കേരള പദയാത്രയുടെ കാസർകോട് ജില്ലാപര്യടനം മാന്തോപ്പ് മൈതാനിയിൽ നിന്ന് ആരംഭിച്ചു.

0

Kerala Padayathra Inauguration

കേരളശാസ്ത്രസാഹിത്യപരിഷത്ത് ജനകീയക്യാമ്പയിന്റെ ഭാഗമായി നടത്തുന്ന കേരള പദയാത്ര തുടരുന്നു.   2023 ജനുവരി 27 ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ നിന്നും ആദ്യദിനത്തിലെ ക്യാപ്റ്റനായ ഡോ: ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പദയാത്ര ആരംഭിച്ചു.  കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. പദയാത്രയുടെ ആദ്യ സ്വീകരണകേന്ദ്രമായ കൊവ്വാൽ സ്റ്റോറിൽ  സ്വീകരണം നൽകി.   ക്യാപ്റ്റൻ ഡോ . തോമസ് ഐസക്ക്  ഉന്നതവിദ്യാഭ്യാസം ലഭിച്ച യുവതലമുറക്ക് മികച്ച തൊഴിൽ സാധ്യതകൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയെപറ്റി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. മാന്തോപ്പിൽ നിന്ന് കൊവ്വാലിലേക്കുള്ള യാത്രയിൽ നാല് കേന്ദ്രങ്ങളിലായി കെ.എസ് ടി എ , ഡി വൈ എഫ് ഐ, മഹിളാ അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പദയാത്രികർക്ക് കുടിവെള്ളവും മധുരനാരങ്ങയും ലഘുഭക്ഷണങ്ങളും നൽകി. തുടർന്ന്  അടുത്ത കേന്ദ്രത്തിലേക്കുള്ള യാത്രയിൽ നെഹറു കോളജിൽ സ്റ്റുഡന്റ് കൗൺസിൽ ,എസ് എഫ് ഐ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാർഷികകോളേജ് പ്രാദേശികേന്ദ്രത്തിലും സ്വീകരണമുണ്ടായിരുന്നു. രണ്ടാമത്തെ  സ്വീകരണകേന്ദ്രമായ നിലേശ്വരം ആനച്ചാലിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ജാഥയെ സ്വീകരിച്ചു. സ്വീകരണ കേന്ദ്രത്തിന് സമീപത്ത് നിന്ന് മുൻ എം പി. പി.കരുണാകരന്റെ നേതൃത്വത്തിൽ ക്യാപ്റ്റനെ ഷാൾ അണിയിച്ച് സ്വീകരിച്ച് സ്വീകരണ കേന്ദ്രത്തിലേക്ക് സ്വാഗതം ചെയ്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം വി ബാലകൃഷ്ണനടക്കമുളളവർ സ്വീകരണ പരിപാടിയിൽ പങ്കാളികളായി. തുടർന്ന് വിവിധ സംഘടനാപ്രതിനിധികൾ ക്യാപ്ടൻ  ഡോ.ടി.എം തോമസ് ഐസക്കിൽ നിന്ന് ലഘുലേഖ കിറ്റുകൾ ഏറ്റുവാങ്ങിക്കൊണ്ട് പദയാത്രയെ സ്വീകരിച്ചു. നാളികേര  വിലയിടിവിന് പരിഹാരമുണ്ടാക്കാൻ നാളികേര സംസ്കരണത്തിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്ക പെടേണ്ടതുണ്ടെന്നും അതുപോലെ മത്സ്യസംസ്കരണ മേഖലയിലും പുതിയ സംസ്കരണരീതികൾ അവലംബിച്ച് മൂല്യവർദ്ധന ഉറപ്പു വരുത്തേണ്ടതിൻ്റെ ആവശ്യകതയും ഡോ.ഐസക്ക് ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. ജനകീയക്യാമ്പയിൻ വിശദീകരണം കേന്ദ്ര നിർവാഹക സമിതി അംഗം ഡോ.കെ. രാജേഷ്  നിർവഹിച്ചു.

പദയാത്രയുടെ മൂന്നാമത്തെ സ്വീകരണ കേന്ദ്രമായ എരിഞ്ഞിക്കീൽ നടന്ന സ്വീകരണത്തിൽ നിർവാഹകസമിതി അംഗം എൻ . ശാന്തകുമാരി ക്യാമ്പയിൻ വിശദീകരണം നടത്തി. തുടർന്ന് ക്യാപ്റ്റൻ ഡോ . തോമസ് ഐസക്കിൽ നിന്നും വിവിധ സംഘടനാ പ്രതിനിധികൾ ലഘുലേഖ കിറ്റ് ഏറ്റുവാങ്ങി പദയാത്രാ സ്വീകരണം നടന്നു. സ്ത്രീശാക്തീകരണത്തിൽ കേരള സമൂഹത്തിന്റെ മുന്നേറ്റം തന്റെ മറുപടി ഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു.പദയാത്രയുടെ ആദ്യ ദിനത്തിലെ സമാപന കേന്ദ്രമായ ചെറുവത്തൂരിൽ തൃക്കരിപ്പൂർ എം എൽ .എ എം.രാജഗോപാലിന്റ നേതൃത്വത്തിൽ പദയാത്രയെ സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് മാധവൻ മണിയറ, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള എന്നിവരും സ്വീകരണ പരിപാടിയിൽ സംബന്ധിച്ചു. ചെറുവത്തൂരിലെ സ്വീകരണ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ക്യാമ്പയിനിലൂടെ പരിഷത്ത് കേരള സമൂഹത്തിൽ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ  വിശദീകരിച്ചു. തുടർന്ന് ക്യാപ്റ്റൻ ഡോ : തോമസ് ഐസക് സ്വീകരണത്തിന് നന്ദി അറിയിച്ച് സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിയിൽ ജാഥയുടെ വൈസ് ക്യാപ്ടനും  സംസ്ഥാന പ്രസിഡണ്ടുമായ ബി. രമേഷ് , എം. ദിവാകരൻ എന്നിവർ സംസാരിച്ചു . പദയാത്രക്കൊപ്പം സഞ്ചരിക്കുന്ന കലാ ജാഥ  സ്വീകരണ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *