ഡി.എല്‍.എഫ് ഫ്ലാറ്റ് – ഹൈക്കോടതി വിധി നിരാശാജനകം

0

dlf-chilavannoor-flat
നിയമവിരുദ്ധമായി കായല്‍ കയ്യേറി നിര്‍മിച്ച കൊച്ചിയിലെ ഡി.എല്‍.എഫ് ഫ്ലാറ്റ് പൊളിച്ച് നീക്കേണ്ടതില്ലെന്നും, ഒരു കോടിരൂപ പിഴ ഈടാക്കിയാല്‍ മതിയെന്നുമുള്ള കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധി അത്യന്തം നിരാശാജനകമാണ്. വിധിക്കെതിരെ സുപ്രീംകോടതിയില്‍ കേരളസര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.
വേമ്പനാട്ടുകായലിന്റെ ഭാഗമായ ചിലവന്നൂര്‍ കായലിലാണ് ഡി.എല്‍.എഫ് കമ്പനി അനധികൃത നിര്‍മാണം നടത്തിയിട്ടുള്ളത്. പരിസ്ഥിതി നിയമങ്ങളെയെല്ലാം വെല്ലുവിളിച്ച് നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച്  കെട്ടിടം പൊളിച്ച് നീക്കേണ്ടതില്ലെന്നും പിഴയടച്ചാല്‍ മതിയെന്നും വിധി പ്രസ്താവിച്ചിട്ടുള്ളത്. നിയമവിരുദ്ധമായി നിർമാണങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ എടുക്കുന്നതിനുള്ള നിര്‍ദേശം കേസില്‍ പരിഗണിച്ചതായി കാണുന്നില്ല. തീരദേശ നിയന്ത്രണ നിയമമടക്കമുള്ള പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചിട്ടുണ്ട് എന്ന് കോടതി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ നാമമാത്രമായ പിഴചുമത്തി നിർമാണം ക്രമവൽക്കരിക്കുന്നത് നിയമലംഘനങ്ങൾക്കും തുടര്‍ന്നുള്ള പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്കും പ്രേരകമാകാനിടയുണ്ട്.
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധാരണ അനധികൃത നിര്‍മാണം പോലെ പരിഗണിക്കാനാവില്ലെന്നും അത് പൊളിച്ചു നീക്കുകതന്നെ വേണമെന്നും ഇതേ കോടതിയുടെ ഡിവിഷന്‍ ബഞ്ച് മുമ്പ് വിധി പ്രസ്താവിച്ചിട്ടുണ്ട്. വേമ്പനാട്ടുകായലിലെത്തന്നെ വെറ്റിലത്തുരുത്തിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് കെ.എം. ജോസഫും ജസ്റ്റിസ് കെ.ഹരിലാലും ഇങ്ങനെ വിധിച്ചത്. ബഹു സുപ്രിം കോടതി ഇത് പിന്നീട് ശരിവയ്ക്കുകയും ചെയ്തു. ഈ അനധികൃത നിര്‍മാണം ഇതുവരെയും പൊളിച്ചുമാറ്റാന്‍  അധികൃത‍ര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് മറ്റൊരു കാര്യം.
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 315 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുണ്ടായിരുന്ന വേമ്പനാട്ടുകായല്‍ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും 179 ചതുരശ്ര കിലോമീറ്റര്‍ ആയി കുറഞ്ഞു. വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിയമപ്രകാരവും അല്ലാതെയും നടന്ന പ്രവര്‍ത്തനങ്ങളാണ് ഈരീതിയില്‍ കായലിനെ ചുരുക്കിക്കളഞ്ഞത്. ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ കായലിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. ഇതിന്റെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് വളരെ പ്രാധാന്യത്തോടെ പരിപാലിക്കേണ്ട റംസാര്‍ സൈറ്റായി  ഇത്‌ പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴത്തെ കോടതി വിധി അനധികൃത കയ്യേറ്റങ്ങള്‍ക്ക് പ്രചോദനമാകുകയേയുള്ളൂ. ഒരു കാരണവശാലും പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്ന ഇത്തരം കയ്യേറ്റ നിര്‍മാണങ്ങള്‍ ക്രമവല്‍ക്കരിക്കരുത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഈ കേസില്‍ അപ്പീല്‍ നല്‍കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യര്‍ഥിക്കുന്നു.

ഡോ.കെ.പി.അരവിന്ദന്‍    പി.മുരളീധരന്‍
പ്രസിഡണ്ട്    ജനറല്‍സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *