങൾ അറിയാനുള്ള സ്വാതന്ത്ര്യം, അത് വിശകലനം ചെയ്യാനുള്ള സ്വാതന്ത്ര്യം.വിശകലനങ്ങളിൽ ലഭിക്കുന്ന നിഗമനങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യം.

ഒരർത്ഥത്തിൽ ജനാധിപത്യവും സമാനമായ ഒന്നാണ്. സാമൂഹ്യപ്രശ്നങ്ങളാണ് ജനാധിപത്യത്തിൽ വിശകലനത്തിന് വിധേയമാകുന്നത്.വിദഗ്ദ്ധരായ വ്യക്തികളോ സ്ഥാപനങ്ങളോ മാത്രമല്ല ജനങ്ങളൊന്നാകെ ചേർന്നാണ് ഇവിടെ വിശകലനം നടത്തുന്നത്.ഇതിന് ജനങ്ങൾക്ക് വിവരങ്ങൾ കിട്ടണം.അത് വിശകലനം ചെയ്യാനുള്ള കഴിവും ഉണ്ടാകണം.എത്തുന്ന നിഗമനങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണം.

ശാസ്ത്ര ബോധത്തിനും ജനാധിപത്യത്തിനും ഇങ്ങനെ ചില പൊതു സ്വഭാവങ്ങളുണ്ട്. അതുകൊണ്ട് ശാസ്ത്രബോധമില്ലാത്ത സമൂഹത്തിൽ ജനാധിപത്യം ആഴത്തിൽ വേരൂന്നുക പ്രയാസമാണ്.ജനാധിപത്യമില്ലാത്ത സമൂഹത്തിൽ ശാസ്ത്രബോധത്തിനും വളരാനാവില്ല. ഒരർത്ഥത്തിൽ ശാസ്ത്രബോധത്തിന്റെ സാമൂഹ്യപ്രയോഗം തന്നെയാണ് ജനാധിപത്യം.

സമകാലിക ഇന്ത്യയിൽ ആദ്യം വെല്ലുവിളി നേരിട്ടത് ശാസ്ത്രബോധമാണ്.ഏഴായിരം വർഷം മുമ്പത്തെ വിമാനം,ചാണകത്തിലെ പ്ലൂട്ടോണിയം,സരസ്വതിനദിയുടെ പുനർജന്മം,കണ്ണീരിൽ നിന്ന് ഗർഭം ധരിക്കുന്ന മയിൽ, തുടങ്ങി സമൂഹത്തിലെ ഉന്നതസ്ഥാനീയരാൽ പ്രചരിപ്പിക്കപ്പെട്ട വിവിധങ്ങളായ അശാസ്ത്രീയവിശ്വാസങ്ങൾ നമ്മൾ കണ്ടു.യഥാർത്ഥത്തിൽ നിഷ്കളങ്കമായ ചില പൊട്ടത്തരങ്ങൾ പ്രചരിപ്പിക്കുകയായിരുന്നില്ല അത്തരം പ്രചരണങ്ങളുടെ ലക്ഷ്യം; സമൂഹത്തിന്റെ ശാസ്ത്രബോധത്തെ തകർക്കലായിരുന്നു.അത് ജനാധിപത്യത്തെത്തന്നെ നിഷേധിക്കലാകുമോ എന്ന് ഭയന്നവർ ഏറെയുണ്ട്.ആ ഭയം അസ്ഥാനത്തല്ല എന്ന് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നു.ഇന്ത്യൻ പാർലമെന്റിൽ ഒരു വലിയ സംഘം വിമർശകപദങ്ങളും പ്രതിഷേധ പരിപാടികളും നിരോധിച്ചു കൊണ്ടുള്ള അധികാരികളുടെ ഉത്തരവ് ഇതാണ് വ്യക്തമാക്കുന്നത്.ശാസ്ത്രബോധത്തെ തകർത്ത് കൊണ്ട് ജനാധിപത്യത്തെ ദുർബലമാക്കുകയും,ജനാധിപത്യത്തെ ദുർബലമാക്കിക്കൊണ്ട് ശാസ്ത്രബോധത്തെ മുരടിപ്പിക്കുകയുമാണ് അധികാരികൾ ചെയ്യുന്നത്.ഈ പ്രവണത ഏകാധിപത്യത്തിലേക്കാവും നീങ്ങുക.ഇനിയുമൊരു ഫാസിസ്റ്റ് വാഴ്ച ഇന്ത്യയ്ക്ക് താങ്ങാനാവില്ല.
ഇരുളടഞ്ഞൊരിന്ത്യയല്ല നാം കൊതിച്ചതോർക്കണം എന്ന് മുന്നറിയിപ്പ് നൽകുന്ന മുദ്രാഗീതം നമ്മൾ മറന്നൊട്ടുമില്ലല്ലേ?
ഒരുവട്ടം കൂടി അതുറക്കെപ്പാടുവാൻ സമയമായി.

പാരിഷത്തികാഭിവാദനങ്ങളോടെ

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *