ശാസ്ത്രബോധം നാടിനെ നയിക്കട്ടെ….

0

ഈ കാലഘട്ടത്തിൽ ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണ്. അതിനായി ശാസ്ത്രത്തെ ജനകീയവത്കരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം സാധാരണ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. കഴിയുന്ന ഇടങ്ങളിലെല്ലാം സാമൂഹികമായ ശാസ്ത്രവിദ്യാഭ്യാസം സാധ്യമാക്കേണ്ടതുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും നമ്മുടെ  നിലനിൽപ്പിനുമായുള്ള പോരാട്ടമാണ്.

സെപ്റ്റംബർ 10ന്റെ യൂണിറ്റുയോഗങ്ങളിൽ അവതരിപ്പിക്കാനുള്ള കുറിപ്പ് 
(തയ്യാറാക്കിയത് : ഡോ.രതീഷ് കൃഷ്ണൻ)

ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറിയ ശേഷം, 1958 ൽ നമ്മുടെ പാർലമെന്റ്  ശാസ്ത്രനയം അംഗീകരിച്ചു. ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യന്റെ ഭൗതികാന്തരീക്ഷത്തെ മാറ്റിത്തീർക്കുകയും ചിന്തയുടെ പുതിയ സാധ്യതക ളെ അനാവരണം ചെയ്തുകൊണ്ടു മനുഷ്യന്റെ മാനസികവളർച്ചയെ വിപുലീകരിക്കുകയും ചെയ്തു എന്ന തിരിച്ചറിവ് ഈ നയരേഖയിൽ ദൃശ്യമാണ്. വലിയ ഫണ്ടിംഗ് ഏജൻസികൾ, അവ ഉദാരമായി ഫണ്ട് ചെയ്യുന്ന വലിയ ഗവേഷണസ്ഥാപനങ്ങൾ, ബഹിരാകാശരംഗത്തെ കുതിപ്പ്, വ്യവസായരംഗത്തും ഊർജ്ജരംഗത്തുമുണ്ടായ മുന്നേറ്റങ്ങൾ, ഹരിത-ധവളവിപ്ലവങ്ങൾ, സ്കൂൾവിദ്യാഭ്യാസത്തിൽ നിർബന്ധിതശാസ്ത്രപഠനം, എല്ലാ സർവ്വകലാശാലകളിലും സയൻസ് കോഴ്സുകൾ തുടങ്ങിയവയെല്ലാം ഈ നയത്തിന്റെ  ഭാഗമായി ഉണ്ടായിവന്നവയാണ്.  ഈ ആശയധാരയുടെ തുടർച്ചയായാണ് 42 -ാമത്തെ ഭേദഗതിയായി ശാസ്ത്രീയമനോവൃത്തി നമ്മുടെ ഭരണഘടനയിൽ സ്ഥാനം പിടിക്കുന്നത്.
     1990 കളിൽ തന്നെ നവലിബറൽ സ്വാധീനം ശാസ്ത്രത്തേക്കാൾ വിപണി മൂല്യം സാങ്കേതികവിദ്യക്കാണെന്ന ബോധം നമ്മുടെ ദേശീയരാഷ്ട്രീയത്തിൽ ശക്തിപെടുത്തിയിരുന്നെങ്കിലും ശാസ്ത്രബോധത്തെ ആക്രമി ച്ചു ദുർബലപ്പെടുത്തിയിരുന്നില്ല. 1990 കളിൽ ശാസ്ത്ര-സാങ്കേതികരംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 0.8 % നീക്കിവെച്ചിരുന്നു. നമ്മുടെ സാമ്പത്തിക സ്ഥിതി തൊണ്ണറുകൾക്ക് ശേഷം മെച്ചപ്പെട്ടെങ്കിലും ശാസ്ത്ര-സാങ്കേതികരംഗത്തെ ഗവേഷണത്തിനും വികസനത്തിനുമായി രാജ്യം ചിലവഴിക്കുന്ന തുകയിൽ വർദ്ധനവുണ്ടായില്ല എന്ന് മാത്രമല്ല മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 0.67 % മാത്രമാണ് ഇന്ന് നീക്കിവെക്കപ്പെടുന്നത്. കഴിഞ്ഞ 9 വർഷങ്ങൾക്കിടയിലാവട്ടെ ജനാധിപ ത്യ- മതേതര സംവിധാനങ്ങൾ ദുർബലപ്പെടുകയും പലതരം മൗലികവാദങ്ങൾ ശക്തിപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തോടും ശാസ്ത്രീയമനോവൃത്തിയോടും പൊതുവിൽ മോശമായ സമീപനമാണ് നിലവിൽ നമ്മുടെ ഭരണസംവിധാനങ്ങൾക്കുള്ളത്. അതിനുള്ള ഏറ്റവും നല്ല തെളിവാണ് കഴിഞ്ഞ ഓഗസ്റ്റിൽ പാർലമെൻറ് പാസാക്കിയ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ 2023. പതിനായിരം കോടി രൂപയാണ് നാഷണൽ റിസർച്ച് ഫൗണ്ടേഷൻ വഴി സർക്കാർ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ  അതിൽ കേവലം  28 % തുക മാത്രമേ സർക്കാർ നേരിട്ടു നൽകുകയുള്ളു. 72 % തുക സ്വകാര്യ ഏജൻസികളിൽ നിന്നും സംഭരിക്കാനാണ് നീക്കം. ഇതിന്റെ കൂടെ പറയേണ്ട കാര്യമാണ് 2019 ൽ ഈ നിർബന്ധിത കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ചെലവുകളിൽ സർക്കാർ വരുത്തിയ മാറ്റം.
     കമ്പനി ആക്‌ട് പ്രകാരം ₹500 കോടിയുടെ ആസ്തിയും ₹1,000 കോടി വിറ്റുവരവും അല്ലെങ്കിൽ ₹5 കോടിയോ അതിൽ കൂടുതലോ അറ്റാദായമുള്ള സ്ഥാപനങ്ങൾ തൊട്ടുമുമ്പുള്ള മൂന്ന് വർഷത്തെ ശരാശരി അറ്റാദായത്തിന്റെ 2% അംഗീകൃതമായ, നിർബന്ധിത കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടായി ചിലവാക്കേണ്ടതുണ്ട്. 2019 ൽ ഈ നിർബന്ധിത കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ചെലവുകൾ പൊതു ധനസഹായത്തോടെയുള്ള ഗവേഷണ ഇൻകുബേറ്ററുകളിൽ നിക്ഷേപിക്കുന്നതിനും, ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലെ ഗവേഷണ ശ്രമങ്ങൾക്ക് സംഭാവന നൽകാനും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. അപ്പോൾ ഈ 2% കേന്ദ്രസംസ്ഥാന സർക്കാരുകൾക്കോ കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏതെങ്കിലും ഏജൻസിക്കോ ധനസഹായം നൽകുന്ന ഇൻകുബേറ്ററുകൾക്കായി ചെലവഴിക്കാം. പൊതുധനസഹായമുള്ള സർവ്വകലാശാലകൾ, ഐഐകൾ, ദേശീയലബോറട്ടറികൾ, സ്വയംഭരണ സ്ഥാപനങ്ങൾ (ICAR, ICMR, CSIR, DAE, DRDO, DST, ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമായത്) തുടങ്ങിയവയിലും നിക്ഷേപിക്കാം. കമ്പനികൾക്ക് ഇപ്പോൾ അവരുടെ ഗവേഷണവികസന പ്രവർത്തനങ്ങൾ നിർദ്ദിഷ്‌ടസ്ഥാപനങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യാനും CSR പ്രകാരം ചെലവ് കണക്കാക്കാനും കഴിയും. ഇത് ഒരു സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയെ ഐസിഎംആറിനു കീഴിലുള്ള സ്ഥാപനവുമായി ചേർന്ന് ഗവേഷണം നടത്താനും അതിൽ നിന്ന് അവർക്കാവശ്യമായ രീതിയിലുള്ള പ്രയോജനം നേടാനും പ്രാപ്തമാക്കും. ഈ മേഖലയിൽ നിന്ന് കൂടി സര്‍ക്കാര്‍ പിൻവാങ്ങലാണ് സംഭവിക്കുന്നതെന്ന് വ്യക്തം.
     ശാസ്ത്രത്തോടും ശാസ്ത്രീയമനോവൃത്തിയോടുമുള്ള സമീപനത്തിന്റെ മറ്റൊരു തെളിവാണ് ദേശീയവിദ്യാഭ്യാസ നയത്തിലൂടെ ശാസ്ത്രവിദ്യാഭ്യാസമേഖലയിൽ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ. പൊതു വിദ്യാഭ്യാസത്തിലും, ഉന്നതവിദ്യാഭ്യാസത്തിലും സ്ഥിതി സമാനമാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ തുടര്‍ച്ചയായി പ്രീ-സ്കൂളിനും സ്കൂള്‍വിദ്യാഭ്യാസത്തിനുമുള്ള ദേശീയ പാഠ്യപദ്ധതിചട്ടക്കൂടുകള്‍ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഈ രണ്ട് ചട്ടക്കൂടുകളും പഞ്ചകോശസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിട്ടുള്ളത്. പഞ്ചകോശസിദ്ധാന്തം വ്യക്തിത്വത്തിന്റെ ഒരു ശ്രേണിപരമായ സിദ്ധാന്തമാണ്. അഞ്ച് കോശങ്ങൾ മനുഷ്യവ്യക്തിത്വത്തിന്റെ അഞ്ച് കവചങ്ങളാണ്.
     യജുർവേദത്തിൽ ഉൾച്ചേർത്ത വേദകാലസംസ്‌കൃതഗ്രന്ഥമായ തൈത്തിരിയോപനിഷത്തിൽ നിന്നാണ് പഞ്ചകോശം എന്ന ആശയം ഉടലെടുത്തത്. യോഗപാരമ്പര്യത്തിൽ പഠിപ്പിക്കുന്ന ഈ സിദ്ധാന്തത്തിന്റെ പൂർണ്ണമായ വിവരണം പിൽക്കാല വേദാന്തഗ്രന്ഥങ്ങളായ ശങ്കരന്റെ വിവേകചൂഡാമണിയിലും സദാനന്ദന്റെ വേദാന്തസാരത്തിലുമാണുള്ളത്. ആധുനിക വിദ്യാഭ്യാസചിന്തകളോടോ, പുരോഗമനവിദ്യാഭ്യാസസിദ്ധാന്തങ്ങളോടോ ഒരു തരത്തിലും യോജിക്കാത്ത എട്ടാം നൂറ്റാണ്ടിലേയും പതിനഞ്ചാം നൂറ്റാണ്ടിലേയും പുസ്തകങ്ങളാണോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാഠ്യപദ്ധതിയുടെ അടിസ്ഥാനമാവേണ്ടത്? ഇതിന്റെ കൂടെയാണ് സ്കൂൾപാഠപുസ്തകങ്ങളിൽ നിന്ന്  വ്യവസായവിപ്ലവം, പ്രകൃതിനിർദ്ധാരണസിദ്ധാന്തം, ആവർത്തനപ്പട്ടിക, പൈതഗോറസ് സിദ്ധാന്തം തുടങ്ങി നിരവധി പാഠഭാഗങ്ങൾ നീക്കം ചെയ്യാൻ എൻ സി ഇ ആർ ടി. തീരുമാനിച്ചത്. ഇവയെല്ലാം ഹൈസ്കൂൾ പാഠഭാഗങ്ങളിൽ നിന്നാണ് അപ്രത്യക്ഷമാവുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളും പഠിക്കുന്ന അവസാനഘട്ടം കൂടിയാണത്. ഈ ഘട്ടത്തിൽ നേടാത്ത കാര്യങ്ങൾ ബഹുഭൂരിപക്ഷത്തിനും പിന്നീട് നേടാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം പേർ വിദ്യാഭ്യാസം അവസാനിപ്പിക്കുന്ന ഘട്ടമാണിത്. മനുഷ്യൻ ഒരു സവിശേഷ സൃഷ്ടിയല്ലെന്നും മറ്റെല്ലാ ജീവികളെയുംപോലെ പരിണമിച്ചുണ്ടായതാണെന്നും പരിണാമം നമ്മളെ പഠിപ്പിക്കും. ആഫ്രിക്കയിലെ പൂർവികരിൽ നിന്നാണ് ഇന്നത്തെ സകല മനുഷ്യരും ഉണ്ടായത് എന്ന് ജനിതകശാസ്ത്രം സാക്ഷ്യം പറയും. രണ്ട് ലക്ഷം വർഷത്തെ മനുഷ്യചരിത്രം ഒറ്റവാക്കിൽ ഉത്തരമെഴുതാവുന്ന ചോദ്യമല്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. ചുരുക്കത്തിൽ, നമ്മുടെ സവിശേഷ പാരമ്പര്യ സങ്കല്പത്തെ അത് തകർത്തുകളയും. ജാതി, മതം തുടങ്ങിയവ നമ്മളുണ്ടാക്കിവെച്ച വേർതിരിവുകളാണെന്നും രണ്ടു വംശങ്ങളായി വേർതിരിക്കാൻ പറ്റുന്നത്രപോലും ജനിതക വ്യത്യാസം മനുഷ്യർക്കിടയിൽ ഇല്ലെന്നും അത് നമ്മളെ ഓർമ്മിപ്പിക്കും. പുറമേ കാണുന്ന വ്യത്യാസങ്ങൾ സാമൂഹികവും പാരിസ്ഥിതികവുമാണെന്ന തിരിച്ചറിവുകൾ പരിണാമപഠനം നൽകും. അതെല്ലാം ഇന്ന് ഭരണകൂടം കൈയാളുന്ന രാഷ്ട്രീയസംവിധാനത്തിന്റെ പല ലക്ഷ്യങ്ങൾക്കും തടസമാണ്. ശാസ്ത്രകരിക്കുലത്തിന് വ്യക്തമായ ഉദ്ദേശ്യങ്ങളും യുക്തിസഹമായ തുടർച്ചയും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഏത് പാഠഭാഗങ്ങൾ ഏത് ക്ലാസിൽ പഠിക്കണം എന്നും ഏത് മുന്നറിവ് നേടിക്കഴിഞ്ഞാണ് അടുത്ത ഘട്ടത്തിലേക്ക് പോകേണ്ടതെന്നും കൃത്യമായ പ്ലാൻ ഉണ്ടാകണം. നിലവിലെ പരിഷ്കരണം ഈ തുടർച്ചയെ അട്ടിമറിക്കുന്ന വിധത്തിലാണ്. വർഗ്ഗീകരണത്തെപ്പറ്റിയുള്ള പ്രാഥമിക ധാരണ സ്കൂൾതലത്തിൽ നേടാതെയാണ് ഹയർസെക്കൻഡറിയിൽ നേരിട്ട് ആവർത്തനപ്പട്ടികയെപ്പറ്റി പഠിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം ശാസ്ത്രസാങ്കേതികവകുപ്പും ഐ എസ് ആർ ഓ യും സംയുക്തമായി ആകാശ് തത്വ എന്ന പേരിൽ ഒരു ശില്പശാല ഡെറാഡൂണിൽ വെച്ച് നടത്തിയിരുന്നു. RSS ന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാൻഭാരതിയും സഹസംഘടകരായിരുന്നു. ഇന്ത്യയിലെ യുവാക്കളിലേ ക്ക്  ആർഷഭാരതീയശാസ്ത്രവിജ്ഞാനം എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘാടകർതന്നെ പറഞ്ഞിരുന്നു. പഞ്ചമഹാഭൂതങ്ങളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിരജീവിതം ശില്പശാലയിലെ മുഖ്യാശയമായിരുന്നു. ഭൂമി,ജലം,വായു,അഗ്നി,ആകാശം എന്നീ അഞ്ച് മൂലകങ്ങൾ കൊണ്ടാണ് പ്രപഞ്ചത്തിലെ എല്ലാം നിർമ്മിക്ക പ്പെട്ടിരിക്കുന്നത് എന്നാണ് പഞ്ചഭൂത സിദ്ധാന്തം പറയുന്നത്. എല്ലാം അഞ്ച് മൂലകങ്ങൾ കൊണ്ട് നിർമ്മിക്കാമെങ്കിൽ പിന്നെ 118 മൂലകങ്ങളടങ്ങിയ ആവർത്തനപ്പട്ടിക എന്തിനാണ് എന്നതാവണം ഒഴിവാക്കലിനു പിന്നിലെ ന്യായം. മാത്രമല്ല, സ്കൂൾതലത്തോടെ പഠനം നിർത്തുന്ന വിദ്യാർഥികൾക്ക് ജീവിതത്തിൽ ആവശ്യമായ അടിസ്ഥാനശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും നേടാനാകാതെ പോകുന്നു.
     ഉന്നതവിദ്യാഭ്യാസമേഖലയില്‍ സങ്കല്പിക്കാന്‍ കഴിയാത്ത വിധമുള്ള തീരുമാനങ്ങളാണുണ്ടാകുന്നത്. വര്‍ഗ്ഗീയത പരോക്ഷമായല്ല പ്രത്യക്ഷമായിത്തന്നെ  ഇടപെടല്‍ നടത്തുന്നു. 2023 ഫെബ്രുവരി 17ന് ബനാറസ് യൂണിവേ ഴ്സിറ്റി “ആപ്ലിക്കബിലിറ്റി ഓഫ് മനുസ്മൃതി ഇന്‍ ഇന്ത്യന്‍ സൊസൈറ്റി” സ്കീമിലേയ്ക്ക് പ്രോജക്ട് ഫെലോയെ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍,ആയൂര്‍വേദ മെഡിസിന്‍ ബിരുദകോഴ്സില്‍ ജ്യോതിഷം ഒരു ഓപ്ഷണല്‍ വിഷയമായി തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി മെഡിക്കല്‍ ആസ്ട്രോളജി ആരോഗ്യവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാമെന്നാണ് എന്‍. സി. ഐ. എസ്. എം. കരുതുന്നത്. ഇതിലേറെ വിചിത്രമായ നിര്‍ദ്ദേശങ്ങളാണ് യു.ജി.സിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. കോളേജ്, യൂണിവേഴ്സിറ്റി അധ്യാപകര്‍ അധികം വൈകുന്നതിനു മുമ്പ് ഇന്ത്യന്‍ നോളജ് സിസ്റ്റത്തെക്കുറിച്ചുള്ള പരിശീലനപദ്ധതിയുടെ ഭാഗമാകേണ്ടിവരും. കെമിസ്ട്രി ആയൂര്‍വേദത്തിലൂടെ എങ്ങനെ പഠിപ്പിക്കാമെന്നും വേദങ്ങളിലെ ഗണിതശാസ്ത്രമെന്താണെന്നും മഹാഭാരതം,അര്‍ഥശാസ്ത്രം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ ഇന്ത്യന്‍ സാമ്പത്തികശാസ്ത്രത്തിന്റെ ചരിത്രമെന്താണെന്നും മറ്റും പഠിക്കാനും പഠിപ്പിക്കാനും അധ്യാപകര്‍ നിര്‍ബന്ധിതരാകും.
     സാമ്പത്തികവളർച്ചയുടെ പ്രധാനഘടകമായി ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും തിരിച്ചറിയുകയും അവയിൽ ശ്രദ്ധകേന്ദ്രികരിക്കാനും ആധുനികലോകം ശ്രദ്ധിക്കുമ്പോഴാണ് നമ്മുടെ രാജ്യത്തു മേല്പറഞ്ഞ കാര്യങ്ങൾ അരങ്ങേറുന്നത്. ബഹിരാകാശ പര്യവേക്ഷണമേഖലയിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് ചന്ദ്രയാൻ 3 വഴി കൈക്കലാക്കി, അന്തരാഷ്ട്രസമൂഹത്തിനു മുൻപിൽ  തലയുയർത്തി നിൽക്കുമ്പോൾ തന്നെയാണ് ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് അന്താരാഷ്ട്രമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മതാത്മകപേരുകൾ നൽകി നമ്മൾ അപഹാസ്യരാവുന്നതും. ഈ ഭരണകൂടം ശാസ്ത്രത്തെക്കുറിച്ച്  മനസ്സിലാക്കുന്നതും വിഭാവനം ചെയ്യുന്നതും പരീക്ഷണത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ചിട്ടയായ അറിവായിട്ടല്ല. അതിശയകരമായ നേട്ടങ്ങൾ നിർവഹിക്കാൻ സഹായിക്കുന്ന ഒരു അവ്യക്തമായ, നിഗൂഢമായ ശക്തിയായാണ്. ശാസ്ത്രത്തെ അതിന്റെ സ്വതസിദ്ധമായ രീതിയുടെ വസ്തുനിഷ്ഠതയിൽ നിന്ന് ഒഴിവാക്കുകയും ക്രമരഹിതവും പരസ്പരബന്ധമില്ലാത്തതുമായ ഊഹങ്ങളുടെയും കേട്ടറിവുകളുടെയും ഒരു അയഞ്ഞ സംവിധാനമാക്കി മാറ്റുകയും ചെയ്യുകയാണവർ. ഇത് കേവലം വാക്കാലുള്ള പ്രചാരണമല്ല. ഭരണകൂടം പശുക്കളുടെ ഉൽപന്നങ്ങളെക്കുറിച്ചുള്ള അക്കാദമിക്, വ്യാവസായിക ഗവേഷണങ്ങൾ സ്പോൺസർ ചെയ്യുകയാണ്. ഈ രാജ്യത്തെ ഗവേഷണഭൂപടത്തെ മാറ്റിമറിക്കുകയാണ്. ഈ ലക്ഷ്യങ്ങളിലേക്ക് ഫണ്ട് വകമാറ്റി, ശാസ്ത്രഗവേഷണ സ്ഥാപനങ്ങളിലെ പ്രധാന പദവികളും ശാസ്ത്രസാങ്കേതികരംഗങ്ങളിലെ ഭരണപദവികളും കപടശാസ്ത്രജ്ഞർക്ക് നീക്കിവച്ചു് അതിനെ തകർക്കാൻ വ്യവസ്ഥാപിതമായി ശ്രമിക്കുകയാണ്. അഭിമാനകരമായിരുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സുകൾ  ഒരു പരിഹാസസഭയാക്കി മാറ്റുകയാണ്.
     ഈ കാലഘട്ടത്തിൽ ശാസ്ത്രബോധം ഉയർത്തിപ്പിടിക്കുക എന്നത് ഏറ്റവും വലിയ രാഷ്ട്രീയപ്രവർത്തനമാണ്. അതിനായി ശാസ്ത്രത്തെ ജനകീയവത്കരിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം സാധാരണ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. കഴിയുന്ന ഇടങ്ങളിലെല്ലാം സാമൂഹികമായ ശാസ്ത്രവിദ്യാഭ്യാസം സാധ്യമാക്കേണ്ടതുണ്ട്.ശാസ്ത്രപ്രദർശനങ്ങൾ, പാഠപുസ്തകത്തിലെ ശാസ്ത്രവിഷയങ്ങൾ തുടങ്ങിയവയെല്ലാം കൃത്യമായി വിലയിരുത്തി നടപ്പാകേണ്ടതുണ്ട്. ഇത് നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കാനും നമ്മുടെ  നിലനിൽപ്പിനുമായുള്ള പോരാട്ടമാണ്.
(തയ്യാറാക്കിയത് : ഡോ.രതീഷ് കൃഷ്ണൻ)
ശാസ്ത്രബോധം നാടിനെ നയിക്കട്ടെ….
സെപ്റ്റംബർ 10ന്റെ യൂണിറ്റുയോഗങ്ങളിൽ അവതരിപ്പിക്കാനുള്ള കുറിപ്പ്  pdf version ലഭ്യമാക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *