പരിഷത്ത് തിക്കോടി യൂണിറ്റ് പ്രവർത്തക ക്യാമ്പ്

0
തിക്കോടി യൂണിറ്റ് പ്രവർത്തക ക്യാമ്പ്

കോഴിക്കോട്: വീട്ടുമുറ്റ സദസ്സുകളിലൂടെ വികസിക്കാനിരിക്കുന്ന സംസ്കാരത്തിലെ പ്രാദേശിക ഇടപെടലിന് മുന്നൊരുക്കമാവുകയെന്ന ദൗത്യം പുറക്കാട് വെച്ച് ചേർന്ന പരിഷത്ത് തിക്കോടി യൂണിറ്റ് പ്രവർത്തക ക്യാമ്പ് ഭംഗിയായി നിർവ്വഹിച്ചു. ‘നാളെയാവുകിലേറെ വൈകീടു’മെന്ന മുന്നറിയിപ്പ് അക്ഷരാർത്ഥത്തിൽ ഏറ്റെടുത്ത പ്രവർത്തക ക്യാമ്പ് ഇനി
ജനകീയ ശാസ്ത്ര സാംസ്കാരികോത്സവ സംഘാടക സമിതികളുടെ രൂപീകരണത്തിനും തുടർ പ്രവർത്തനങ്ങൾക്കും ഗതിവേഗം നൽകും.
“പരിഷത്ത് ചരിത്രവും വർത്തമാനവും” എന്ന വിഷയം ഇന്നലെകളിലെ അനുഭവങ്ങളിലൂടെ സരസ ഗംഭീരമായി അവതരിപ്പിച്ച കെ.ടി.ആർ. ‘ശാസ്ത്രത്തിന്റെ രീതി’ എങ്ങിനെ സത്യാനന്തര കാലത്ത് പ്രതിരോധത്തിനുള്ള ആയുധമാക്കി മാറ്റണമെന്നു കൂടി ബോധ്യപ്പെടുത്തി.
പുതിയ പരിഷത്തുകാർ പരിചയപ്പെടുകയും പഴയ പ്രവർത്തകർ പരസ്പരം സൗഹൃദം പുതുക്കുകയും ചെയ്തു കൊണ്ട് ആരംഭിച്ച കേമ്പിൽ തിക്കോടി, പള്ളിക്കര, പുറക്കാട്, കാരയക്കാട്, പയ്യോളി ഭാഗങ്ങളിൽ നിന്നായി അറുപതിലേറെ പേർ പങ്കെടുത്തു. ജനകീയ ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ജില്ലാ സെക്രട്ടറി ശശിധരന്‍ മണിയൂരും സംഘാടനം സംബന്ധിച്ച് കൊയിലാണ്ടി മേഖലാ കമ്മിറ്റി അംഗം ജോർജ്ജും സംസാരിച്ചു. മേഖലാ കമ്മിറ്റി അംഗം മഹേഷ് ടി കെ ശാസ്ത്ര-സാംസ്കാരി കോത്സവത്തിന്റെ പ്രാദേശിക സംഘാടക സമിതികൾക്കുള്ള മാർഗ്ഗരേഖ അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ച കേമ്പിൽ യൂണിറ്റ് സെക്രട്ടറി ജി.ആർ. അനിൽ സ്വാഗതമാശംസിച്ചു.
നാടൻ പാട്ടുകളും കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ബാനറുകളും കേൻവാസ് ചിത്രീകരണങ്ങളുമെല്ലാമായി സമ്പുഷ്ടമായിരുന്ന കേമ്പിന്റെ സംഘാടനം നിർവ്വഹിച്ചത് ‘വാക്ക്’ പുറക്കാട് എന്ന സാംസ്കാരിക സംഘടനയാണ്. കോവിഡ് മാനദണ്ഡങ്ങൾ പിൻതുടർന്ന് വീട്ടുപറമ്പിലെ തുറസ്സിലെ ഉത്സവാന്തരീക്ഷത്തിലായിരുന്നു കേമ്പിന്റെ വേദിയൊരുക്കപ്പെട്ടത്. ശബ്ദവും വെളിച്ചവും നല്ല രാത്രി ഭക്ഷണവുമെല്ലാമൊരുക്കി മനോഹരമായ ഒരു ക്യാമ്പ് അനുഭവം നൽകിയ ‘വാക്ക്’ പ്രവർത്തകർ വാക്കുകൾക്കതീതരായി. പയ്യോളി ഗവ. സ്കൂൾ ശാസ്ത്രാധ്യാപകൻ പ്രേമൻ മാസ്റ്റർ ക്യാമ്പ് വിലയിരുത്തി സംസാരിച്ചു.
“നെഞ്ചുയർത്തിയിന്ത്യയിൽ
നമുക്ക് പാടുവാനൊരൊറ്റ സംഘഗാനം ….” എന്ന പരിഷദ് ഗീതത്തിന്റെ സംഘാലാപനത്തോടെ കാലമേൽപ്പിക്കുന്ന അനിവാര്യ ചുമതലകളിലേക്ക് പുതിയ ഊർജ്ജവുമായാണ് ക്യാമ്പ് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed