ശാസ്ത്രവിനിമയം : പുതിയ സാധ്യതകൾക്കായുള്ള ചർച്ചകൾക്ക് വഴിയൊരുക്കി ലൂക്ക ശില്പശാല സമാപിച്ചു

0

15 ആഗസ്റ്റ് 2023 / തിരുവനന്തപുരം

പുതിയ കാലത്തിന്റെ ഭാഷയും രീതികളും തിരിച്ചറിഞ്ഞ് വിനിമയ ശൈലി സ്വായത്തമാക്കുക എന്നതാണ് വർത്തമാന കാലത്തെ ശാസ്ത്ര വിനിമയം നേരിടുന്ന വെല്ലുവിളിയെന്ന തിരിച്ചറിവോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ പ്രസിദ്ധീകരണം ലൂക്ക സംഘടിപ്പിച്ച മൂന്നു ദിവസത്തെ ശാസ്ത്ര വിനിമയം – പുതിയ കാലത്ത് ശില്പശാല സമാപിച്ചു. ശാസ്ത്രവിനിമയരംഗത്തെ പുതിയ സാധ്യതകൾക്കായുള്ള ചർച്ചകൾക്ക് തുടർച്ചയും വളർച്ചയും ഉറപ്പു വരുത്തണമെന്നും ശില്പശാല തീരുമാനിച്ചു. ശാസ്ത്ര വിനിമയത്തിന് ഒരു കർമപദ്ധതിയും മാനിഫെസ്റ്റോയും അവതരിപ്പിച്ചാണ് ശില്പശാല അവസാനിച്ചത്. കർമ പരിപാടിക്കായി വർക്കിങ് ഗ്രൂപിനെ ശില്പശാലയിൽ നിർദ്ദേശിക്കപ്പെട്ടു. ലൂക്കയുടെ മുന്നോട്ടുള്ള വഴിയും ശില്പശാലയിൽ ചർച്ചയായി.

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ വിവിധ സന്നദ്ധസംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായായിട്ടായിരുന്നു തിരുവനന്തപുരത്തെ പരിപാടി.

മൂന്നാം ദിവസം ടാർജറ്റ് ഗ്രൂപുകളും കാറ്റഗറികളും സെഷനിൽ ബാലസാഹിത്യം – ഇ. എൻ. ഷീജ, ഡോ.ബീന, ഗ്രാഫിക് പുസ്തകങ്ങൾ – ഡോ. സംഗീത ചേനംപുല്ലി, പുതു തലമുറ എഴുത്ത് – മേധ, അനുരാഗ് എസ് , സയൻസ് ഫിക്ഷൻ – രാജേഷ് പരമേശ്വരൻ എന്നീ അവതരണങ്ങൾ നടന്നു. സി. ചന്ദ്രബാബു മോഡറേറ്ററായി.

ശാസ്ത്ര വിനിമയത്തിന് ഒരു കർമപദ്ധതിയും മാനിഫെസ്റ്റോയും എന്ന അവസാന സെഷനിൽ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേശ് അധ്യക്ഷനായി. ഡോ.തോമസ് ഐസക് , അൻവർ സാദത്ത് എന്നിവർ അഭിസംബോധന ചെയ്തു. മാനിഫെസ്റ്റോയുടെ കരട് അരുൺ രവിയും ലൂക്ക കർമ പരിപാടി എഡിറ്റർ റിസ്വാൻ സി യും അവതരിപ്പിച്ചു.

അനു ജോയ് , ബയാന എന്നിവർ ശില്പശാല വിലയിരുത്തി സംസാരിച്ചു. ലൂക്ക എഡിറ്റോറിയൽ അംഗം റസീന നന്ദി പ്രകാശിപ്പിച്ചു.

സത്യാനന്തര കാലത്തെ ശാസ്ത്രവിനിമയം , ആശയാവതരണങ്ങൾ –
ഏറ്റെടുക്കേണ്ട മുൻഗണനാ വിഷയങ്ങൾ ഏതെല്ലാമാണ്? ആരോടെല്ലാമാണ് ശാസ്ത്രം വിനിമയം ചെയ്യേണ്ടത്? എങ്ങനെ വിനിമയം ചെയ്യണം ?
തുടങ്ങിയവയായിരുന്നു മൂന്നു ദിവസത്തെ ശില്പശാലയിലെ മുഖ്യ ചർച്ചാ വിഷയങ്ങൾ. ശാസ്ത്ര വിനിമയത്തിൽ തൽപരരായ നൂറോളം പേരാണ് പങ്കെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *