സംസ്ഥാന പരിസ്ഥിതി സെമിനാറിന്  കോഴിക്കോട്ട് സമാപനമായി

0

സംസ്ഥാന പരിസ്ഥിതി സെമിനാറിന്  കോഴിക്കോട്ട് സമാപനമായി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടനാ രൂപീകരണത്തിന്‍റെ 60 വർഷം പൂർത്തിയാക്കുന്ന ഈ വർഷത്തിൽ  കേരളത്തിന്‍റെ സമഗ്രമായ സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി ” ശാസ്ത്രം ജനനന്മയ്ക്ക് , ശാസ്ത്രം നവകേരളത്തിന് ” എന്ന മുദ്രാവാക്യമുയർത്തി  വിപുലമായ ഒരു ജനകീയ ക്യാമ്പയിന് ഒരുങ്ങുകയാണ്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര സാങ്കേതിക സാംസ്കാരികരംഗങ്ങളെയെല്ലാം ബന്ധപെടുത്തി പ്രതീക്ഷാ നിർഭരമായ ഒരു കേരളം കെട്ടിപടുക്കാൻ ഓരോ രംഗത്തും അനുയോജ്യമായ ബദൽ നയങ്ങളും പരിപാടികളും രൂപപ്പെടുത്തുകയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനകീയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ കേരളത്തിലെ വിവിധ പ്രശ്നങ്ങളെ പറ്റിയുള്ള പഠനങ്ങൾ , സെമിനാറുകൾ, പുസ്തക -ലഘുലേഖ പ്രചാരണം, കേരളത്തിന്‍റെ വടക്കുനിന്ന്  തെക്കുവരെ വിവധ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന പദയാത്ര എന്നിവയൊക്കെ നടക്കുന്നുണ്ട്. വൻ തോതിലുളള ജനപങ്കാളിത്തം ഉറപ്പാക്കി കേരള സമൂഹത്തെ മൊത്തത്തിൽ സംവാദാത്മകമാകമാക്കാനാണ് ജനകീയ ക്യാമ്പയിനിലൂടെ സംഘടന ശ്രമിക്കുന്നത്.

ജനകീയ ക്യാമ്പയിനിലെ പ്രധാന ഘടകമാണ് ഓരോ ജില്ലയിലും നടക്കുന്ന സംസ്ഥാന സെമിനാറുകൾ . വിവിധ വിഷയങ്ങളിൽ സ്ഥൂല വിവരങ്ങൾ വിദഗ്‌ധരുമായി സംവദിക്കുന്നതിനുളള  ഇടങ്ങളായി  സെമിനാറുകൾ മാറുന്നു. ഇത്തരത്തിലുള്ള 17 സെമിനാറുകളാണ് വിവിധ ജില്ലകളിലായി സംഘടിപ്പിക്കപെടുന്നത്. സംസ്ഥാന സെമിനാറുകളിൽ രണ്ടാമത്തേത് ഒക്ടോബർ 29, 30 തീയ്യതികളിലായി കോഴിക്കോട് ജില്ലയിലാണ്  നടന്നത്. സ്റ്റോക്ക്ഹോം ഭൗമ ഉച്ചകോടിയുടെ അമ്പതാം വാർഷികം ആചരിക്കുന്നതിന്‍റെ ഭാഗമായി “പരിസ്ഥിതി ഇടപെടലുകളുടെ 50 വർഷങ്ങൾ ” എന്ന വിഷയത്തിലായിരുന്നു സെമിനാർ സംഘടിപ്പിക്കപ്പെട്ടത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻവയൺമെന്‍റ് സയൻസ് വകുപ്പ്, കോഴിക്കോട് സി ഡബ്ല്യൂ ആർ ഡി എം എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കാലാവസ്ഥാ വ്യതിയാനവും കേരളവുമായി ബന്ധപ്പെട്ട സെമിനാർ സംഘടിപ്പിച്ചത്.

 

ഒക്ടോബർ 29 ന് വൈകിട്ട് 3 മണിയ്ക്ക്  കോഴിക്കോട് കോർപ്പറേഷൻ ടൗൺഹാളിൽ മേയർ ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന വനം – പരിസ്ഥിതി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ സെമിനാറിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ: ടി.പി കുഞ്ഞിക്കണ്ണൻ ജനകീയ ക്യാമ്പയിന്‍റെ ആമുഖ അവതരണം നടത്തി. തുടർന്ന് പരിഷത്ത് മുൻനിര പ്രവർത്തകർ ആയിരുന്ന പ്രൊഫ: എം.കെ പ്രസാദ് – കൊടക്കാട് ശ്രീധരൻ അനുസ്മരണ പ്രഭാഷണം മുൻ രാജ്യസഭാംഗം പ്രൊഫ: സി .പി .നാരായണൻ നടത്തി. ” കാലാവസ്ഥാ വ്യതിയാനവും അതിജീവനവും ” എന്ന വിഷയത്തിൽ  സി ഡബ്ലൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: മനോജ് സാമുവൽ പ്രഭാഷണം നടത്തി. പ്രഭാഷണത്തിൽ ആഗോള താപനില ഈ ദശകത്തിൽ രണ്ട് ഡിഗ്രിയോടടുത്ത് വർധിക്കുമെന്നും ഒരു ദശകത്തിൽ 0.08 ഡിഗ്രി എന്ന നിരക്കിൽ താപനില വർദ്ധിക്കുന്നെന്നും ഇതും വലിയ തോതിൽ ഉയരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫ: കെ.ശ്രീധരൻ രചിച്ച് പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ” കാലാവസ്ഥാ മാറ്റം അറിയേണ്ടതും ചെയ്യേണ്ടതും ” പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ എ, പ്രൊഫ: കെ.ശ്രീധരൻ ,ഡോ :ഹരിലാൽ, പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് . ബി രമേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ.ബാലകൃഷ്ണൻ സ്വാഗതവും എൻ ശാന്തകുമാരി നന്ദിയും പറഞ്ഞു. പരിഷത്ത് കലാകാരൻമാരുടെ സ്വാഗതഗാനവുമുണ്ടായി.

ഒക്ടോബർ 30 ന് സെമിനാറിന്‍റെ രണ്ടാം ദിനം കോഴിക്കോട് ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂള്‍ വിവിധ ജില്ലകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉളള 200  ൽ അധികം പ്രതിനിധികളുടെ പങ്കാളിത്തംകെണ്ട് സജീവമായിരുന്നു. രാവിലെ 9.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന കാലാവസ്ഥാ വ്യതിയാനവും കേരളവും എന്ന ആമുഖസെഷൻ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേലിന്‍റെ ആമുഖ അവതരണത്തോടെ ആരംഭിച്ചു. സി ഡബ്ല്യൂ ആർ ഡി എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ: മനോജ് സാമുവൽ അധ്യക്ഷനായി. തുടർന്ന് പ്രതിനിധികൾ നാല് സെഷനുകളായി തിരിഞ്ഞ് വിവിധ വിഷയങ്ങളിൽ  അവതരണങ്ങളും സംവാദവും നടന്നു.

കാലാവസ്ഥാ വ്യതിയാനം എന്ന സമാന്തര സെഷനിൽ കാലാവസ്ഥാ വ്യതിയാന പഠനം – നൂതനരീതികൾ എന്ന വിഷയത്തിൽ കുസാറ്റിലെ അഡ്വാൻസ്ഡ് സെന്‍റര്‍ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് സെന്‍റർ ഡയറക്ടർ ഡോ: അഭിലാഷ്. എസ് , കാലാവസ്ഥാ വ്യതിയാനവും കേരളവും എന്ന വിഷയത്തിൽ ഡോ: ഗോപകുമാർ ചോലയിൽ , നൂതന ഊർജ്ജ സാധ്യതകൾ എന്ന വിഷയത്തിൽ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലെ ഫ്യൂവൽ ഡവലപ്മെന്‍റ് ഡിവിഷൻ തലവൻ ഡോ : എം.ഷിനീത് എന്നിവർ വിഷയാവതരണങ്ങൾ നടത്തി. പ്രൊഫ: കെ.ശ്രീധരൻ ഈ സെഷനിൽ അധ്യക്ഷനായി.

ഭൂമി, ജലം, കൃഷി എന്ന സെഷനിൽ കോഴിക്കേട് സ്പൈസസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ഡയറക്ടർ ഡോ: സി.കെ. തങ്കമണി കാലാവസ്ഥാ വ്യതിയാനവും സുഗന്ധവിളകളും എന്ന വിഷയവും , കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻവയൺമെന്‍റ് സയൻസ് തലവൻ ഡോ : സി സി ഹരിലാൽ  കാലാവസ്ഥാ വ്യതിയാനവും ജൈവ വൈവിധ്യ ശോഷണവും എന്ന വിഷയവും , കാലാവസ്ഥാ മാറ്റവും കേരളത്തിന്‍റെ ജലസുരക്ഷയും എന്ന വിഷയം ഡോ: മനോജ് സാമുവൽ , കേരളത്തിന്‍റെ ഭൗമ പരിസ്ഥിതി എന്ന വിഷയത്തിൽ ഡോ: ശ്രീകുമാർ എസ് എന്നിവരും അവതരണങ്ങൾ നടത്തുകയുണ്ടായി. ഡോ : കെ. കിഷോർ കുമാർ ഈ സെഷനിൻ അധ്യക്ഷത നിർവഹിച്ചു.

മൂന്നാമത്തെ സമാന്തര സെഷനായ  കാലാവസ്ഥാ വ്യതിയാനവും സമുദ്രവും എന്ന സെഷനിൽ തീരശോഷണം എന്ന വിഷയത്തിൽ ഡോ: കെ വി തോമസ്, സമുദ്ര ജൈവ വൈവിധ്യം എന്ന വിഷയത്തിൽ കോഴിക്കോട് സി എം എഫ് ആർ ഐ സീനിയർ സയന്‍റിസ്റ്റ് ഡോ: കെ.വി. അഖിലേഷും, സമുദ്രമലിനീകരണം എന്ന വിഷയത്തിൽ ഡോ: ബി. ബൈജുവും അവതരണങ്ങൾ നടത്തി. ഡോ : ബി.എസ് ഹരികുമാർ ഈ സെഷൻ നിയന്ത്രിച്ചു.

ദുരന്ത മാനേജ്മെന്‍റ് എന്ന നാലമത്തെ സമാന്തര സെഷനിൽ കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  അതോററ്റി ഹസാർഡ്സ് ആന്‍റ് റിസ്ക് അനലിസ്റ്റ് പ്രദീപ് ജി എസ് ദുരന്ത പ്രതിരോധം പ്രാദേശിക തലത്തിൽ എന്ന അവതരണവും , വിഷ്ണുദാസ് സി.കെ. ദുരന്ത മാനേജ്മെന്‍റ് – വയനാട് അനുഭവങ്ങൾ എന്ന അവതരണവും ,ടി.ഗംഗാധരൻ ദുരന്ത പ്രതിരോധം ദേശീയ അനുഭവങ്ങൾ എന്ന അവതരണവും നടത്തി. ടി.ഗംഗാധരൻ ഈ സെഷനിൽ അധ്യക്ഷത വഹിച്ചു.

വൈകിട്ട് 3 മണിയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന പ്ലിനറി സെഷനിൽ വിവിധ സമാന്തര സെഷനുകളെ പ്രതിനിധീകരിച്ച് പി.രമേഷ് കുമാർ , വിനോദ് ആലഞ്ചേരി, ഡോ: സുമ വിഷ്ണുദാസ് , സി. റിസ്വാൻ എന്നിവർ റിപ്പോർട്ടിങ്ങ് നടത്തി . ടി പി സുകുമാരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ,പി.എം ഗീത അധ്യക്ഷയായി , ബി.രമേഷ്  സെമിനാർ ക്രോഡീകരണം നടത്തി ,വിജീഷ് പരവരി നന്ദിയും അറിയിച്ച് സംസാരിച്ചു.

കോഴിക്കോട് നഗരത്തിലെ വിവിധ സ്കൂളുകളിൽ കാലാവസ്ഥാ മാറ്റവും കേരളവും എന്ന വിഷയത്തിൽ ശാസ്ത്ര ക്ലാസ്സുകൾ ഉൾപ്പെടെ സംഘടിപ്പിച്ചാണ് സംസ്ഥാന സെമിനാറിന്‍റെ പ്രചാരണവും സംഘാടനവും സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്നത്. കെ.വി എസ് കർത്ത , ഇളവനി അശോകൻ , എ ടി രവി , ഹരീഷ് ഹർഷ എന്നിവരുടെ നേതൃത്വത്തിൽ  സെമിനാർ ഉദ്ഘാടന പരിപാടികളുടെ ഫേസ്ബുക്ക് ലൈവും സെമിനാറുകളിലെ വിവിധ സമാന്തര സെഷനുകളുടെ റെക്കോഡിങ്ങും നടക്കുകയുണ്ടായി. സെമിനാർ നടന്ന മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രളയ ദുരന്തക്കാഴ്ചകളുടെ ഫോട്ടോ പ്രദർശനവും ഉണ്ടായിരിരുന്നു. സെമിനാറിന് മുന്നോടിയായി ഒക്ടോബർ 28 ന് കോഴിക്കോട് നഗരത്തിൽ  സെമിനാർ സന്ദേശം ഉൾകൊള്ളുന്ന ടീ ഷർട്ടുകൾ അണിഞ്ഞ് വിളംബര ജാഥയുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *