വനിതാ ഘടക പദ്ധതി: പുതിയ മാർഗ രേഖ ആവശ്യം

0

കേരളത്തിലെ സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേതിൽ നിന്നും വ്യത്യസ്തമാണ്. സാക്ഷരത, മാതൃമരണ നിരക്ക് , ശിശുമരണ നിരക്ക് , സ്ത്രീപുരുഷ അനുപാതം തുടങ്ങിയ മാനദണ്ഡങ്ങൾ സ്ത്രീക്ക് അനുകൂലം ആയിരിക്കുമ്പോഴും തൊഴിൽ , സുരക്ഷ , അധികാരം എന്നീ മേഖലകളിൽ കേരളസ്ത്രീ പിന്നാക്കം നിൽക്കുന്നു എന്നത് ഗൗരവമുള്ള വൈരുധ്യമാണ്. ഇതിനുള്ള പരിഹാരങ്ങളിൽ പ്രധാനം ലിംഗനീതിയെ വികസന പ്രശ്നമായി കണക്കിലെടുക്കുക എന്നത് തന്നെ ആണ്.
73,74 ഭേദഗതിയിലൂടെ സ്ത്രീകൾക്ക് പ്രാദേശിക സർക്കാരുകളിൽ 50 % സംവരണം നൽകിയത് വലിയ മാറ്റത്തിനു ഇടയാക്കിയിട്ടുണ്ട്. കേരളത്തിൽ ദാരിദ്യ്ര ലഘൂകരണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കുടംബശ്രീ ഈ മാറ്റത്തിനു ആക്കം കൂട്ടി. കൂടാതെ ജനകീയാസൂത്രണവും പദ്ധതി വിഹിതത്തിന്റെ 10 % വനിതാ ഘടക പദ്ധതിക്കായി നീക്കി വെക്കാനുള്ള തീരുമാനവും ലിംഗനീതിയിലേക്കുള്ള പ്രയാണം വേഗത്തിലാക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ഇതുസംബന്ധിച്ച വിമർശനാത്മകമായ വിലയിരുത്തൽ അനിവാര്യമായിരിക്കുന്നു. മേൽ സൂചിപ്പിച്ച ഓരോ തീരുമാനവും പ്രതീക്ഷിച്ച രീതിയിൽ ഫലം ഉളവാക്കിയിട്ടില്ല എന്നതിന് കണക്കുകൾ തന്നെ ആണ് തെളിവ്. നിരവധി അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും സ്ത്രീ ശാക്തീകരണം കയ്യെത്താ ദൂരത്തു തന്നെ നിലനില്കുന്നതിന്റെ കാരണം അന്വേഷിക്കുമ്പോൾ എത്തിച്ചേരാനാകുന്ന നിഗമനം നമ്മുടെ വികസന പ്രക്രിയയുടെ പുരുഷാധിപത്യ രീതി തന്നെ ആണെന്ന് കാണാം. അതിനാലാണ് ശാസ്ത്ര സാഹിത്യ പരിഷത് ജെണ്ടർ സമിതി ഈ മേഖലയിൽ ഇടപെടുവാൻ തീരുമാനിച്ചത്. പല തലങ്ങളിൽ നടന്ന ചർച്ചകളും സംവാദങ്ങളും വനിതാ ഘടക പദ്ധതി മാർഗരേഖ യിൽ അടിസ്ഥാന മാറ്റം ആവശ്യമാണെന്ന പൊതു അഭോപ്രായത്തി ആണ് എത്തി ചേർന്നത്. കാരണം 10 % തുക സ്ത്രീകൾക്ക് മാറ്റി വെക്കുമ്പോൾ അത് ഏതു തരത്തിൽ വിനിയോഗിക്കണം എന്ന ധാരണ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ട്. സ്ത്രീയെ ഒരു ഗുണഭോക്താവ് എന്ന നിലയിൽ മാത്രം കണ്ടു കൊണ്ട് അവളുടെ ദൈനംദിന ജീവിതാവശ്യങ്ങൾ നേടി കൊടുക്കുക എന്ന ചിന്ത ഉണ്ടാകുന്നതു സ്വാഭാവികമാണ്. കക്കൂസ് , വാഴ , കോഴി തുടങ്ങിയവ അനുവദിച്ചു കൊണ്ട് വനിതാ ഘടക പദ്ധതി തുക ചിലവഴിക്കുകയാണ് ചെയ്തു വരുന്നത്. അപൂർവമായി മറ്റു തരത്തിൽ ഉണ്ടായിട്ടില്ല എന്നല്ല. എന്നാൽ നിലവിലുള്ള മാർഗരേഖ ലിംഗനീതിയെ കുറിച്ചുള്ള കാഴ്‌ചപ്പാട്‌ ഉണ്ടാക്കുവാൻ സഹായകമല്ലാത്തതാണ് ഇതിനു കാരണം.
ലിംഗനീതി ഒരു വികസന പ്രശ്നമായി കണക്കാക്കുക ആണ് പ്രധാനം. സ്ത്രീപദവി ഉയർത്തുവാൻ പര്യാപ്തമായ പദ്ധതികൾക്ക് രൂപം നല്കാൻ കഴിയണം. സ്ത്രീകളെ വികസന പ്രക്രിയയിൽ പങ്കാളികൾ ആക്കി മാത്രമേ ഇത് സാദ്ധ്യമാകൂ. എന്നാൽ സ്ത്രീകൾക്ക് ഇത്തരത്തിൽ മുഖ്യധാരയിലേക്കു സ്വയം വരാൻ കഴിയാത്ത തരത്തിൽ പുരുഷാധിപത്യം അതീവ ദൃഢമാണെന്ന് വ്യക്തമാണ്. പൊതു ഇടങ്ങൾ അരക്ഷിതമായിരിക്കുന്നതും കുടുംബത്തിന്റെ ജനാധിപത്യമില്ലായ്മക്കും കാരണം മറ്റൊന്നല്ല. പ്രാദേശിക വികസനം സ്ത്രീ സൗഹാർദപരമാകുകയും വനിതാ ഘടക പദ്ധതി സ്ത്രീ ജീവിതത്തെ അടിസ്ഥാനപരമായി മാറ്റുകയും വേണം.
അക്കാദമിക പണ്ഡിതർ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹായവും മേൽനോട്ടവും പിന്തുണയും ഉണ്ടെങ്കിലേ ഇക്കാര്യങ്ങൾ പ്രയോഗതലത്തിൽ എത്തിക്കാൻ കഴിയൂ. ജെണ്ടർ റിസോർസ് ഗ്രൂപ് (ജി ആർ ജി ) സംസ്ഥ,ജില്ലാ, പഞ്ചായത്ത് തലത്തിൽ രൂപീകരിക്കുവാൻ മാർഗ രേഖയിൽ നിർദേശം നൽകണം. പദ്ധതികൾ ആസൂത്രണം ചെയ്യാനും പരിശീലനം നൽകാനും ജെണ്ടർ ഓഡിറ്റിങ്ങിനു മുൻകൈ എടുക്കാനും ജി ആർ ജി ക്കു കഴിയും. പ്രാദേശിക വികസനം ആകെ തന്നെ സ്ത്രീ സൗഹാർദമാക്കുവാനുള്ള ഉത്തരവാദിത്തം ജി ആർ ജി ക്കു ഉണ്ടാകും.
പരിഷത് തയാറാക്കിയ കരട് മാർഗരേഖ ആസൂത്രണ ബോർഡിന് സമർപ്പിച്ചു. വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രൻ ,അംഗങ്ങളായ ഡോ മൃദുൽ ഈപ്പൻ,ഡോ കെ എൻ ഹരിലാൽ , ഡോ ബി ഇഖ്ബാൽ എന്നിവർ
ആസൂത്രണ ബോർഡ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *