ഡോ. അമിത്‌സെന്‍ ഗുപ്തയ്ക്ക് ആദരാഞ്ജലികള്‍

0

ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ ശൃംഖലയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. അമിത്‌സെന്‍ ഗുപ്ത നവംബര്‍ 28 ന് അന്തരിച്ചു. 60 വയസ്സായിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ലോകജനാരോഗ്യസഭയില്‍ പങ്കെടുത്തു വന്നതേയുണ്ടായിരുന്നുള്ളൂ. ഗോവയില്‍ കുടുംബവുമൊത്ത് വിനോദയാത്രയ്ക്കു വന്ന ഡോ. അമിത്‌സെന്‍ ഗുപ്ത അവിടെവച്ചാണ് അന്തരിച്ചത്.
ബംഗാളിയായ അമിത്‌സെന്‍ ഗുപ്ത 90 കള്‍മുതല്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്നു. ഡല്‍ഹി സയന്‍സ് ഫോറം, സാങ്കേതിക വികസനകേന്ദ്രം (Centre for Technology and Development), ജന്‍സ്വാസ്ഥ്യ അഭിയാന്‍, വേള്‍ഡ് സോഷ്യല്‍ഫോറം എന്നീ സംഘടനകളിലെല്ലാം ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ഒരു ഡോക്ടറായിരുന്ന അദ്ദേഹം ജനകീയാരോഗ്യനയം രൂപപ്പെടുത്തുന്നതില്‍ കാര്യമായ സംഭാവനകള്‍ നല്‍കി.
ഡോ. അമിത്‌സെന്‍ ഗുപ്ത 1988-ല്‍ കണ്ണൂരില്‍വച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്രശൃംഖല (AIPSN) രൂപീകൃതമായതു മുതല്‍ അതിന്റെ നിര്‍വാഹകസമിതി അംഗമായിരുന്നു. ഡിസംബര്‍ 2008 മുതല്‍ ഡിസംബര്‍ 2010 വരെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
DSF ലും CTDയിലും ആരോഗ്യനയങ്ങളും ഔഷധനയങ്ങളുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളിലുമുള്ള ഒട്ടേറെ ഗവേഷണപദ്ധതികള്‍ക്കദ്ദേഹം നേതൃത്വം നല്‍കി. 2003 മുതല്‍ വേള്‍ഡ് സോഷ്യല്‍ ഫോറത്തിന്റെ അന്താരാഷ്ട്ര കൗണ്‍സിലില്‍ അംഗമായ അദ്ദേഹം 2004-ല്‍ WSFമുംബൈയും തുടര്‍ന്നുള്ള WSF സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതില്‍ സജീവ നേതൃത്വം നല്‍കി. WSF നോടൊപ്പം ശാസ്ത്രവും ജനാധിപത്യവും എന്ന പ്രത്യേക കൂട്ടായ്മ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നില്‍നിന്നു. പീപ്പിള്‍സ് ഹെല്‍ത്ത് ആക്ഷന്‍ (PHA) ഒരു ശ്രദ്ധിക്കപ്പെടുന്ന ജനകീയപ്രസ്ഥാനമായി വളരുന്നതില്‍ അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി.
ഡോ. അമിത്‌സെന്‍ ഗുപ്ത ആരോഗ്യം, ശാസ്ത്രപ്രസ്ഥാനങ്ങള്‍, സാമൂഹ്യപ്രാധാന്യമുള്ള മറ്റു വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാന്തരം ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ഒട്ടേറെ സംഘടനകളുടെ ഭാഗമായി ലോകംമുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യക്ക് പൊതുവേയും വിശിഷ്യ ശാസ്ത്രപ്രസ്ഥാനങ്ങള്‍ക്കും അദ്ദേഹത്തില്‍നിന്ന് കൂടുതല്‍ സംഭാവനകള്‍ വേണ്ടിവരുന്ന ഘട്ടത്തിലുള്ള ഈ മരണം അപ്രതീക്ഷിതവും ദുഃഖമുണ്ടാക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *