പാമ്പാടി നെഹ്റു കോളേജിലെ ആത്മഹത്യ : അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണം

0
pambadiനെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എ‍ഡ്യുക്കേഷന് കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന കോഴിക്കോട് വളയം സ്വദേശി ജിഷ്ണുപ്രണോയി എന്ന വിദ്യാര്‍ഥി  ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. 
കോളേജ് അധ്യാപകരുടേയും മാനേജ്മെന്റിന്റേയും മാനസികപീഠനമാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സഹപാഠികളും ബന്ധുക്കളും പറയുന്നത്.  സംഘടിക്കുന്നതിനും സംഘടനാപ്രവർത്തനങ്ങൾ നടത്തുന്നതിനും സ്വാശ്രയകോളേജുകളിൽ പൊതുവെയും നെഹറു ഗ്രൂപ്പ് കോളേജുകളിൽ പ്രത്യേകിച്ചും നിലനില്കുന്ന നിരോധനം ഉൾപ്പെടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നടപടികളും കച്ചവടതാല്പര്യങ്ങള്‍ മുന്‍നിറുത്തി മാനേജ്മെന്റ് നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയാകേണ്ടതുണ്ട്. കേരളത്തിലെ വിദ്യാഭ്യാസഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു സംഭാവനയും നല്കുന്നില്ല എന്നത് കൂടുതല്‍ക്കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുകയാണ്. നിലവാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് കോടതിപോലും നേരത്തെ  അഭിപ്രായപ്പെട്ടിട്ടുണ്ട്. 
പല സ്വാശ്രയ സ്ഥാപനങ്ങളിലും ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കാറുണ്ടെങ്കിലും പലതും പുറത്തുവരാറില്ല.
ഈ സാഹചര്യത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ പഠനവും പരിശോധനയും അത്യാവശ്യമായിവന്നിരിക്കയാണ്.  ഇത്തരം സ്ഥാപനങ്ങളെ പൊതുസമൂഹനിയന്ത്രണത്തില്‍ കൊണ്ടുവരികയോ അടച്ചുപൂട്ടാന്‍ നടപടികൈക്കൊള്ളുകയോ ചെയ്യണമെന്ന്   കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
 
പ്രസിഡണ്ട്                                                                                                                                   ജനറല്‍സെക്രട്ടറി
കെ.പി.അരവിന്ദന്‍                                                                                                                        പി.മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *