പരിഷത്ത് കാസർകോട് ജില്ലാ കൺവെൻഷൻ

0

ജില്ലാ കൺവെൻഷൻ ആമുഖ ഭാഷണം പി.പി. ബാബു മാസ്റ്റർ

ശാസ്ത്ര സംവാദസദസ്സുകളുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കാഞ്ഞങ്ങാട്

പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണമെന്ന കാലികമായ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരളശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിലെ 250 കേന്ദ്രങ്ങളിൽ ശാസ്ത്ര സംവാദസദസ്സുകളൊരുക്കുന്നു. മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെയാണ് സംവാദസദസ്സുകൾ .
വായനശാലകൾ, തൊഴിലിടങ്ങൾ, വീട്ടുമുറ്റങ്ങൾ, ഹൗസിംഗ് കോളനികൾ, തെരുവുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംവാദസദസ്സുകൾ നടക്കുക. ഇതിൻ്റെ സംസ്ഥാന പരിശീലനവും മൊഡ്യൂൾ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.
കാഞ്ഞങ്ങാട് മേലാങ്കോട്ട് നടന്ന പരിഷത്ത് കാസർകോട് ജില്ലാ കൺവെൻഷനിൽ ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നാല് മേഖലകളിലും നടത്താൻ തീരുമാനമായി.

രാജ്യത്തിൻ്റെ വളർച്ചയ്ക്കായി ശാസ്ത്രീയ സമീപനത്തിന് പകരം അന്ധവിശ്വാസം, വർഗ്ഗീയത, മതതീവ്രവാദം എന്നിവയ്ക്കാണ് ഇപ്പോൾ മേൽക്കൈ ലഭിക്കുന്നത്. പഠന ഗവേഷണ പദ്ധതികളാകെ കപടശാസ്ത്രങ്ങളുടെ പ്രോത്സാഹനത്തിനായി വഴിമാറുകയാണ്,.ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സു പോലും നിർത്തലാക്കുന്നു. പൗരബോധത്തിൽ നിന്ന് പ്രജാ ബോധത്തിലേക്ക് ജനങ്ങളെയാകെ നയിക്കുകയാണ്,.ഇന്ത്യയിലെ നാനാവിധ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ഏകദൈവം, ഏക ഭാഷ, ഏക വിശ്വാസം, ഏക സിവിൽകോഡ്, ഏക തെരഞ്ഞെടുപ്പ് ഇതെല്ലാം ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനു വേണ്ടിയാണ് പരിഷത്ത് ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കുന്നത്.

എ സി കണ്ണൻ നായർ സ്മാരക ഗവ. യു പി സ്കൂളിൽ നടന്ന കൺവെൻഷൻ പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണമെന്ന ആമുഖ അവതരണം നടത്തിക്കൊണ്ട് പരിഷത്ത് സംസ്ഥാന ട്രഷറർ പി പി ബാബു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമ്മേളന തീരുമാനങ്ങൾ നിർവ്വാഹക സമിതിയംഗം ഡോ.എം വി ഗംഗാധരൻ റിപ്പോർട്ട് ചെയ്തു.ജില്ലാ സെക്രട്ടരി പി പി രാജൻ ജില്ലാ റിപ്പോർടിംഗും പ്രൊഫ.എം ഗോപാലൻ ആസന്നഭാവി അവതരണവും നടത്തി.തുടർന്ന് 4 മേഖലകളായി തിരിഞ്ഞ് പ്രവർത്തനങ്ങളുടെ ചർച്ചയും അവതരണവും നടന്നു. യൂനിറ്റ് കൺവെൻഷനും യുവ സമിതി പ്രവർത്തനങ്ങളും നിർവ്വാഹക സമിതിയംഗം എം ദിവാകരനും അംഗത്വം, സാമ്പത്തികം എന്നിവ കെ പ്രേംരാജും വിശദീകരിച്ചു.
ജില്ലാ പ്രസിഡണ്ട് വി ടി കാർത്യായനി അധ്യക്ഷയായിരുന്നു.
കെ കെ രാഘവൻ, ഉണ്ണിക്കൃഷ്ണൻ നീലേശ്വരം,സുരേഷ് പയ്യങ്ങാനം, കെ സുകുമാരൻ, ലിഖിൽ
അശോകൻ ബി, രതീഷ് കെ, ജോയ്സ് ജോസഫ്, മധുസൂദനൻ വി, ബിനീഷ് മുഴക്കോം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *