ഐ.ആര്‍.ടി.സി: വാര്‍ഷിക ശരാശരിയായി 3000 മി.മീറ്റര്‍ മഴ കിട്ടുമ്പോഴും വേനലില്‍ കേരളം കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കേരളത്തിലെ പ്രതിശീര്‍ഷ ജലലഭ്യത കഴിഞ്ഞ നൂറുവര്‍ഷങ്ങളില്‍ അഞ്ചിലൊന്നായി കുറഞ്ഞ് 583 m3/year എന്ന അളവിലെത്തിയിരിക്കുകയാണ്. (ഇത് ഇന്ത്യന്‍ ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ്.) ആഗോളതാപനവും മഴലഭ്യതയില്‍ ഉണ്ടാകുന്ന വ്യതിയാനവും കൂടിയാകുമ്പോള്‍ വരും വര്‍ഷങ്ങളില്‍ ജലദൗര്‍ലഭ്യം കൂടുതല്‍ രൂക്ഷമാകും. 2021 ല്‍ കേരളത്തിന്റെ ജലലഭ്യത ആവശ്യമായതിനേക്കാള്‍ 5900 ദശലക്ഷം ഘനമീറ്റര്‍ കുറവായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ശരാശരി 126 ദിവസം മഴലഭിക്കുന്ന കേരളത്തില്‍ പ്രധാനമായും ഭൂഗര്‍ഭ ജലത്തേയാണ് നാം കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത്. ഏറ്റവും കൂടുതല്‍ കിണര്‍ സാന്ദ്രതയുള്ള കേരളത്തില്‍ 72% ജനങ്ങള്‍ക്കും കിണറാണ് ജലസ്രോതസ്സ്. കിണര്‍ സാന്ദ്രത തീരപ്രദേശങ്ങളില്‍ ചതുരശ്ര കിലോമീറ്ററിന് നിന്ന് 200 ഉം ഇടനാട്ടില്‍ 150 ഉം മലനാട്ടില്‍ 70 ഉം ആണ്. ഓരോ വര്‍ഷം കഴിയുന്തോറും വേനല്‍ക്കാലത്ത് വറ്റുന്ന കിണറുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കിണര്‍ വറ്റുമ്പോള്‍ കുഴല്‍ക്കിണര്‍ കുഴിച്ച് താല്‍ക്കാലിക പരിഹാരം കണ്ടെത്താന്‍ ശ്രമം നടക്കുന്നു; വേനല്‍ക്കാലം കുഴല്‍ക്കിണര്‍ കുഴിക്കുന്നവര്‍ക്ക് ചാകരക്കാലമാണ്. ഒരു കുഴല്‍കിണര്‍ വറ്റുമ്പോള്‍ കൂടുതല്‍ ആഴത്തില്‍ മറ്റൊന്ന് കുഴിച്ച് ഭൂഗര്‍ഭ ജലത്തിനായുള്ള മത്സരവും ചിലയിടങ്ങളില്‍ അരങ്ങേറുന്നു. ഈ സാഹചര്യത്തില്‍ പാഴായിപ്പോകുന്ന മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം കിണറിലേക്ക് എത്തിച്ച് പരിപോഷിപ്പിച്ചുകൊണ്ട് നമ്മുടെ കിണറുകളെ വര്‍ഷം മുഴുവന്‍ വെള്ളമുള്ളതാക്കി നിലനിര്‍ത്തുന്ന പ്രവര്‍ത്തനം നമുക്ക് എന്തുകൊണ്ട് ഏറ്റെടുത്തുകൂടാ?

2003ല്‍ 1767mm മഴലഭിച്ച പാലക്കാട് ജില്ലയിലെ കണക്ക് പ്രകാരം ആയിരം ചതുരശ്ര അടി വരുന്ന ഒരു മേല്‍ക്കൂരയില്‍ നിന്നും (80% ശേഖരിക്കുകയാണെങ്കില്‍) 1,47,860 ലിറ്റര്‍ വെള്ളം കിണറിലേക്ക് പരിപോഷിപ്പിക്കാം; മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ മാത്രം എടുത്താല്‍ പോലും പരിപോഷണം 13440ലിറ്റര്‍ വരും. തുലാവര്‍ഷത്തിലും വേനല്‍ക്കാലത്തും കിണറിലേക്ക് പരിപോഷിപ്പിക്കുന്ന വെള്ളം കിണറിലെ വേനല്‍ക്കാല ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ നല്ല പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

കിണര്‍ റീചാര്‍ജിംഗ് സിസ്റ്റത്തിന് പ്രധാനമായും നാലു ഭാഗങ്ങള്‍ ആണ് ഉള്ളത്. 1. ശേഖരണ സംവിധാനം (മേല്‍ക്കൂരയും ശേഖരണ ഗട്ടറുകളും) 2. കണ്‍വെയന്‍സ് പൈപ്പും ഇന്‍ലെറ്റ് വാല്‍വും, 3. ഫില്‍റ്റര്‍, 4. റീചാര്‍ജ് പൈപ്പ്) മഴവെള്ളം കിണറിലേക്ക് റീചാര്‍ജ് ചെയ്യുന്നതിനുമുമ്പായി മേല്‍ക്കൂരയില്‍നിന്നും വന്നുചേരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് ആവശ്യമാണ്. പലതരത്തിലുള്ള ഫില്‍റ്ററുകള്‍ ഇതിനായി ഉപയോഗിച്ചു വരുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഫലപ്രദമായതും, ഇടവേളകളില്‍ കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാനും കഴിയുന്ന ഒരു ഫില്‍റ്റര്‍ യൂണിറ്റാണ് ഐ.ആര്‍.ടി.സി. രൂപകല്പന ചെയ്തിട്ടുള്ളത്.

പരിശീലനം പ്രചരണവും

ഐ.ആര്‍.ടി.സി.യും നബാര്‍ഡും ചേര്‍ന്ന് പാലക്കാട് ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ പൊതുവായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. മഴവെള്ള കൊയ്‌ത്തിനുള്ള filter സംവിധാനം പരിചയപ്പെടുത്തുക എന്നതും തെരഞ്ഞെടുത്ത ഒരു വീട്ടില്‍ ഈ സംവിധാനം ഫിറ്റ് ചെയ്തുകാണിക്കുക എന്നതും പരിശീലനത്തിലെ മുഖ്യ ഇനങ്ങളായിരുന്നു.

വളരെ സൗകര്യപ്രദമായി ഫിറ്റ് ചെയ്യാന്‍ കഴിയുന്ന ഈ ഫില്‍റ്റര്‍ വികസിപ്പിക്കുന്നതില്‍ ചിറ്റൂര്‍ ഗവ.കോളേജിലെ പ്രൊഫ.വാസുദേവന്‍ പിള്ള, ഐ.ആര്‍.ടി.സിയില്‍ നിന്ന് സതീഷ്, പ്രൊഫ.മുസ്തഫ, രംഗസ്വാമി, പ്രസാദ് എന്നിവര്‍ മുഖ്യപങ്ക് വഹിച്ചു. മേല്‍ക്കൂരയുടെ വിസ്തൃതിക്കനുസൃതമായി ഫില്‍റ്റര്‍ യൂണിറ്റിന്റെ വലിപ്പം വര്‍ധിപ്പിക്കുന്നതിനും, ഫില്‍റ്ററില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ബുദ്ധിമുട്ടു കൂടാതെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി വീണ്ടും നിറച്ച് ഉപയോഗിക്കാമെന്നതും ഇതിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്.

ഫില്‍റ്റര്‍ യൂണിറ്റ് ഒരു ഉല്‍പന്നമെന്ന നിലയില്‍ ready to fit യൂണിറ്റായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ഐ.ആര്‍.ടി.സിയില്‍ നടന്നുവരുന്നു.