ശാസ്ത്രഞ്ജരും പൊതുജനങ്ങളുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്

0

വയനാട് ജില്ലാ സമ്മേളനം

എം എം ടോമി സെക്രട്ടറി
പി ആർ മധുസൂദനൻ പ്രസിഡണ്ട്

വയനാട്: കേരളത്തിൽ അടിസ്ഥാന ശാസ്ത്രഗവേഷണങ്ങളെയും പുതിയ അറിവുകളെയും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് ശാസ്ത്രഞ്ജരും പൊതുജനങ്ങളുമായുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞ ഡാലി ഡേവിസ് പറഞ്ഞു.
ശാസ്ത്രഞ്ജരും പൊതുസമൂഹവും എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് വയനാട് ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ശാസ്ത്രസമൂഹം ഇന്ത്യയിൽ ശബ്ദമില്ലാത്ത ന്യൂനപക്ഷമാണെന്നും കോവിഡ് വാക്‌സിൻ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യം പരിഗണിക്കാതെയുള്ള ഭരണകൂട തീരുമാനങ്ങളെ എതിർക്കുന്നതിനു ഇന്ത്യൻ ശാസ്ത്രസമൂഹത്തിനു വേണ്ട രൂപത്തിൽ കഴിയാതെ പോയി എന്നും ഡാലി ഡേവിസ് കൂട്ടിച്ചേർത്തു.
ഓൺലൈൻ ആയി നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി ആർ മധുസൂദനൻ അധ്യക്ഷനായി. സംസ്ഥാന പരിസര വിഷയ സമിതി കൺവീനർ ടി ആർ സുമ മോഡറേറ്ററായിരുന്നു. നിർവാഹക സമിതി അംഗങ്ങളായ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, പ്രൊഫ. കെ ബാലഗോപാലൻ, ടി കെ ദേവരാജൻ, സംസ്ഥാന സെക്രട്ടറി ഷിബു അരുവിപ്പുറം, ഡോ. കെ വി തോമസ്, എം കെ വിലാസിനി, പി അനിൽകുമാർ, ടി വി വിനീഷ്, ടി പി സുഗതൻ, കെ ടി തുളസീധരൻ, പി സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രണ്ടാം ദിവസം മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ. എൻ കെ ശശിധരൻ പിള്ള സംഘടനാ രേഖ അവതരിപ്പിച്ചു.
വയനാട്ടിൽ സിക്കിൾ സെൽ അനീമിയ അടക്കമുള്ള രോഗങ്ങൾക്കായി ആരംഭിക്കുന്ന ഗവേഷണ ചികിൽസ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് കാല വിദ്യാഭ്യാസത്തിന് പുതു സാദ്ധ്യതകൾ തേടണം, പാരിസ്ഥിതിക അതിക്രമങ്ങൾ തടയുന്നതിന് സത്വര നടപടികൾ സ്വീകരിക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ജില്ലാ സെക്രട്ടറി എം കെ ദേവസ്യ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ സുരേഷ് കുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ വിനോദ് കുമാർ അവലോകനം നടത്തി. പ്രതിനിധികൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ചകൾ നടത്തി. 150 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
പി ആർ മധുസൂദനൻ (പ്രസിഡണ്ട്), കെ വിശാലാക്ഷി, എം കെ ദേവസ്യ (വൈസ് പ്രസിഡണ്ട്), എം എം ടോമി (സെക്രട്ടറി), ഡോ ആർ എൽ രതീഷ്, അമല എം ദേവ് (ജോ സെക്രട്ടറി), പി കുഞ്ഞികൃഷ്‌ണൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Leave a Reply

Your email address will not be published. Required fields are marked *

You may have missed