പരിചയപ്പെടാം…. പുതിയ പുസ്തകങ്ങള്‍
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാലു പുതിയ പുസ്തകങ്ങള്‍ : അധികാര വികേന്ദ്രീകരണം അറുപതാണ്ടുകൾ, കേരള വികസന മാതൃക ഒരു പുനർചിന്തനം , സൂര്യനാണ് താരം
പുത്തൻ ഊർജ്ജ വിപ്ലവം , കുട്ടികൾ തോൽക്കുന്നത് എങ്ങനെ?
അധികാര വികേന്ദ്രീകരണം അറുപതാണ്ടുകൾ
ടി.ഗംഗാധരൻ
വില 90 രൂപ
അധികാര വികേന്ദ്രീകരണത്തെ, എക്കാലത്തും ഒരു രാഷ്ട്രീയ അജണ്ടയായി പരിഗണിച്ച സംസ്ഥാനമാണ് കേരളം. അധികാര വികേന്ദ്രീകരണം ദേശീയതലത്തിൽ ഗൗരവ വിഷയവുമായി മാറുന്നതിനുമുമ്പ് തന്നെ കേരളം സ്വന്തമായി ഒരു ഭരണപരിഷ്കാര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എല്ലാ അർത്ഥത്തിലും രാജ്യത്തെ ഏറ്റവും ശക്തമായ തദ്ദേശ ഭരണവ്യവസ്ഥയാണ് കേരളത്തിലേത്. സ്വതന്ത്ര ഇന്ത്യയിലും കേരളത്തിലും അധികാരവികേന്ദ്രീകരണ രംഗത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടുകളിലായി നടന്നുവരുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തമാണ് ഈ പുസ്തകത്തിൽ.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ, വിദ്യാർഥികൾ എന്നിവർക്കൊക്കെ പുസ്തകം ഏറെ പ്രയോജനപ്പെടും. ഈ രംഗത്ത് സുദീർഘമായ പ്രവർത്തന അനുഭവമുള്ള ടി. ഗംഗാധരൻ മാസ്റ്ററാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. 10 അധ്യായങ്ങളിലായി വിന്യസിച്ചിട്ടുള്ള ഈ പുസ്തകം നവ കേരളത്തിലേക്ക് എന്ന അധ്യായത്തോടെ പൂർത്തിയാവുന്നു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഭവനുകളിലും പരിഷത്ത് പ്രവർത്തകരിൽ നിന്നും ഈ പുസ്തകം ഇപ്പോൾ ലഭ്യമാകും.
……………………………………………………………………………………………………………………………………………………………………………………………………..
കേരള വികസന മാതൃക ഒരു പുനർചിന്തനം –
ഡോ.കെ.പി കണ്ണൻ
വില : 200 രൂപ
പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനും തിരുവനന്തപുരം സി.ഡി.എസിന്റെ മുൻ ഡയറക്ടറുമായ ഡോ. കെ. പി കണ്ണന്റെ കേരള വികസന മാതൃക – ഒരു പുനർവിചിന്തനം എന്ന പഠനം മലയാളത്തിൽ പുസ്തകമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു .
കേരള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഡോ. കണ്ണൻ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇപ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
കേരള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് പൊതുവിലും കേരള വികസന മാതൃകയുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും കഴിഞ്ഞ അറുപത് വർഷ കാലത്തെ അനുഭവങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്നതാണ് ഇതിലെ ഉള്ളടക്കം.
ഇതിനകം നിരവധി അക്കാദമിക ചർച്ചകൾക്ക് വിധേയമായ ഈ പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഓഫീസുകളിൽ നിന്നും ഇപ്പൊൾ ലഭ്യമാണ്.
……………………………………………………………………………………………………………………………………………………………………………………………………..
സൂര്യനാണ് താരം
പുത്തൻ ഊർജ്ജ വിപ്ലവം
ഡോ. ആർ.വി.ജി മേനോൻ
വില: 70 രൂപ
ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗം പരിസ്ഥിതി ആഘാതങ്ങൾക്ക് വഴിയൊരുക്കുക മാത്രമല്ല അവയുടെ ലഭ്യതയില്‍ വന്‍തോതിലുള്ള കുറവ് വരുത്തിക്കൊണ്ടിരിക്കുകയുമാണ്. ഈ സന്ദർഭത്തില്‍, ഊർജ്ജ പ്രതിസന്ധിയും പരിസ്ഥിതിക പ്രതിസന്ധിയും ലഘൂകരിക്കുന്നതിന് സൗരോർജ്ജ രംഗം സന്നദ്ധമായി വരുന്ന പ്രത്യാശ ലോക സമൂഹത്തിനുമുന്നിൽ, പ്രത്യേകിച്ച് ശാസ്ത്ര ലോകത്ത്, ഉയർന്നുവരുന്നുണ്ട്.
പുത്തൻ ഊർജ്ജ വിപ്ലവത്തിന്റെ സാധ്യതകളിലേക്കും വെല്ലുവിളികളിലേക്കും വെളിച്ചം വീശാന്‍ ശ്രമിക്കുകയാണ് സൂര്യനാണ് താരം
പുത്തൻ ഊർജ്ജ വിപ്ലവം എന്ന പുസ്തകത്തിലൂടെ ഡോ.ആർ .വി . ജി . മേനോൻ. ഊർജവിപ്ലവം, എന്താണ് പരിഹാരം, കേരളത്തിന്റെ വൈദ്യുതോർജ്ജ ഭാവി എന്നീ മൂന്ന് അധ്യായങ്ങളിലൂടെ ഈ പുത്തൻ ഊർജ്ജത്തിന്റെ സാധ്യതകളെ ശാസ്ത്രലോകത്തിന് മുമ്പാകെ ലളിതമായി വിശദീകരിക്കുന്നു.
പരിഷത്തിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരിൽ നിന്നും ഈ പുസ്തകത്തിന്റെ കോപ്പികൾ ഇപ്പോൾ ലഭ്യമാണ്.
……………………………………………………………………………………………………………………………………………………………………………………………………..
കുട്ടികൾ തോൽക്കുന്നത് എങ്ങനെ?
ജോൺ ഹോൾട്ട്
വിവർത്തനം : ശ്രീജാദേവി .എ
വില:270 രൂപ
പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ നിരീക്ഷകനും ഗവേഷകനും അധ്യാപകനുമാണ് ജോൺ ഹോൾട്ട്. കുട്ടികൾ സ്വാഭാവികമായും പഠിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്, പരമ്പരാഗത സ്കൂളുകൾ അവരുടെ സഹജമായ പഠിക്കുവാനുള്ള ആഗ്രഹത്തെയും തടയുന്നു എന്ന് ജോൺ ഹോൾട്ട് ഈ പുസ്തകത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നു. തോൽക്കുന്നത് കുട്ടികകൾ അല്ല മറിച്ച് അധ്യാപകർ , അടക്കമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് പുസ്തകത്തിലൂടെ വിവരിക്കുന്നു.
സ്കൂളിൽ വരുന്ന ഭൗതിക സൗകര്യ വികസനത്തിനപ്പുറം അക്കാദമിക തലത്തിലേക്ക് സംക്രമിപ്പിക്കാൻ എന്താണ് ഇനി ചെയ്യേണ്ടത്? വരാൻ പോകുന്ന കരിക്കുലം പരിഷ്കരണം എന്താകണം? നിലവിലുള്ളവയുടെ പുനഃ പരിശോധനയ്ക്കും നവീകരണത്തിനും ഇത്തരം ചോദ്യങ്ങൾ പ്രസക്തമാകുന്ന വർത്തമാനകാലത്ത് ജോൺഹോൾട്ടും അദ്ദേഹത്തിൻറെ പുസ്തകവും വീണ്ടും ചർച്ചയാകുന്നത് തീർച്ചയായും കേരളത്തിന്റെ പുരോഗമന ചിന്താധാരക്ക് ശക്തി പകരും.
എ. ശ്രീജ ദേവിയിലൂടെ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വായനക്കാരിലേക്ക് എത്തിക്കുകയാണ്. വിദ്യാഭ്യാസ പ്രവർത്തകർക്കും അക്കാദമിക സമൂഹത്തിനും രക്ഷിതാക്കൾക്കും ഉപകരിക്കുന്ന ഒരു റഫറൻസ് പുസ്തകം തന്നെയാണ് ജോൺ ഹോൾട്ടിന്റെ കുട്ടികൾ തോൽക്കുന്നത് എങ്ങനെ? എന്ന പുസ്തകം.
ഇപ്പോൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ ജില്ലാ ഭവനകളിൽ നിന്നും പ്രധാന പ്രവർത്തകരിൽ നിന്നും കോപ്പികൾ ലഭ്യമാകും.