​ജലസ്രോതസ്സുകള്‍ ജനകീയ നിയന്ത്രണത്തിലാകണം

0

അതിരൂക്ഷമായ വരള്‍ച്ചയും കുടിവെള്ളക്ഷാമവും ജനജീവിതമാകെ അനിശ്ചിതത്വത്തിലാക്കുമ്പോള്‍ വ്യാപാരികള്‍ കൊക്കക്കോള ബഹിഷ്കരിക്കാനും തൃശ്ശൂര്‍ ജില്ലാ ഭരണകൂടം അഞ്ച് ജലസ്രോതസ്സുകള്‍ ഏറ്റെടുക്കാനും തീരുമാനിച്ചത് വളരെ വലിയ പ്രതീക്ഷക്ക് വകനല്കുന്നു. ജനജീവിതമാകെ പ്രതിസന്ധിയിലാകുമ്പോള്‍ അധികാരികളും പൊതുസമൂഹവും എങ്ങനെ പ്രതികരിക്കണമെന്നതിന് ഉദാഹരണമാണ് ഈ നടപടികള്‍. ഈ തീരുമാനങ്ങളെ ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും ജനങ്ങള്‍ തയ്യാറാകണം. ശീതളപാനീയകുത്തകകളുടെ ജലചൂഷണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കൊക്കക്കോള വില്പന നിര്‍ത്താന്‍ തീരുമാനിച്ച വ്യാപാരികളുടെ നടപടി ഏറെ ശ്ലാഘനിയമാണ്. കൊക്കൊക്കോളയേയും പെപ്സിക്കോളയേയും അവയുടെ എല്ലാ ഉല്പന്നങ്ങളെയും ബഹിഷ്കരിച്ചുകൊണ്ട് ജനങ്ങള്‍ വ്യാപാരികളുടെ തീരുമാനത്തെ ഏറ്റെടുത്ത് പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും വേണം. അങ്ങനെ ജലസുരക്ഷക്കായുള്ള സമരത്തെ സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായി വളര്‍ത്തണം.
അതുപോലത്തന്നെ അഞ്ച് സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകള്‍ ഏറ്റെടുത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയും വിപ്ലവാത്മകമാണ്. ഒരു പ്രദേശത്തെ ജനങ്ങള്‍ക്കാകെ അവകാശപ്പെട്ട ജലസ്രോതസ്സിനെ ഏതാനും സ്വകാര്യ വ്യക്തികളുടെ ധനസമ്പാദനത്തിനുള്ള സ്രോതസ്സായി കാണാനാവില്ല. കാലങ്ങളായി അങ്ങനെ തുടരുകയായിരുന്ന ജലസ്രോതസ്സുകള്‍ ഏറ്റെടുത്ത് അതില്‍നിന്നുള്ള ജലവിതരണം ഗുരുവായൂര്‍ നഗരസഭയെ ഏല്പിച്ചതില്‍നിന്ന് കുടിവെള്ളം പൊതുസ്വത്താണെന്നും അവ ജനങ്ങളുടെ സംരക്ഷണത്തിലാകണമെന്നുമുള്ള ശക്തമായ സന്ദേശമാണ് വായിച്ചെടുക്കാന്‍ കഴിയുന്നത്. ഈ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുകയും ഭൂമി പൊതുസ്വത്ത് എന്ന വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുകയും ചെയ്യേണ്ടതുണ്ട്.

പ്രസിഡണ്ട്                                 ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന്‍                  പി.മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *