ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍

mgk-menon

ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമേഖലയുടെ വളര്‍ച്ചക്ക് നിസ്തുലമായ നേതൃത്വം നല്‍കിയ ഡോ.എം.ജി.കെ.മേനോന്‍ 2016 നവംബര്‍ 22ന് നിര്യാതനായി. ശാസ്ത്രജ്ഞനെന്ന നിലയ്ക്കും ഭരണതന്ത്രജ്ഞനെന്ന നിലയ്ക്കും ഉജ്വലമായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം 1928ല്‍ മംഗലാപുരത്ത് ജനിച്ചു. 1942ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി 1945ല്‍ ആഗ്രസര്‍വകലാശാലയില്‍ നിന്നും ബിരുദമെടുത്തു. മുംബൈയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. നോബല്‍സമ്മാനം നേടിയ സി.എഫ്.പവലിന്റെ കീഴില്‍ ബ്രിസ്റ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തി. 1953ല്‍ പിഎച്ച്.ഡി നേടി. അപ്പോഴേക്കും ഭൗതിക ശാസ്ത്രരംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായി അദ്ദേഹം അറിയപ്പെട്ടുകഴിഞ്ഞിരുന്നു. ഡോ.ഹോമി.ജെ.ഭാഭയുടെ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ജോലിയില്‍ പ്രവേശിച്ചു.
കണികാഭൗതികത്തിലും കോസ്മിക് രശ്മികളെക്കുറിച്ചുള്ള ഗവേഷണത്തിലും അദ്ദേഹം മികവുകാട്ടി. ഐ എസ് ആര്‍ ഒ ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിര ഗവേഷണസ്ഥാപനങ്ങളുടെ തലവനായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിലെ സയന്‍സ് അക്കാദമികളുടെ അധ്യക്ഷനായിരുന്നു. പ്രധാനമന്ത്രിയുടെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവായും രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. കുറച്ചുകാലം വി.പി.സിംഗ് മന്ത്രിസഭയില്‍ ശാസ്ത്രസാങ്കേതികവകുപ്പിന്റെ മന്ത്രിയായിരുന്നു. പത്മശ്രി, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സൈലന്റ്‌വാലി പ്രക്ഷോഭം ശക്തമായപ്പോള്‍ അതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എം.ജി.കെ.മേനോന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് നിയോഗിച്ചത്. ശാസ്ത്രത്തോടും വസ്തു തകളോടുമുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കപ്പെട്ടതും ദേശീയോദ്യാനമായി മാറിയതും.
നിരവധി യുവശാസ്ത്രജ്ഞന്മാര്‍ക്ക് പ്രചോദനവും ആവേശവും നല്‍കിയ, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്ന, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ആ കുലപതിയായ എം.ജി.കെ മേനോന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ നമോവാകം.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ