സ്ത്രീശരീരം കോളനിവൽക്കരിക്കുന്നു

0

[author title=”ആര്‍ പാര്‍വതി ദേവി” image=”http://parishadvartha.in/wp-content/uploads/2016/10/Parvathydevi_R.jpg”]ജന്റര്‍ വിഷയമസിതി കണ്‍വിനര്‍[/author]

സ്ത്രീശരീരത്തിനോടും ലൈംഗികതയോടും എന്നും പുരുഷാധിപത്യ സമൂഹത്തിന്റെ സമീപനം സങ്കീർണവും പ്രശ്നാത്മകവുമാണ്. ഒരേ സമയം പെണ്ണുടൽ അതീവ ആകർഷകമായിരിക്കുകയും വെറുക്കപ്പെടേണ്ടതും ആയിരിക്കുന്നു. ഗര്‍ഭപാത്രവും അതിന്റെ പ്രവർത്തനങ്ങളും സ്ത്രീക്ക്  ഉദാത്തയായ ‘അമ്മ എന്ന പദവി നൽകുന്നു. എന്നാൽ അവൾ ആക്രമിക്കപ്പെടുന്നതും മാറ്റിനിർത്തപ്പെടുന്നതും അടിച്ചമർത്തപ്പെടുന്നതും ഇതേ കാരണം കൊണ്ടാണ്. ഏത് രീതി ആയാലും സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേൽ സ്വയംനിർണയാവകാശം ഇല്ല എന്നത് വ്യക്തം. സ്ത്രീയുടെ ലൈംഗികതയെ നിയന്ത്രിക്കുകയും ചൊല്പടിയിൽ നിർത്തുകയും ചെയ്യേണ്ടത് ആണാധിപത്യ ശക്തികളുടെ ആവശ്യമാണ്. സ്ത്രീയുടെ മേൽ അധികാരം സ്ഥാപിക്കുവാൻ ഇത് അനിവാര്യമാണ്. എന്റെ ഭാര്യ എന്റെ മക്കൾ എന്ന സങ്കല്പനം ഉണ്ടായി വന്നതിന്റെ പിന്നിൽ സാമ്പത്തിക ഘടകങ്ങൾ  ആണെങ്കിലും പിന്നീട് ഇത് എല്ലാ തരത്തിലും ഉള്ള ആ ധിപത്യത്തിനുള്ള സാംസ്‌കാരിക ആയുധം ആയി മാറി എന്ന് സാമൂഹിക പരിണാമങ്ങളുടെ ചരിത്രം വ്യക്തമാക്കുന്നു. കുടുംബം എന്ന ആശയം കെട്ടിപൊക്കിയിരിക്കുന്നത് സ്ത്രീ ലൈംഗികതയുടെ മേലുള്ള നിയന്ത്രണത്തിലാണ്.
വർഗ സമൂഹത്തിന്റെയും മുതലാളിത്തത്തിന്റെയും ആവിർഭാവവും വളർച്ചയും സ്ത്രീയെ ലൈംഗിക വസ്തുവാക്കി മാറ്റിയതെങ്ങനെയെന്നു എംഗൽസ് വിശദീകരിക്കുന്നുണ്ട്.
ഇന്ന് ആഗോളവൽക്കരണകാലത്തും പുതിയ രൂപത്തിൽ സ്ത്രീശരീരത്തിനു ലൈംഗിക പരിവേഷം നൽകുന്നു. സ്ത്രീ =ശരീരം=സൗന്ദര്യം=ലൈംഗികത എന്ന സമവാക്യം ആഗോളവിപണി ആഘോഷിക്കുന്നു. അതായത് ആധുനികതയും പാരമ്പര്യവും പരസ്പരം മത്സരിച്ചു കൊണ്ട് സ്ത്രീയുടെ ലൈംഗികതയെ അവരവരുടെ ആവശ്യത്തിന് അനുയോജ്യമായ വിധം ചൂഷണം ചെയ്യുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഞങ്ങളുടെ ശരീരം ഞങ്ങളുടേത് എന്ന മുദ്രാവാക്യം സ്ത്രീവിമോചകർ ഉയർത്തിയിട്ട് അര  നൂറ്റാണ്ടു കഴിഞ്ഞെങ്കിലും ഇപ്പോൾ മത വർഗീയ ശക്തികൾ ഫാസിസ്റ്റു ദംഷ്ട്രകൾ പുറത്തെടുത്ത ഇന്ത്യയിൽ സ്ത്രീയുടെ ശരീരത്തെ വീണ്ടും പർദ്ദയിലേക്കും മറക്കുടയിലേക്കും ഒതുക്കുവാൻ ബോധപൂർവമായ ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. ഫാസിസം ആദ്യം പിടിമുറുക്കുന്നത് സ്ത്രീകളുടെ മേൽ ആണെന്ന് ചരിത്രം തെളിയിക്കുന്നു. (വിശദമാക്കുവാൻ ഈ പംക്തിയിൽ ആവില്ല )
സ്ത്രീകളുടെ വസ്ത്രധാരണം വിവാദമാകുന്നതിന്റെ പശ്ചാത്തലവും ഇതാണ്. സ്ത്രീയുടെ ശരീരത്തിന് മേൽ നടക്കുന്ന ദുരാചാര പോലീസിംഗ് കേരളത്തിൽ വ്യാപകമാകുന്നത് അപകടകരമായ പ്രവണതയാണ്. പലയിടങ്ങളിലും ലെഗ്ഗിൻസ് ധരിക്കുന്ന പെൺകുട്ടികളെ പോലീസ് വിരട്ടി ഓടിക്കുന്നു എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കാശ്മീരിൽ ജീൻസ് ധരിക്കാൻ മുസ്ലിം മതമൗലികവാദികൾ അനുവദിക്കുന്നില്ല എന്നത് അത്ഭുതത്തോടെ ആണ് നമ്മൾ മുൻപ് കേട്ടിരുന്നത് എന്ന് ഓർക്കണം.
സ്ത്രീകളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച ചർച്ചകൾ പോലും സ്ത്രീയുടെ അശുദ്ധിയിലേക്കും വസ്ത്രധാരണത്തിലേക്കും എത്തിപ്പെടുന്നത് കാണാം. ആർത്തവം അശുദ്ധിയും ആണ്; ആഘോഷവും ആണ്. ഇത് രണ്ടും ഇല്ലാതാക്കാൻ ഒരു കാലഘട്ടത്തിൽ കേരളത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ഭക്തി വ്യവസായം തഴച്ചു വളർന്നതിന്റെ ഒപ്പം ആർത്തവത്തിനും അമിത പ്രാധാന്യം കൈവരിച്ചു. ആചാരങ്ങളും അനുഷ്ടാനങ്ങളും അതിവേഗം മടങ്ങി വരുമ്പോൾ സ്ത്രീയുടെ ‘അശുദ്ധപദവി’ ദൃഢമാകുന്നു.
കേരളനവോത്ഥാനം സ്ത്രീ ജീവിതത്തെ മാറ്റി മറിച്ചു കൊണ്ടാണ് മുന്നേറിയത്. മാറുമറയ്കൽ സമരവും  കല്ലുമാല സമരവും സ്ത്രീകളുടെ വസ്ത്രധാരണ അവകാശത്തിനു വേണ്ടി ആയിരുന്നല്ലോ. മറക്കുടയും പുതപ്പും കളയാനാണ് നമ്പൂതിരി സമുദായം അന്ന് കൊടി പിടിച്ചത്. ഇവിടെ മാത്രമല്ല ആദ്യകാല ലോക സ്ത്രീവിമോചനപ്രക്ഷോഭം അടിവസ്ത്രങ്ങൾ വിപണിവൽക്കരിക്കുന്നതിന് എതിരെ ആയിരുന്നല്ലോ.
ലിംഗനീതിക്ക് വേണ്ടിയുള്ള അവകാശസമരത്തിൽ ലൈംഗികസ്വാന്ത്ര്യം അനിവാര്യമാണ്. എന്നാൽ ലൈംഗികത എന്ന പദം തന്നെ അരാജകത്വംആണെന്ന രീതിയിലാണ് വികസന ചർച്ചകൾ പോലും നടക്കുന്നത്. സ്ത്രീക്ക് സ്വന്തം ശരീരത്തിന് മേൽ സ്വയം നിർ ണയാവകാശം ഇല്ലാതെ ശാക്തീകരണം അസാധ്യമാണ്.
സ്ത്രീശരീരത്തെ കോളനിവൽക്കരിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം ഉയരണം.

Leave a Reply

Your email address will not be published. Required fields are marked *