സംസ്ഥാനതല ജെൻഡർ ശില്പശാല കോഴിക്കോട്ട്  സമാപിച്ചു

0

കോഴിക്കോട് : ലിംഗസമത്വത്തിനായുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ  ഭരണകൂടതലത്തിലും സമൂഹതലത്തിലും നടക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇനിയുമേറെ മുന്നോട്ടുപോകാനുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവബോധ നിർമിതിയാണ്. ലിംഗപരമായ വൈവിധ്യങ്ങളെക്കുറിച്ചും തുല്യതയിലൂന്നിയ  സമൂഹസൃഷ്ടിക്ക് വിഘാതമാവുന്ന സാമൂഹ്യ യാഥാർഥ്യങ്ങളെക്കുറിച്ചും  കൃത്യമായ ധാരണ എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ടാവേണ്ടതുണ്ട്.ഇക്കാര്യത്തിൽ  അവബോധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പരിഷത്ത് പ്രവർത്തകർക്ക് ജെൻഡർ വിഷയ മേഖലയെ പരിചയപ്പെടുത്തുകയായിരുന്നു സംസ്ഥാനതല ജെൻഡർ ശിൽപശാലയുടെ ലക്ഷ്യം .

രണ്ടു ദിവസമായി നടന്ന ശില്പശാലയിൽ വിവിധ സെഷനുകളിലായി  ലിംഗതുല്യത അനിവാര്യമാകുന്നതെന്തുകൊണ്ട്? – കെ. ഡയാന, ജെൻഡർ ആക്റ്റിവിസം – ചരിത്രവും വർത്തമാനവും – ഡോ.ടി.മുരളീധരൻ ,ജെൻഡർ റോളുകൾ – അധികാര ബന്ധങ്ങൾ – ശ്രുതികൃഷ്ണ ,SOGIESC പൊതുബോധവും വസ്തുതയും – ജൂബിൽ കൊച്ചുമോൻ , ലൈംഗികതയും സെക്ഷ്വൽ ഓറിയൻ്റേഷനും – ഡോ.കെ.ജയശ്രീ,കേരള ശാസ്ത്രസാഹിത്യ പരിഷത്തും ജെൻഡറും – എൻ.ശാന്തകുമാരി , ക്വീർ വ്യക്തികളുടെ അനുഭവങ്ങൾ പങ്കിടൽ – ആനന്ദ് സി.രാജപ്പൻ ,ആരോഗ്യകരമായ ബന്ധങ്ങൾ ,സമ്മതം, ജനാധിപത്യം – ഡോ.ചിഞ്ചു സി തുടങ്ങിയവർ വിഷയങ്ങളിൽ   അവതരണങ്ങൾ നടത്തി.

കുടുംബം, സൗഹൃദം, പ്രണയം തുടങ്ങിയവയിൽ     ആരോഗ്യകരമായ സമീപനങ്ങൾ രൂപപ്പെടണം. പരസ്പര ബഹുമാനവും വിയോജിക്കാനുള്ള സാധ്യതയും ഇക്കാര്യത്തിൽ അനിവാര്യമാണ്. സമഗ്ര ലൈംഗിക വിദ്യാഭ്യാസം (CSE) മനുഷ്യരുടെ മെച്ചപ്പെട്ട  സാമൂഹ്യ വൈകാരിക ആരോഗ്യത്തിനും തുല്യതയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ സമീപനങ്ങൾ സാധ്യമാക്കാനും  അതുവഴി മാറ്റി നിർത്തപ്പെട്ടവരുടെ ശാക്തീകരണത്തിലേക്കും നയിക്കും. സ്വാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്വീർ വ്യക്തികളെക്കുറിച്ച് പൊതുവായും ഇൻറർ സെക്സ്  വ്യക്തികളെക്കുറിച്ച് സവിശേഷമായും വിശദീകരിച്ച ആനന്ദ് സി.രാജപ്പൻ നയിച്ച സെഷൻ പങ്കാളികൾക്ക് ഏറെ ഉൾക്കാഴ്ചകൾ നൽകുന്നതായിരുന്നു.കേരള സമൂഹത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ വികസന പ്രശ്നങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ടെന്ന്   ഈ അവതരണം  ഓർമിപ്പിച്ചു.  ജൂലായ് 8, 9 തിയ്യതികളിൽ കോഴിക്കോട് പരിഷദ് ഭവനിൽ വെച്ചു നടന്ന ശില്പശാലയ്ക്ക് പി. എം. ഗീത  സ്വാഗതം പറഞ്ഞു. സംസ്ഥാന കൺവീനർ വി.പി. സിന്ധു ശിൽപശാലയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പി.ഗോപകുമാർ മോഡറേറ്ററായി. ശിൽപശാല തുടർ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. ശിൽപശാലയെ വിലയിരുത്തിക്കൊണ്ട്   ആദർശ് (കോഴിക്കോട്) സംഗമേശൻ (എറണാകുളം) ,ജയ (മലപ്പുറം) എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *