പാരിഷത്തികം@ പാലായി മേഖലാതല സഹവാസ ക്യാമ്പ്

0

ഉദ്ഘാടന ക്ലാസ് വി.വി.ശ്രീനിവാസൻ മാഷ്

പാരിഷത്തികം@ പാലായി മേഖലാതല സഹവാസ ക്യാമ്പ് സമാപിച്ചു.
മാർച്ച് 29, 30 തീയ്യതികളിലായി പാലായി ALPS ൽ സംഘടിപ്പിച്ച സഹവാസ ക്യാമ്പ് വിജയകരമായി സമാപിച്ചു. സംഘടനയിലേക്ക് പുതുതായി വന്നവർക്കുള്ള സംഘടനാവിദ്യാഭ്യാസ പരിപാടിയായിരുന്നു ക്യാമ്പിൻ്റെ ലക്ഷ്യം. പാരിഷത്തികത എന്തെന്ന് നേരിട്ട് അനുഭവിച്ചറിയുന്നതിനു വേണ്ടിയാണ് സഹവാസക്യാമ്പായി സംഘടിപ്പിച്ചത്. പങ്കാളിത്തത്തിൽ അല്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും നീലേശ്വരം യൂണിറ്റിലെ പ്രവർത്തകരും മേഖലയിലെ മുതിർന്ന പ്രവർത്തകരും ഒത്തു പിടിച്ചപ്പോൾ മറ്റു യൂണിറ്റുകളിലെ പ്രവർത്തകർക്ക് പിടിച്ചു നിൽക്കാനായില്ല. മേഖലാ സെക്രട്ടറിക്ക് പുറമേ 5 പേരാണ് യൂണിറ്റ് സെക്രട്ടറിമാരെയും പ്രസിഡണ്ടുമാരെയും മാറി മാറി വിളിച്ചത്. വിളിശല്യം കൂടിയതുകൊണ്ടാകാം ഒന്നാം ദിവസം 48 പേർ ക്യാമ്പിനെത്തി. പരമാവധി 40 പേരാണ് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നത്. ഉദ്ഘാടകൻ എത്താൻ അല്പം വൈകിയതു കൊണ്ട് നിശ്ചയിച്ചതിലും 50 മിനിറ്റ് വൈകിയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. സംഘാടക സമിതി ചെയർമാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖലാ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായ മുൻ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻമാഷിൻ്റെ പരിഷത്തും പാരിഷത്തികതയും എന്ന വിഷയത്തിലുള്ള ക്ലാസ്സ് പുതിയ പ്രവർത്തകർക്ക് ആവേശമുണർത്തുന്നതും പഴയ പ്രവർത്തകർക്ക് ഓർമ്മ പുതുക്കലുമായി. 5 മണിക്കുള്ള ഇടവേളയിൽ കണ്ണൻമാഷിൻ്റെ പറമ്പിൽ നിന്നുള്ള കപ്പയും കാന്താരിച്ചമ്മന്തിയും. അതിനു ശേഷം ഗ്രാമസഞ്ചാരത്തിനിറങ്ങിയ പ്രതിനിധികൾ പാലായി ഗ്രാമത്തിൻ്റെ പ്രകൃതി സൗന്ദര്യം ആവോളം നുകർന്നു. ക്ലാസ്സ് മുറിക്ക് വെളിയിൽ തുറന്ന അന്തരീക്ഷത്തിലായിരുന്നു അടുത്ത സെഷൻ. കലാസന്ധ്യ എന്നു പേരിട്ട ഈ സെഷൻ നിയന്ത്രിച്ചത് പരിഷത്ത് കലാജാഥയിലെ ജില്ലയുടെ സ്ഥിരം സാന്നിധ്യമായിരുന്ന പപ്പൻ മാഷായിരുന്നു. കലാജാഥ തുടങ്ങിയതു മുതൽ ഇതുവരെയുള്ള ഓരോ ജാഥയുടെയും പേരെടുത്ത് പറഞ്ഞ്, അവതരിപ്പിച്ച ഭാഷകൾ പറഞ്ഞ്, ഓരോ ഭാഷകളിലും പാട്ടുപാടി , ഓരോ സ്ഥലത്തെയും അനുഭവങ്ങൾ പറഞ്ഞ് കത്തിക്കയറിയ ആ സെഷന് കൊഴുപ്പുകൂട്ടാൻ പാട്ടത്തിൽ രാമചന്ദ്രൻ, വിശ്വാസ് നീലേശ്വരം, കെ വി കെ എളേരി തുടങ്ങിയ മുൻ കലാജാഥാ അംഗങ്ങളും തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി ഗീത , നിർവാഹക സമിതിയംഗം സിന്ധു, നീലേശ്വരം യൂണിറ്റ് പ്രസിഡണ്ട് ഉണ്ണിയേട്ടൻ, മേഖലാ ട്രഷറർ ഭാസ്കരേട്ടൻ എന്നിവരും കൂടിയപ്പോൾ കലാസന്ധ്യ അവിസ്മരണീയമായി. ശേഷം ലളിതമെങ്കിലും പോഷക സമൃദ്ധമായ രാത്രി ഭക്ഷണം. കഞ്ഞിയും പയറും ചെമ്മീൻ ചമ്മന്തിയും. ഭക്ഷണ ശേഷം ഓപ്പൺ ഫോറം (ചോദിക്കൂ പറയാം ). ജില്ലയിലെ മുതിർന്ന പ്രവർത്തകരായ വി ടി കെ , ശാന്ത ടീച്ചർ, ഗോപാലൻ മാഷ് എന്നിവർ പാനൽ അംഗങ്ങളായപ്പോൾ കെ കെ രാഘവൻ മാഷ് മോഡറേറ്ററായി. 9.45 ന് പരിപാടി നിർത്തുമ്പോൾ പരിഷത്തിൻ്റെ ആരോഗ്യം, വിദ്യാഭ്യാസം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിലെ ഇടപെടലുകളെക്കുറിച്ചും നിലപാടുകളെക്കുറിച്ചുമുള്ള ഒട്ടേറെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ മറുപടി നൽകിക്കഴിഞ്ഞിരുന്നു. തുടർന്ന് വനിതകൾ തൊട്ടടുത്ത വീടുകളിലേക്കും പുരുഷൻമാർ ക്ലാസ്സ്മുറികളിലേക്കും യാത്രയായി. മറ്റൊരു ക്യാമ്പിലും ലഭിക്കാത്ത ബെഞ്ചിന് മുകളിൽ തോർത്ത് വിരിച്ചുള്ള കിടത്തം ഒരിക്കൽ കൂടി.
രണ്ടാം ദിവസം രാവിലെ 6 മണിക്ക് പാലായി പാലത്തിലൂടെ അരയാക്കടവിലേക്കും തിരിച്ചുമുള്ള നടത്തം. അതിനിടയിൽ ഒരു പാട് വെടികൾ. പലതും ഉണ്ടയില്ലാത്തത്. ഭക്ഷണ ശേഷം ആദ്യത്തെ സെഷൻ തുടങ്ങുമ്പോൾ 10 മണി. അപ്പോഴേക്കും 38 പേർ ഹാജർ. പരിഷത്ത് കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രദീപൻ മാഷിൻ്റെ വിശ്വാസവും പരിഷത്തും എന്ന വിഷയത്തിലുള്ള ക്ലാസ്സായിരുന്നു ആദ്യം. ഇടപെടൽ രീതിയിൽ മുന്നേറിയ ക്ലാസ്സിൽ ചോദ്യങ്ങൾക്കും ഉപ ചോദ്യങ്ങൾക്കും ഒരു ക്ഷാമവുമുണ്ടായില്ല. നിർമ്മിത ബുദ്ധി സാധ്യതകൾ എന്ന വിഷയത്തിലുള്ള ലിഖിലിൻ്റെ ക്ലാസ്സായിരുന്നു അടുത്തത്. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ സോദാഹരണം വ്യക്തമാക്കിയപ്പോൾ പലരും വാ പൊളിച്ചിരുന്നു പോയി. പരിഷത്തും പരിഷത്തുൽപ്പന്നങ്ങളും എന്ന വിഷയത്തിലുള്ള AMB യുടെ അവതരണമായിരുന്നു അടുത്തത്. ബദൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കേണ്ടി വന്ന സാഹചര്യവും അത് പ്രചരിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും വിശദീകരിച്ചു. തുടർന്ന് ഭാവിപ്രവർത്തനരേഖ അവതരണത്തിനും ക്യാമ്പ് അവലോകനത്തിനും ശേഷം കൃത്യം 2 മണിക്ക് ക്യാമ്പ് സമാപിച്ചു. ശേഷം പായസമടക്കമുള്ള ഉച്ച ഭക്ഷണം.
നീലേശ്വരം യൂണിറ്റിൻ്റെയും സംഘാടക സമിതിയുടെയും സജീവമായ ഇടപെടൽ തന്നെയാണ് ഈ ക്യാമ്പിൻ്റെ വിജയത്തിനാധാരം. പാലായി ഗ്രാമത്തിൻ്റെ സ്നേഹവും ഊഷ്മളതയും നേരിട്ടനുഭവിച്ചറിയാൻ ഈ ക്യാമ്പിലൂടെ സാധിച്ചു എന്നത് നിസ്തർക്കമാണ്. ഈ ക്യാമ്പോർമ്മ ഓരോ പരിഷത് പ്രവർത്തകൻ്റെയും മനസ്സിൽ മായാതെ നിൽക്കും. തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *