പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ സമിതി ഉദ്ഘാടനം

0

രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകർത്ത് അന്ധവിശ്വാസങ്ങളും  വർഗീയതയിൽ അധിഷ്ഠിതമായ  അശാസ്ത്രീയ ചിന്തകളും വളർത്തുക എന്ന ലക്ഷ്യത്തോടെ
കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾക്കുമെതിരെ അതിശക്തമായ പ്രതിരോധം സമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്.

07 Jul 2023

പത്തനംതിട്ട: ഈ വർഷം ഏറ്റെടുക്കേണ്ട വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി രൂപം നൽകി. രാജ്യത്തിൻ്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ തകർത്ത് അന്ധവിശ്വാസങ്ങളും  വർഗീയതയിൽ അധിഷ്ഠിതമായ  അശാസ്ത്രീയ ചിന്തകളും വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയത്തിനും അതിനെ തുടർന്ന് കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾക്കുമെതിരെ അതിശക്തമായ പ്രതിരോധം സമൂഹത്തിൽ നിന്നും ഉയർന്നു വരേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി വിവിധ തലങ്ങളിൽ വിദ്യാഭ്യാസ പ്രതിരോധ കൺവൻഷനുകൾ, വാഹന ജാഥകൾ, പുസ്തക പ്രചരണം എന്നി പരിപാടികൾ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് പരിഷത്ത് നടത്തും. ജില്ലയിലെ വിവിധ മേഖലകളുടെ നേതൃത്വത്തിൽ വാർഡ് വിദ്യാഭ്യാസ സമിതി രൂപീകരണം, രക്ഷാകർതൃ സംഗമം, തെരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ശാക്തീകരണം, സയൻസ് ലാബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.

 ജില്ലാ വിദ്യാഭ്യാസ വിഷയ സമിതിയുടെ ഓപചാരികമായ ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി രമേശ് ചന്ദ്രൻ നിർവഹിച്ചു.ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ഡോ.അജിത് ആർ പിള്ള അധ്യക്ഷത വഹിച്ചു. സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ ഈ വർഷം സംഘടന ഏറ്റെടുക്കേണ്ട പ്രധാന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സംബന്ധിച്ച കരട്  അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി.ബാലചന്ദ്രൻ, ഉന്നത വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ പ്രൊഫ.കെ.എസ് ശ്രീകല, ജില്ലാ കമ്മിറ്റി അംഗം എൻ.എസ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന വിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ഡോ.ടി.പി കലാധരൻ യോഗത്തിൽ സന്നിഹിതനായിരുന്നു. ജില്ലയിലെ മേഖലാ സെക്രട്ടറിമാർ, വിദ്യാഭ്യാസ കൺവീനർമാർ, ചെയർപേഴ്സൺസ്, വിദ്യാഭ്യാസ പ്രവർത്തകർ, വിദഗ്ദ്ധർ എന്നിവരടങ്ങുന്നതാണ് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതി.

Leave a Reply

Your email address will not be published. Required fields are marked *