കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസറഗോഡ് ജില്ലാ സമ്മേളനം

0

പാപ്പൂട്ടി മാഷ് കാസറഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

പരിഷത്തിനെ ഹൃദയത്തിലേറ്റി പെരുമ്പള ഗ്രാമം
കാസർകോട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കാസർക്കോട് ജില്ലാ സമ്മേളനം പെരുമ്പള ഗവ: എൽ.പി.സ്കൂളിൽ വെച്ച് നടന്നു. പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം എന്നതാണ് സമ്മേളനത്തിൻ്റെ മുഖ്യ പ്രമേയം. സമ്മേളനത്തിൻ്റെ മുന്നോടിയായി തൃക്കരിപ്പൂർ, പരപ്പ കാഞ്ഞങ്ങാട്, കാസർകോട് മേഖലകളിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്ര ജാഥ വൻ വിജയമായി. ശാസ്ത്ര
പുസ്തക പ്രചരണവും, ചോദ്യം എന്ന ലഘു നാടകവും നക്ഷത്രനിരീക്ഷണ ക്ലാസ്സുകളുമടക്കമുള്ള അനുബന്ധ പരിപാടികൾ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. സമ്മേളനം നടക്കുന്ന ചെമ്മനാട് പഞ്ചായത്തിലെ ബേനൂർ, അണിഞ്ഞ , ചെമ്മനാട്, അഞ്ചങ്ങാടി എന്നിവിടങ്ങളിലെ കലാ ജാഥാ അവതരണത്തിൽ നൂറു കണക്കിന് ആൾക്കാർ എത്തിച്ചേർന്നത് ആ വേശകരമായി. പരിഷത്ത് മുൻ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യവും ശാസ്ത്രബോധം വളരേണ്ട ഇന്നത്തെ സാഹചര്യവും ഉദ്ഘാടന ക്ലാസിൽ ലളിതമായ ഭാഷയിൽ വിശദീകരിച്ചു. സ്വാഗത സംഘം ചെയർമാൻ ഗ്രാമ പഞ്ചായത്ത് മെമ്പർ മനോജ് കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്യായണി അധ്യക്ഷത വഹിച്ചു. ബഹുജന സംഘടനാ പ്രവർത്തകൻ മധു മുതിയക്കാൻ , പെരുമ്പള ഗവ.എൽ പി .സ്ക്കൂൾ പ്രധാനാധ്യാപിക ഗീത ടീച്ചർ എന്നിവർ സംസാരിച്ചു. രാത്രി രാത്രി 7.30 ന് ജില്ലയിലെ പരിഷത്ത് കലാ ജാഥകളിലെ കലാകാരന്മാരെ ആദരിക്കുകയും അനുഭവങ്ങൾ പങ്കു വയ്ക്കുകയും ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ. ശാന്തകുമാരി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ.സി.രാമകൃഷ്ണൻ ,ഡോ. എം.വി. ഗംഗാധരൻ, വി.പി. സിന്ധു, കെ. പ്രേംരാജ്, എ.എം. ബാലകൃഷ്ണൻ എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ടി. സുകുമാരൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.കുഞ്ഞിക്കണ്ണൻ കണക്കും അവതരിപ്പിച്ചു. ഡോ.എം.വി ഗംഗാധരൻ ജില്ലാ അവലോകനവും എ.എം. ബാലകൃഷ്ണൻ ഭാവി പ്രവർത്തന രേഖയും അവതരിപ്പിച്ചു.
പുതിയ വർഷത്തെ ഭാരവാഹികൾ സെക്രട്ടറി പി.പി.രാജൻ, പ്രസിഡണ്ട് വി.ടി. കാർത്യായണി. ട്രഷറർ കെ.പ്രേംരാജ് .
ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിനുള്ള ധനസഹായം നിർത്തലാക്കിയ നടപടിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: ഇന്ത്യൻ ശാസ്ത്രമേഖലയുടെ വളർച്ചയ്ക്കും വികാസത്തിനും വലിയ സംഭാവനകൾ നൽകി വരുന്ന സയൻസ് കോൺഗ്രസിനുള്ള ധന സഹായം നിർത്തലാക്കിയ നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സർവകലാശാലകളിലെ ശാസ്ത്ര വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, വിദേശ ശാസ്ത്രജ്ഞർ ഉൾപ്പെടെ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പ്രതിഭകളുടെ സംഗമമാണ് നൂറ്റാണ്ടുകൾക്കു ശേഷം ഇതാദ്യമായി മുടങ്ങിയത്. പുതിയ ആശയങ്ങളുടെയും ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും പ്രബന്ധങ്ങളുടെയും അവതരണത്തിലൂടെയും സംവാദത്തിലൂടെയും ശാസ്ത്രത്തിൻ്റെ വഴിയിൽ വലിയ മുന്നേറ്റത്തിന് അവസരമൊരുക്കുന്നതാണ് എല്ലാ വർഷവും ജനുവരി മാസത്തെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ശാസ്ത്ര കോൺഗ്രസ് . കഴിഞ്ഞ മാസം നടക്കേണ്ട 109ാം ശാസ്ത്ര കോൺഗ്രസ് നടത്താനാവശ്യമായ സാമ്പത്തിക സഹായം അടിയന്തിരമായും അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രാത്രി ഏറെ വൈകിയിട്ടും പരിസരത്തെ 50 ഓളം വീടുകളിൽ പ്രതിനിധികളെ എത്തിക്കാൻ സംഘാടക സമിതിയിലെ വനിതകളടക്കമുള്ള പ്രവർത്തകർ കാത്തിരുന്നത് ഏറെ ആവേശം പകരുന്നതായി.
പരിഷത്തിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പെരുമ്പള ഗ്രാമത്തിന്റെ ആതിഥ്യ മര്യാദ വരും കാല പ്രവർത്തനത്തിൽ നമ്മുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതാണ്. സ്വാഗത സംഘം പ്രവർത്തകരെ പരിചയപ്പെടുത്തിയ ശേഷം സ്വാഗത സംഘം കൺവീനർ ബി. അശോകൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *