പുതിയകേരളം : ജനപങ്കാളിത്തത്തോടെ 2017 ജനുവരി 15ന് തൃശ്ശൂര്‍ വിവേകോദയം ഹൈസ്‌കൂളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രഖ്യാപനം.

0

പുതുമയാര്‍ന്നതും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായ ചര്‍ച്ചകളിലൂടെയും ആശയരൂപീകരണ പ്രക്രിയയിലൂടെയും രൂപപ്പെട്ട പ്രകടനപത്രികയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മാലിന്യസംസ്‌ക്കരണം, കുടിവെള്ളം, പാര്‍പ്പിടം എന്നീ രംഗങ്ങളില്‍ പ്രസ്തുതപ്രഖ്യാപനത്തിലൂടെ മുന്നോട്ടുവച്ച നയങ്ങളുടെ സാക്ഷാത്കാരം നവകേരള സൃഷ്ടിക്ക് സഹായകമാവുമെന്നും ഞങ്ങള്‍ കരുതുന്നു.
എന്നാല്‍ ”നവകേരള നിര്‍മാണത്തിന്റെ സര്‍വതലസ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി” ആറ് രംഗങ്ങളില്‍ നാല് മിഷന്‍ സംവിധാനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ രൂപം നല്‍കിയിട്ടുള്ളത്. പ്രകടനപത്രികയില്‍ പ്രതിഫലിച്ച ആവേശം മിഷന്‍ പ്രവര്‍ത്തനം വഴി സഫലീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, അത്തരമൊരാവേശം ഉണ്ടാകത്തക്കവിധം ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള മുന്നൊരുക്കങ്ങളോ ഘടനാപരമായ സംവിധാനങ്ങളോ ഇതില്‍ കാണാനില്ലെന്നത് തന്നെ.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിക്കൊടുത്തിട്ടുള്ള നാല്‍പ്പതില്‍പ്പരം വികസന അധികാരങ്ങള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയാണ്. പ്രത്യേക ലക്ഷ്യത്തെ മുന്‍നിര്‍ത്തി സമയബന്ധിതമായി നടപ്പാക്കാനുദ്ദേശിക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ആവിഷ്‌ക്കാരമായാണ് സംസ്ഥാനസര്‍ക്കാര്‍ മിഷന്‍ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്. ഈ സംവിധാനത്തിന് സമയബന്ധിതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന-ജില്ലാ ഔദ്യോഗിക സംവിധാനങ്ങളുടെ മേല്‍നോട്ടവും നിയന്ത്രണവുമുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ തലങ്ങളിലും ഉദ്യോഗസ്ഥ മേധാവിത്വം സ്വാഭാവികമായും കാണും. ഇത് ഏറെക്കുറെ ഭദ്രമായ കേരളത്തിലെ തദ്ദേശഭരണസംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്ന് ആശങ്കിക്കുന്നു. ”സംസ്ഥാന ജില്ലാതലങ്ങളില്‍ നടക്കുന്ന മിഷനുകളുടെ ചിട്ടയായ പ്രവര്‍ത്തനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി പകരുന്നതിനും വികസന പ്രവര്‍ത്തന രീതികള്‍ മെച്ചപ്പെടുന്നതിനും വഴിയൊരുക്കും” എന്നും ഇതുസംബന്ധിച്ചരേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തദ്ദേശഭരണസ്ഥാപനങ്ങളെ പ്രവര്‍ത്തനക്ഷമമല്ലാതാക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ചില പഞ്ചായത്തുകളിലെങ്കിലും നടന്നുവരുന്ന മാതൃകാപരമായപ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും സാധ്യതയുണ്ട്. യഥാര്‍ഥത്തില്‍ പഞ്ചായത്തുകളും മറ്റും തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് അവയുടെ പരിധിയിലില്ലാത്ത ശാസ്ത്രസാങ്കേതിക വൈദഗ്ധ്യവും ആള്‍ശേഷിയും വേണമെന്നുണ്ടെങ്കില്‍ അവ എത്തിച്ച് സഹായിക്കാനുള്ള സംവിധാനമാണ് ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഉണ്ടാകേണ്ടത്. അതുതന്നെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ആവുകയും വേണം. ചുരുക്കത്തില്‍ മിഷന്‍ പ്രവര്‍ത്തനം ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതും പഞ്ചായത്തുകള്‍ക്ക് ശക്തിപകരുന്നതുമായ രീതിയിലാവണം.
കേരളത്തിന് വേണ്ടത് പാരിസ്ഥിതിക-സാമൂഹിക-സാംസ്‌കാരിക-സാമ്പത്തിക മേഖലകളില്‍ സുസ്ഥിരത ഉറപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ്. അത് വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തില്‍ ഊന്നിയതുമായിരിക്കണം. അതിന് മനുഷ്യ-പ്രകൃതിവിഭവങ്ങളെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികപ്രസക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങളാണ് വേണ്ടത്. ജനപപങ്കാളിത്തവും സാങ്കേതിക വിദഗ്ധരുടെ പിന്‍തുണയും ഇതിന് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ജനപപങ്കാളിത്തത്തോടുകൂടിയ കേരള വികസനം സാധ്യമാകുന്ന രീതിയില്‍ തദ്ദേശഭരണസംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് ആവശ്യമായിട്ടുള്ളത്. ജനാധിപത്യവികേന്ദ്രീകരണത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപങ്കാളിത്തവും സുതാര്യതയും പുനരാവിഷ്‌കരിച്ച് പദ്ധതി നിര്‍വഹണവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു വിപുലമായ ജനകീയ കാമ്പയിന്‍ ആവിഷ്‌കരിക്കുകയും മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയെ ബന്ധിപ്പിച്ച് സംയോജിതവും സമഗ്രവുമായ ആസൂത്രണം ഏറ്റെടുക്കത്തക്ക വിധം തദ്ദേശസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നടപടികള്‍ കേരള സര്‍ക്കാര്‍ കൈക്കൊള്ളണം. ഇതിന് പിന്‍ബലം നല്കുന്നവിധത്തില്‍ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ കേരളജനത തങ്ങളുടെ സന്നദ്ധ അദ്ധ്വാനവും സാങ്കേതിക വൈദഗ്ധ്യവും സംഭാവനചെയ്യാനും തയ്യാറാകണം.

Leave a Reply

Your email address will not be published. Required fields are marked *