കോലഴി മേഖലയിൽ ഗൃഹസന്ദർശനം ഊർജിതമായി തുടരുന്നു…

0

18/07/23 തൃശ്ശൂർ

കോലഴിമേഖലയിൽ അവധിദിനമായ തിങ്കളാഴ്ച (ജൂലായ് 17 കർക്കിടകവാവ്) പകൽ മുഴുവൻ മുളംകുന്നത്ത്കാവ്, അവണൂർ യൂണിറ്റുകളിൽ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി. തിങ്കൾ രാവിലെ 10മുതൽ 1.15 വരെ മുളങ്കുന്നത്ത്കാവ് യൂണിറ്റ് പരിധിയിൽ വരുന്ന കല്യേപ്പടി , ഹരിതനഗർ പ്രദേശങ്ങളിലായിരുന്നു ഗൃഹസന്ദർശനം.
ഡോ.സജിത് വിളമ്പിലിന്റെ വീട്ടിൽ നിന്നായിരുന്നു തുടക്കം. അദ്ദേഹമിപ്പോൾ വയനാട് ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലെ പ്രൊഫസറാണ്. ( അദ്ദേഹം “രക്തദാനത്തിൻ്റെ പ്രസക്തിയെ ” പറ്റി പരിഷത്തിന് വേണ്ടി ഓൺലൈനിൽ 2 തവണ പ്രഭാഷണം നടത്തിയിട്ടുണ്ട്.) അദ്ദേഹവും അമ്മയും അംഗത്വമെടുക്കുകയും ശാസ്ത്രഗതിയുടെയും ശാസ്ത്ര കേരളത്തിൻ്റെയും വരിക്കാരാവുകയും ചെയ്തു. കൂടാതെ അങ്കണവാടിയിലേക്ക് ഒരു കുരുന്നില സ്പോൺസർ ചെയ്യാനും തയ്യാറായി. അദ്ദേഹത്തിൻ്റെ അമ്മ രുഗ്മിണി ടീച്ചർ സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചതിനു ശേഷം മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുകയും ഇപ്പോൾ വിവിധ കോളേജുകളിൽ ഗസ്റ്റ് അധ്യാപികയായി മനശ്ശാസ്ത്രത്തിൽ ക്ലാസ്സുകളെടുക്കുകയും ചെയ്യുന്നുണ്ട്. പരിഷത് വേദികളിൽ ക്ലാസ്സെടുക്കാനുള്ള സന്നദ്ധത അവർ അറിയിച്ചു. കോരിച്ചൊരിയുന്ന മഴ പുറത്ത് തകർക്കുമ്പോൾ അവർ പ്രവർത്തകർക്ക് ചൂടു ചായയും പലഹാരങ്ങളും നൽകി.
ഉച്ചതിരിഞ്ഞ് അവണൂർ പഞ്ചായത്തിലെ എടക്കുളം, തങ്ങാലൂർ പ്രദേശത്തായിരുന്നു ഗൃഹസന്ദർശനം. അവണൂർ യൂണിറ്റിലെ അംഗത്വം നേരത്തെ 100 % പുതുക്കിയിരുന്നു. 100 മാസികകൾക്ക് വരിക്കാരെയും ചേർത്തിരുന്നു. പഞ്ചായത്തിൻ്റെ കൂടുതൽ പ്രദേശങ്ങളിലേക്ക്‌ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 10 പേരെ പുതിയതായി കണ്ടെത്തി അംഗത്വം നൽകി.  അവണൂരിലെ സ്ക്വാഡു പ്രവർത്തനം ഇരുട്ടു പരക്കും വരെ തുടർന്നു. വളരെ സന്തോഷപ്രദവും ആവേശകരവുമായിരുന്നു ഗൃഹസന്ദർശനം.
ജില്ലാകമ്മിറ്റി അംഗം സൈമി ടീച്ചർ, മേഖലാ ജോ. സെക്രട്ടറി വി.കെ. മുകുന്ദൻ, ബാലവേദി മേഖല ചെയർമാർ ടി.ഹരികുമാർ , മേഖലാ ബാലവേദി കൺവീനർ എം.കെ.ഉണ്ണിക്കൃഷ്ണൻ, അങ്കണവാടി അധ്യാപിക വി.വി.ലളിത, ബാലവേദി പ്രവർത്തകയായ ദേവിക ഗിരിധരൻ, ടി.സത്യനാരായണൻ മേഖലാ സെക്രട്ടറി ഐ.കെ.മണി എന്നിവർ  നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *