തണ്ണീര്‍ത്തടങ്ങള്‍ വിജ്ഞാപനം ചെയ്ത് സംരക്ഷിക്കുക

0

പാലോട്: 2017-ലെ തണ്ണീര്‍ത്തട ചട്ടം അനുശാസിക്കുംവിധം തണ്ണീര്‍ത്തടങ്ങള്‍ സുസ്ഥിരമായി സംരക്ഷിക്കുന്നതിനായുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുസ്ഥിരവികസനലക്ഷ്യങ്ങള്‍ നേടുന്നതില്‍ തണ്ണീര്‍ത്തടങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. നഗരവല്‍ക്കരണത്തിന്റെയും വിവിധ വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വര്‍ധിച്ചുവരുന്നതായി കാണാം. 1986-ലെ കേന്ദ്രപരിസ്ഥിതി നിയമം അടിസ്ഥാനമാക്കി 2.25 ഹെക്ടറും അതിനുമുകളിലുള്ള തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. വെള്ളായണി, ആക്കുളം, കഠിനംകുളം, അകത്തുമുറി, കാപ്പില്‍ തുടങ്ങിയ കായലുകള്‍ ഇത്തരത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമുണ്ട്. ജൈവവൈവിധ്യ സംരക്ഷണം, ഭൂജലപോഷണം, പ്രാദേശിക ഉപജീവനം, പ്രാദേശിക കാലാവസ്ഥാ നിയന്ത്രണം, കാര്‍ബണ്‍ സംഭരണം തുടങ്ങിയ സംഭാവനകള്‍ തണ്ണീര്‍ത്തടങ്ങള്‍ നിര്‍വഹിച്ചുപോരുന്നതായി പ്രമേയം വിശദീകരിച്ചു.

ജില്ലാസമ്മേളനത്തിന്റെ രണ്ടാംദിവസം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്ക് ജില്ലാ സെക്രട്ടറി എസ്. രാജിത്ത് വിശദീകരണം നല്‍കി. വരവ് ചെലവ് കണക്കിന്മേലുള്ള വിശദീകരണം ട്രഷറര്‍ എസ്. ബിജുകുമാറും സംഘടനാരേഖാ ക്രോഡീകരണം ജനറല്‍ സെക്രട്ടറി ജോജി കൂട്ടുമ്മേലും നടത്തി. പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വി. ഹരിലാല്‍, ആര്‍. ജയചന്ദ്രന്‍ എന്നിവരാണ് പ്രമേയാവതരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *