എം.എ. ഉമ്മന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ പ്രകാശനം ചെയ്തു 

0

ഡോ. ശശി തരൂർ എം.പിയിൽ നിന്നും ഡോ. ജെ. ദേവിക പുസ്തകം ഏറ്റുവാങ്ങുന്നു. ഡോ. എം.എ ഉമ്മൻ, ഡോ. കെ.പി. കണ്ണൻ , ഡോ. രവി രാമൻ , ബി. രമേഷ് എന്നിവർ സമീപം.

തിരുവനന്തപുരം: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ എം.എ ഉമ്മൻ്റെ 1960 കളിലെയും സമീപകാലത്തെയും ലേഖനങ്ങളിൽനിന്നും തെരഞ്ഞെടുത്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച “എം എ ഉമ്മന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ വെച്ചു നടന്ന ചടങ്ങിൽ  ഡോ. ശശി തരൂർ എം.പി പുസ്തക പ്രകാശനം നിർവഹിച്ചു. ഡോ. ജെ. ദേവിക പുസ്തകം ഏറ്റുവാങ്ങി. സങ്കീർണമായ സാമ്പത്തിക ശാസ്ത്ര വിഷയങ്ങൾ ലളിതമായി മലയാളത്തിൽ എഴുതുകയും സാമ്പത്തിക ശാസ്ത്രത്തെ കേവലം കണക്കുകൾക്കപ്പുറത്തേക്ക് ജനങ്ങളുടെ ജീവിതവുമായി ബന്ധിപ്പിച്ച് വിശദീകരിക്കുന്ന ലേഖനങ്ങൾ എം.എ. ഉമ്മൻ്റെ സവിശേഷതയാണ് എന്ന് എംപി ചൂണ്ടിക്കാട്ടി. വികസനത്തോടൊപ്പം അസമത്വം വളരുന്നതായുള്ള അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ ഇന്ന് ഏറെ പ്രസക്തമായി കൊണ്ടിരിക്കുന്നു എന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശശി തരൂർ അഭിപ്രായപ്പെട്ടു. അമർത്യാസെന്നിൻ്റെ ചിന്തകളെ കേരളത്തിന് പരിചയപ്പെടുത്തിയത് ഡോ. എം.എ. ഉമ്മനാണെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ഡോ. ജെ. ദേവിക പറഞ്ഞു.

പുസ്തകം പരിചയപ്പെടുത്തിയ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമൻ സാമ്പത്തിക രംഗത്തെ വ്യത്യസ്ത ചിന്താധാരകളെ കൂട്ടിയിണക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ ലേഖനങ്ങളിലൂടെ ഡോ. എം.എ. ഉമ്മൻ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി.

സെൻ്റർ ഫോർ ഡെവലപ്പ് സ്റ്റഡീസ് മുൻ ഡയറക്ടർ ഡോ. കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ. ജെ. ജോസഫ് സ്വാഗതം പറഞ്ഞു.ഡോ. കെ.എൻ ഹരിലാൽ (പ്രസിഡൻ്റ് , കേരള ഇക്കണോമിക് അസോസിയേഷൻ),

ബി. രമേഷ് ( കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്) തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സാമ്പത്തിക ശാസ്ത്രത്തിലെ സജ്ഞകൾ മലയാളത്തിൽ അവതരിപ്പിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ഡോ. എം.എ ഉമ്മൻ പറഞ്ഞു. പുസ്തകത്തിൻ്റെ എഡിറ്റിംഗും പഠനവും നിർവഹിച്ച പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണൻ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്) നന്ദി രേഖപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

You may have missed