രണ്ടാം കേരളപഠനത്തിലേക്ക്

0

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയശാസ്ത്രപ്രസ്ഥാനമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വിവിധ ബഹു ജന സംഘടനകള്‍, മതസാമുദായിക സംഘടനകള്‍, എന്‍.ജി.ഒകള്‍ എന്നിങ്ങനെ ജനങ്ങളുടേതായ വിവിധങ്ങളായ സംഘടനകളും കൂട്ടായ്മകളും തുടര്‍ച്ചയായി ഇടപെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ വ്യത്യസ്തമായ ഒരു പ്രവര്‍ത്തനപാതയും പ്രവര്‍ത്തനരീതിയുമാണ് പരിഷത്തിന്റെ തനിമയും പ്രത്യേകതയും. ശാസ്ത്രബോധം ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പരിഷത്ത് ലക്ഷ്യമിടുന്നത്. സമൂഹം മുന്നോട്ടുപോകുന്നതിന്റെ മുഖ്യ ചാലകശക്തി കാര്യകാരണബന്ധത്തിലധിഷ്ഠിതമായ-യുക്തിയിലധിഷ്ഠിതമായ ശാസ്ത്രപ്രവര്‍ത്തനങ്ങളാണ്. അറിവിന്റെ ഉത്പാദനം, ബോധോദയത്തില്‍ നിന്നോ വിശ്വാസങ്ങളില്‍ നിന്നോ സംഭവിക്കുകയില്ല. മറിച്ച് ചോദ്യം ചെയ്യലുകളിലൂടെ മാത്രമാണ് പുതിയ അറിവ് സൃഷ്ടിക്കപ്പെടുന്നത്. വിശ്വാസത്തിലധിഷ്ഠിതമായ – ചോദ്യം ചെയ്യലിനെ സാധ്യതയൊരുക്കാത്ത സമൂഹമല്ല വിജ്ഞാനത്തിലധിഷ്ഠിതമായ – നിരന്തരമായ പുതുക്കലിനും തിരുത്തലിനും സാധ്യതയൊരുക്കുന്ന സമൂഹമാണ്. പുരോഗമനത്തിനും മാനവികമായ മൂല്യങ്ങളുടെ വളര്‍ച്ചക്കും വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുക.
പഠനപ്രവര്‍ത്തനങ്ങള്‍ പരിഷത്തിന്റെ മൗലികമായ പ്രവര്‍ത്തനങ്ങളാകുന്നത് ഇക്കാരണത്താലാണ്. അറിവിനെ, പഠനങ്ങളെ പരിഷത്ത് സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നു. സമൂഹമാറ്റത്തിനുള്ള ഉപാധിയാക്കിമാറ്റുന്നു. ഈ ലക്ഷ്യത്തോടെ വിവിധ പഠനങ്ങളെ പരിഷത്ത് പ്രയോജനപ്പെടുത്തുകയും പുതിയ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. പരിസര മലിനീകരണവുമായി ബന്ധപ്പെട്ട വിവിധ പഠനങ്ങള്‍, ഏറെ ശ്രദ്ധിക്കപ്പെട്ട ആരോഗ്യസര്‍വ്വേയും തുടര്‍പഠനങ്ങളും, വിദ്യാഭ്യാസ കമ്മീഷന്‍, കായല്‍ കമ്മീഷന്‍ എന്നിങ്ങനെയുള്ള പ്രധാന പഠനങ്ങള്‍ക്ക് പുറമെ ഒട്ടേറെ പ്രാദേശിക പഠനങ്ങള്‍ക്കും പരിഷത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്.
പരിഷത്ത് പഠനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായതും കേരളീയ സമൂഹത്തെക്കുറിച്ച് ഏറെ പുതിയ വിശകലനങ്ങളിലേക്ക് നയിക്കുകയും ചെയ്ത പഠനമാണ് കേരളപഠനം. കേരളമെങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു? എന്ന പൊതു ആശയത്തെ അടിസ്ഥാനമാക്കി 2004ല്‍ നടന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്രീയമായ വിവരശേഖരണത്തിന്റെയും വിശകലനങ്ങളുടേയും അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ സാമൂഹ്യവിശകലനങ്ങള്‍, കേരളത്തില്‍ വര്‍ധിച്ചുവരുന്ന അസമത്വങ്ങളെ കുറിച്ചുള്ള കൃത്യമായ വരച്ചുകാട്ടല്‍, പാര്‍ശ്വവത്കരണം സൃഷ്ടിക്കുന്ന സാമൂഹ്യസാംസ്കാരിക പിന്‍നടത്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളും സാമുദായിക വര്‍ഗീയ ധ്രുവീകരണങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഭൂമിയുടെ കേന്ദ്രീകരണത്തെക്കുറിച്ചുള്ള വസ്തുതാപരമായ തെളിവുകള്‍, വിവിധ വിഭാഗങ്ങളുടെ സാമൂഹ്യപദവിയിലുണ്ടായ മാറ്റങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വസ്തുതകള്‍ കേരള സമൂഹത്തില്‍ ചര്‍ച്ചചെയ്യുന്നിനും വിവിധ നയസമീപനങ്ങളെ സ്വാധീനിക്കുന്നതിനും സഹായകമായിത്തീര്‍ന്നിട്ടുണ്ട്. തുടര്‍ന്നു നടന്ന സ്ത്രീപദവിപഠനവും ഏറെ ശ്രദ്ധേയമായ വിശകലനങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
നിയോലിബറലിസം പൂര്‍ണമായ ചങ്ങാത്തമുതലാളിത്തത്തിലേക്ക് വളരുകയും ഫാസിസം സമൂഹത്തിലെ എല്ലാ അടരുകളിലേക്കും പിടിമുറുക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ 2018 ല്‍ പരിഷത്ത് നടത്തുന്ന കേരളപഠനം-2ന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. മനഃസാക്ഷിനഷ്ടം ബോധ്യപ്പെടുത്തുന്ന സാമൂഹിക പ്രവണതകളുടെ അകം-പുറം ബന്ധങ്ങള്‍ അനാവരണം ചെയ്യുന്നതിന് കേരളപഠനം 2 നമ്മെ സഹായിക്കും. കേരളത്തിലെ സാമ്പത്തികവളര്‍ച്ചയും സാമൂഹിക വളര്‍ച്ചയും തമ്മിലുള്ള അനുകൂല പ്രതിലോമ പ്രവണതകളെ ഈ പഠനം വിമര്‍ശനാത്മകമായി പരിശോധിക്കും. കേരളപഠനത്തിന്റെ പ്രധാന സവിശേഷതകള്‍.
കേരളത്തിലെ എല്ലാ പഞ്ചായത്ത് നഗരസഭകളിലുമായി കൃത്യവും ശാസ്ത്രീയവുമായ – ഇന്നത്തെ കേരളത്തിന്റെ പരിച്ഛേദമായ സാമ്പിള്‍ അനൗപചാരികമായ സൗഹാര്‍ദ്ധപൂര്‍ണമായി സ്വാഭാവിക അന്തരീക്ഷത്തില്‍ കുടുംബചര്‍ച്ചയിലൂടെ ചോദ്യാവലി ഉപയോഗിച്ച് സമഗ്രമായ വിവര ശേഖരണം പരിശീലനം ലഭിച്ച പരിഷത്ത് പ്രവര്‍ത്തകരുടെ പഠനസംഘങ്ങള്‍- സര്‍വേ ടീമുകള്‍വി ദഗ്തരുടെ പങ്കാളിത്തവും ഓണ്‍ലൈന്‍-ഡിജിറ്റല്‍ സങ്കേതങ്ങളുടെ ഉപയോഗവും കണിശതയും ശാസ്ത്രീയതയും ഉറപ്പുവരുത്തുന്നു. മുന്‍വിധികള്‍ സ്വാധീനിക്കാത്ത പഠനരീതി ജനകീയവും സന്നദ്ധാടിസ്ഥാനത്തിലുള്ള പഠനക്കൂട്ടായ്മ പരിഷത്ത് അംഗങ്ങളുടെ സംഭാവനയിലൂടെ (ഒരംഗം 50 രൂപ) വിഭവസമാഹരണത്തിന്റെ മുഖ്യഭാഗം 2018 ഏപ്രില്‍ മാസത്തിലാണ് ഫീല്‍ഡ് തലവിവരശേഖരണം. ഓരോ പഞ്ചായത്തിലും, നഗരസഭയിലും നറുക്കെടുപ്പ് രീതിയില്‍ ലഭിച്ച വീടുകള്‍ കണ്ടെത്തി കുടുംബാംഗങ്ങളെ സര്‍വേക്കൊരുക്കുന്ന പ്രവര്‍ത്തനത്തില്‍ യൂണിറ്റുകളുടെ ശ്രദ്ധാപൂര്‍വ്വമായ മുന്നൊരുക്കവും ഇടപെടലും നിര്‍ണായകമാണ്. സര്‍വേ ടീം അംഗങ്ങള്‍ കൃത്യമായി പരിശീലനം നേടിയിരിക്കണം. സ്ത്രീപങ്കാളിത്തം നിര്‍ബന്ധമാണ്. കേരളത്തിലെ എല്ലാ പ‍ഞ്ചായത്തുകളിലും നഗരസഭകളിലും സര്‍വേ നടത്തേണ്ടതുണ്ട് എന്നതാണ് ഈ പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പരിഷത്ത് അത് ഏറ്റെടുക്കുന്നത് നമ്മുടെ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥതയുടേയും സന്നദ്ധതയുടേയും ബലത്തിലാണ്. ആദിവാസികള്‍, തീരവാസികള്‍, തോട്ടം തൊഴിലാളികള്‍, ഇതരസംസ്ഥാനതൊഴിലാളികള്‍ എന്നിവര്‍ക്കിടയില്‍ പ്രത്യേക പഠനങ്ങളും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഈ പഠനത്തിന്റെ ഭാഗമായി തുടര്‍ന്ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *